അബൂസുലൈമാന്‍ ദാവുദുബ്നു അലിയ്യുബ്നുല്‍ ഇസ്ഫഹാനി എന്ന ദാവൂദുള്ളാഹിരി എന്ന പണ്ഡിതന്‍ ആണ് ഈ മദ്ഹബിന്നു ശില പാകിയത്. ഹി: 202-ല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. ആദ്യകാലങ്ങളില്‍ ശാഫീ മദ്ഹബുകാരനായിരുന്നുവെങ്കിലും പില്‍കാലത്ത് സ്വന്തം ആശയങ്ങള്‍ അടിസ്ഥാനപരമായി രൂപ പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ശാഫി ശിഷ്യന്‍മാരില്‍ നിന്ന് ദാവൂദ് വിജ്ഞാനം കരസ്ഥമാക്കിയിട്ടുണ്ട്. നിവേദനങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കും വലിയ സ്ഥാനം കല്‍പിച്ച ഇദ്ദേഹം വിശ്വസ്തരായ നിവേദകന്‍മാരില്‍നിന്ന് സുന്നത്ത് പഠിച്ചു.
പിന്നീട് ശാഫി മദ്ഹബുപേക്ഷിച്ച് പുതിയ മദ്ഹബ് സ്ഥാപിച്ചു. ഇതാണ് ‘ളാഹിരി മദ്ഹബ്’. പ്രമാണങ്ങളുടെ നേര്‍ക്കുനേര്‍ അര്‍ഥം മാത്രം സ്വീകരിക്കുക എന്നതായിരുന്നു ളാഹിരിയുടെ രീതി. ഖിയാസിനെ തള്ളിപ്പറഞ്ഞ ആദ്യ ഫഖീഹും ദാവൂദുള്ളാഹിരി ആയിരുന്നു. ഇതായിരുന്നു അദ്ദേഹത്തെ അനഭിമതനായ പണ്ഡിതന്‍ ആക്കി മാറ്റിയ ഏറ്റവും വലിയ കാരണം.
‘ഇമാം ശാഫിയെപ്പോലുള്ളവര്‍ ഖിയാസ് പ്രമാണമാണെന്ന് പറയുമ്പോള്‍ നിങ്ങളെങ്ങനെ അത് സ്വീകാര്യയോഗ്യമല്ല എന്നു പറയും?’ ചിലരദ്ദേഹത്തോടു ചോദിച്ചു. ‘ഇസ്തിഹ്സാന്‍ പ്രമാണമല്ലെന്ന് പറയാന്‍ ശാഫി ഇമാം സ്വീകരിച്ച തെളിവാണ് ഞാന്‍ സ്വീകരിച്ചത്. ഇതേ തെളിവുതന്നെയാണ് ഖിയാസ് പ്രമാണമല്ലെന്നതിനുമുള്ളത്’. ഇങ്ങിനെയാണ് ദാവൂദ് ലാഹിരി മറുപടിപറഞ്ഞത്.
ഇമാം നവവി യുടെ അദ്കാറില്‍ പറഞ്ഞിട്ടുണ്ട് മുഹക്ഖീങ്ങള്‍ ആയ ഉലമാക്കള്‍ ദാവൂദിന്‍റെ അഭിപ്രായ വ്യത്യാസം പരിഗണിക്കുമായിരുന്നില്ല. അദ്ധേഹത്തിന്റെ എതിര്‍പ്പ് കൊണ്ട് ഇജ്മാഉ നഷ്ടപ്പെടുകയുമില്ല.
ഇമാമുല്‍ ഹരമൈനി , ഖാളി ഹുസൈന്‍ തുടങ്ങിയ ഷാഫി പണ്ഡിതന്മാര്‍ ദാഹിരിയത്തിന്റെ അഭിപ്രായ ഭിന്നതയെ തീരെ പരിഗണിക്കരുത് എന്ന നിലപാട് കാരാണ്.
ഉസ്താദ് അബീ ഇസ്ഹാഖ് അല്‍
ഇസ്ഫറായിനി അധികരിച്ച പണ്ടിതരില്‍ നിന്നും ഉദ്ധരിച്ചു പറയുന്നത് “ ഖിയാസിനെ നിഷേധിക്കുന്ന ഇക്കൂട്ടര്‍ ഇജ്തിഹാദിന്റെ പദവിയിലേക്ക് ഒരു നിലക്കും എത്തു കയില്ല.അവരെ ഒരു നിലക്കും പിന്തുടരുവാന്‍ പറ്റില്ല.
ബുദ്ധികൊണ്ട് നിയമമുണ്ടാക്കലാണ് ഖിയാസ് എന്നരീതിയിലാണ് ഖിയാസ് നിഷേധത്തിനു അദ്ദേഹം ന്യായീകരണം കണ്ടത്തിയത്. ഖിയാസ്, , ഇസ്തിസ്വ്ഹാബ് തുടങ്ങിയ അടിസ്ഥാന രേഖകളെ നിഷേധിക്കുന്ന ഈ മദ്ഹബിന് മൂന്ന്-നാല് നൂറ്റാണ്ടുകളില്‍ സാധാരണ ജനങ്ങളില്‍ ഹമ്പലി മദ്ഹബിനേക്കാള്‍ പ്രചാരമുണ്ടായിരുന്നു. പക്ഷെ സമകാലീനരും പില്‍കാലക്കാരുമായ പണ്ഡിതന്മാര്‍ ഈ മദ്ഹബിലെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടുകയും ജനങ്ങള്‍ സത്യം മനസ്സിലാക്കി അകന്നു നില്‍ക്കുകയും ചെയ്തു.
ളാഹിരി മദ്ഹബില്‍ ഏറ്റവും പ്രശസ്തനായ പണ്ഡിതന്‍ ഹി: 384-456 കാലഘട്ടത്തില്‍ ജീവിച്ച ഇബ്നു ഹസ്മ് ആണ്. ഇദ്ദേഹം രചിച്ച ‘അല്‍മുഹല്ല’, ‘അല്‍ ഇഹ്കാം ഫീ ഉസ്വൂലില്‍ അഹ്കാം’ എന്നീ ഗ്രന്ഥങ്ങള്‍ അവരുടെ മദ്ഹബ് പ്രചാരണത്തില്‍ സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. ഇസ്ലാമിക ഫിഖ്ഹ് ഖുര്‍ആന്റെയും സുന്നത്തിന്റെയും മാത്രം അടിസ്ഥാനത്തിലാണ് അവയില്‍ വിശകലനം ചെയ്യുന്നത്.
ളാഹിരി മദ്ഹബ് നിലനിര്‍ത്താന്‍ രചനകളിലൂടെ അത്യധ്വാനം ചെയ്ത ഇബ്നു ഹസ്മിന് പക്ഷേ കാലഹരണത്തില്‍ നിന്ന് അതിനെ രക്ഷിക്കാന്‍ സാധിച്ചില്ല. എന്നാലും അദ്ദേഹം രേഖപ്പെടുത്തിയ വിധികളും അവക്കു സ്വീകരിച്ച മാനദണ്ഡങ്ങളും ഇന്നും നിലനില്‍ക്കുന്നു.
ളാഹിരികളില്‍ ഇബ്നു ഹസ്മ് ദാവൂദുളാഹിരിയേക്കാള്‍ മുന്നിലായിരുന്നു. പലപ്പോഴും ദാവൂദിന്റെ പല അഭിപ്രയങ്ങളെയും അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. എതിരാളികള്‍ക്കു മറുപടി പറയുന്നതില്‍ കര്‍ക്കശ നിലപാട് സ്വീകരിച്ചു. ഈ ശക്തിയേറിയ വിമര്‍ശന ശരങ്ങള്‍ക്കിരയായവരില്‍ മുന്‍ഗാമികളും സമകാലികരുമായ മഹാപണ്ഡിതന്മാരുമുണ്ടായിരുന്നു. ഈ സന്ദര്‍ഭത്തില്‍ അന്ദുലുസിലെ അബുല്‍ വലീദുസ്സാജിയെപ്പോലുള്ള മാലികീ പണ്ഡിതന്‍മാര്‍ ശക്തമായ മറുപടിയുമായി ഇബ്നു ഹസ്മിനെതിരെ രംഗത്ത് വന്നിരുന്നു.
എതിര്‍പ്പുമൂലം ജനങ്ങള്‍ ഇബ്നു ഹസ്മിന്റെ ഗ്രന്ഥങ്ങള്‍ അഗ്നിക്കിരയാക്കി. ഇത്തരം വലിയ ദുരന്തങ്ങള്‍ക്കിടയിലാണദ്ദേഹം ഇഹലോകത്തോട് വിടപറഞ്ഞത്. പില്‍ക്കാലത്ത് ളാഹിരി മദ്ഹബിന് അനുയായികളുണ്ടായില്ല. എങ്കിലും ളാഹിരികളുടെ ഗ്രന്ഥങ്ങള്‍ക്ക് ഇന്നും പ്രചാരമുണ്ട്.