സാൻഫ്രാൻസിസ്കോ

നയാഗ്ര ജലപാതത്തിനടുത്തുള്ള ബഫല്ലോ എയർപോർട്ടിൽ നിന്ന് ഡെൽറ്റാ എയറിന്റെ വിമാനത്തിലായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യമായ സാൻഫ്രാൻസിസ്കോ യാത്ര ….. അമ്പതു സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന അമേരിക്കയിലെ ഓരോ സംസ്ഥാനങ്ങൾ തമ്മിലുള്ള ദൈർഘ്യം ഏറെക്കുറെ മനസ്സിലാക്കാൻ സാധിച്ചത് ഈ യാത്രയ്ക്കുശേഷമാണ്…. ഏകദേശം അഞ്ചോ ആറോ മണിക്കൂർ നീണ്ടു നിന്ന വിമാന
യാത്ര അല്പം സാഹസികത നിറഞ്ഞതായിരുന്നു … ഫ്ലൈറ്റ് യാത്രക്കാരുടെ പേടിസ്വപ്നമായ ടെർബുലൻസിന്റെ യഥാർത്ഥ ഭീകരത അന്നാണ് ഞങ്ങൾ തിരിച്ചറിഞ്ഞത്…. ക്യാപ്റ്റൻ ഇടയ്ക്കിടെ സുരക്ഷാ നിർദ്ദേശങ്ങൾ തരുന്നതും യാത്രക്കാരുടെ ഭീതി കൂട്ടാൻ കാരണമായി.
…സുരക്ഷിതമായി വിമാനം യഥാസ്ഥാനത്ത് ഇറക്കിയ പൈലറ്റിനെ കരഘോഷങ്ങളോടെയായിരുന്നു യാത്രക്കാർ അനുമോദിച്ചത് …. അപകടമൊന്നും കൂടാതെ ലക്ഷ്യ സ്ഥാനത്ത് എത്തിയ ഞങ്ങളും ആ സന്തോഷത്തിൽ പങ്കാളികളായി…

പസഫിക് മഹാസമുദ്രത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന കാലിഫോർണിയയിലെ പ്രധാന പട്ടണമാണ് സാൻഫ്രാൻസിസ്കോ… തദ്ദേശീയരായ അമേരിക്കൻ പൗരന്മാരെക്കാളും ഇവിടുത്തെ ജനസംഖ്യയിൽ ഭൂരിഭാഗവും വിവിധരാജ്യങ്ങളിൽ നിന്നും കുടിയേറിവരാണ്.. ഇങ്ങനെ വ്യത്യസ്ത രാഷ്ട്രങ്ങളിലെ ജനതയെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മഹാനഗരമാണ് സാൻഫ്രാൻസിസ്കോ…. ആധുനികതയോടൊപ്പം ചരിത്രത്തെയും, ചരിത്ര സ്മാരകങ്ങളെയും അതിന്റെ തനിമ ഒട്ടും ചോരാതെ കാത്തു സൂക്ഷിക്കുന്നതിൽ അവർ ബദ്ധശ്രദ്ധരാണ്….
സാൻഫ്രാൻസിസ്കോയിലെ പ്രസിദ്ധമായ യൂണിയൻ സ്ക്വയറി ലെ ‘ഹാൻഡ്ലെറി’ എന്ന ഹോട്ടലിലായിരുന്നു ഞങ്ങളുടെ താമസം ഒരുക്കിയിരുന്നത്…

പിറ്റേദിവസം നിശ്ചയിച്ച ഹോപ്‌ ഓൺ ഹോപ്പ് സിറ്റി ടൂറിൽ പ്രസിദ്ധമായ ഗോൾഡൻഗേറ്റ് ബ്രിഡ്ജ് എന്ന തൂക്കു പാലത്തിലൂടെയായിരുന്നു ഞങ്ങളുടെ യാത്ര… സാൻഫ്രാൻസിസ്കോയിലെ പ്രശസ്തമായ ലാൻഡ്മാർക്കു കളിൽ ഒന്നാണ് ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്…. ഏറെ വെല്ലുവിളികൾ നേരിട്ട പണിത ഈ പാലം ആധുനിക ലോക മഹാത്ഭുതങ്ങളിൽ ഒന്നാണെന്ന് പറയപ്പെടുന്നു…. ലോകത്തിലെതന്നെ ഏറ്റവും നീളം കൂടിയതും വിശാലവുമായ തൂക്കുപാലങ്ങളിൽ ഒന്നാണിത്… ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ് എന്നാണ് പേരെങ്കിലും സ്വർണ്ണവർണ്ണമല്ല മറിച്ച് ചുവപ്പ് കലർന്ന ഓറഞ്ച് നിറമാണ് ഈ കൂറ്റൻ പാലത്തിനുള്ളത്.. പാലത്തിന്റെ ഒരുവശത്ത് സൈക്കിൾ യാത്രക്കാർക്ക് സൗകര്യമൊരുക്കി കൊണ്ട് പ്രത്യേക പാത സജ്ജീകരിച്ചിട്ടുണ്ട്… ആവശ്യക്കാർക്ക് സൈക്കിളുകൾ വാടകയ്ക്ക് എടുക്കാനുള്ള സൗകര്യവും പല ടൂർ പാക്കേജ് കളും പ്രധാനം ചെയ്യുന്നു….രാത്രികാലങ്ങളിൽ പ്രകാശത്തിൽ കുളിച്ചു നിൽക്കുന്ന ഈ പാലത്തിന്റെ കാഴ്ച കണ്ണുകൾക്ക് ദൃശ്യവിരുന്നൊരുക്കുന്നു …..സമുദ്രതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം ആയതിനാൽ എപ്പോഴും ശക്തമായ കാറ്റ് വീശി കൊണ്ടിരിക്കുന്ന കാലാവസ്ഥയാണ് ഇവിടെയുള്ളത് …. ..

സാൻഫ്രാൻസിസ്കോയിലെ കാലാവസ്ഥയും, ഭൂപ്രദേശങ്ങളും ന്യൂയോർക്ക് സിറ്റിയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്…. വളരെ കുത്തനെയുള്ള സാൻഫ്രാൻസിസ്കോയിലെ നിരത്തുകളിലൂടെ ഒരേസമയം കേബിൾ കാറുകളും, ട്രാമുകളും, മറ്റു വാഹനങ്ങളും വലിയ അപകടങ്ങൾ ഒന്നും കൂടാതെ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്നത് വലിയ ആശ്ചര്യത്തോടെയാണ് ഞങ്ങൾ നോക്കി കണ്ടത്… ചിട്ടയോടുകൂടി ആസൂത്രണംചെയ്ത ഗതാഗത നിയമങ്ങളുടെ വിജയവും, അതു വീഴ്ച കൂടാതെ അനുസരിക്കുന്ന ജനതയുടെ കരുതലും കൂടിയാവുമ്പോഴാണ്‌ ഗതാഗതം സുഗമമാവുക എന്ന കാര്യം പറയേണ്ടതില്ലല്ലോ… യാത്രയ്ക്കായി വാഹനങ്ങളെ ആശ്രയിക്കുന്നവരേക്കാൾ ഇരട്ടിയാണ് അവിടെ കാൽനടയായി യാത്രചെയ്യുന്നവർ ….. മിക്കവരും കൂട്ടിനായി വളർത്തുനായ്ക്കളെ കൊണ്ടുനടക്കുന്നവർ… ഇടയ്ക്കിടെ യൂറോപ്യൻ മാതൃകയിൽ പണിതുയർത്തിയ കെട്ടിടങ്ങൾ കാണാം… ടൂറിസ്റ്റ് ജനബാഹുല്യം കൊണ്ടാവാം തെരുവിന്റെ ചില ഭാഗങ്ങൾ വൃത്തിഹീനമാണ്….

സാൻഫ്രാൻസിസ്കോയുടെ തുറമുഖ കാഴ്ചകളിലേക്കായിരുന്നു ഞങ്ങളുടെ അടുത്ത യാത്ര…. സാൻഫ്രാൻസിസ്കോയിലെ പ്രസിദ്ധമായ മാരിടൈം മ്യൂസിയം, അക്വാട്ടിക് പാർക്ക്, ഫിഷർമാൻസ്‌ വാർഫ് എന്നിവ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്…

ഫിഷർമാൻസ് വാർഫ്(Fisherman’s Wharf )

നോക്കത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന കടൽ കാഴ്ചകൾ ആസ്വദിക്കാനും, വ്യത്യസ്ത കടൽ വിഭവങ്ങൾ നുണയാനും അനുയോജ്യമായ പ്രദേശങ്ങളിൽ ഒന്നാണ് ഫിഷർമാൻസ്‌ വാർഫ്….
ചരിത്രപരമായ ഈ നദീതീര പ്രദേശത്തിന് ‘ഫിഷർമാൻസ് വാർഫ്’ എന്ന പേര് ലഭിച്ചത് 1800മാണ്ട് മദ്ധ്യത്തോടുകൂടി ഇവിടെക്ക് കുടിയേറിയ ഇറ്റാലിയൻ മത്സ്യബന്ധന തൊഴിലാളികളിൽ നിന്നാണ്…… ദീർഘനേരം കടലിൽ ജോലി ചെയ്യുന്ന ഈ മത്സ്യബന്ധന തൊഴിലാളികളുടെ വിശപ്പടക്കാൻ നദീത്തിരത്ത്‌ സ്ഥാപിച്ച റസ്റ്റോറന്റ്കൾ ഇന്ന് സാൻഫ്രാൻസിസ്കോയിലെ തനത് രുചികൾ വിളമ്പുന്ന ഭക്ഷണശാലകളായി മാറി ഒരുപാട് ടൂറിസ്റ്റുകളെ ആകർഷിക്കുന്നു….. . അന്നുമുതൽ സാൻഫ്രാൻസിസ്കോയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിൽ ഒന്നായി ഇവിടം മാറുകയായിരുന്നു….ഫിഷർമാൻസ് വാർഫിലെ പ്രസിദ്ധമായ വിഭവങ്ങളിലൊന്നാണ് ഡെങ്കിനെസ് (Dungeness crab )ഞണ്ടുകൾ…. അവിടുത്തെ ഫിഷ് ആൻഡ് ചിപ്സ്സിന്റെ രുചി ഒന്നു വേറെ തന്നെയാണ്‌,, ചോക്ലേറ്റ് സോസിൽ മുക്കിയ സ്റ്റോബറിയും നുണഞ്ഞുകൊണ്ട് കുറച്ചുനേരം പ്രശാന്തസുന്ദരമായ കടൽ കാഴ്ച്ചകളുടെ ലോകത്തേക്ക് ഞങ്ങൾ വിരുന്നുപോയി…


ജെറമിയ ഒബ്രിയൻ’ ലിബർട്ടി കപ്പൽ

ഫിഷർമാൻസ്‌ വാർഫിനു മറ്റൊരു ഭാഗത്താണ് ‘ജെറമിയ ഒബ്രിയൻ ‘ എന്ന കപ്പൽ നങ്കൂരമിട്ടിരിക്കുന്നത് …. രണ്ടാം ലോകമഹായുദ്ധത്തെ അതിജീവിച്ച ചുരുക്കം ചില യുദ്ധക്കപ്പലുകളിൽ ഒന്നാണ് ജെറമിയ ഒബ്രിയൻ… ഇപ്പോൾ അതൊരു മ്യൂസിയമായി സന്ദർശകർക്ക് തുറന്നു കൊടുത്തിരിക്കുന്നു…. ഒരു യുദ്ധക്കപ്പൽ കാണുക എന്നുള്ള എന്റെ ഏറെ കാലത്തെ ആഗ്രഹമാണ് ജെറമിയ ഒബ്രിയനി ലൂടെ സാക്ഷാത്കരിച്ചത്…. അനേകം പടവുകളുള്ള ഒരു ഗോവണിയിലൂടെയാണ് സന്ദർശകർക്ക് കപ്പലിലേക്കുള്ള പ്രവേശനം സാധ്യമാകുന്നത്…. സന്ദർശനത്തിന്റെ ആദ്യവസാനം കപ്പലിന്റെ ചരിത്രവും പ്രത്യേകതകളും വിശദീകരിച്ചുത്തരാൻ ഗൈഡ് കൂടെയുണ്ടായിരുന്നു…. യുദ്ധ സൈനികർ തങ്ങാൻ ഉപയോഗിച്ചിരുന്ന മുറികളും, റേഡിയോ റൂമും, ഭക്ഷണം വിളമ്പുന്ന തീൻമേശകളും, അടുക്കളയും എല്ലാം വളരെ ഭംഗിയായി തന്നെ അവർ സൂക്ഷിച്ചിട്ടുണ്ട്….ചില മുറികളിലേക്ക് സന്ദർശകർക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ടെങ്കിലും പുറമേ നിന്ന് ചിത്രങ്ങൾ പകർത്താൻ അനുവാദമുണ്ട്… കപ്പലിനുള്ളിലെ ഗോവണിയിലൂടെ മുകളിലേക്ക് കയറിയാൽ കപ്പലിന്റെ മുകൾത്തട്ടിലെ കാഴ്ചകൾ കാണാം.. വലിയ വലിയ പുകക്കുഴലുകളും, പെട്ടെന്നൊരു ആക്രമണമുണ്ടായാൽ ചെറുത്തുനിൽക്കാൻ ഉതകുന്ന തരത്തിൽ ആയിരുന്നു മുകൾത്തട്ട് ക്രമീകരിച്ചിരിക്കുന്നത്… പല ഭാഗങ്ങളിലായി തോക്കുകളും സംവിധാനിച്ചിട്ടുണ്ട്… കാഴ്ചകൾക്കൊടുവിൽ പതിവുപോലെ ഗൈഡിനായി വെച്ചുനീട്ടിയ ടിപ്പ് അവർ സന്തോഷപൂർവ്വം നിരസിക്കുകയാണുണ്ടായത്…. നിർബന്ധമെങ്കിൽ കപ്പലിന്റെ അറ്റകുറ്റപ്പണികൾക്കായി സ്ഥാപിച്ചിട്ടുള്ള ചാരിറ്റി ബോക്സിൽ നിക്ഷേപിക്കാൻ ഞങ്ങളോട് അവർ ആവശ്യപ്പെട്ടു… തിരിച്ചുവരുമ്പോൾ കപ്പൽ സംരക്ഷണത്തിന് ജീവനക്കാരെ ആവശ്യമുണ്ടെന്ന് കാണിക്കുന്ന പരസ്യങ്ങൾ പതിച്ച നോട്ടീസ് ബോർഡുകൾ ദൃശ്യമായിരുന്നു… യുദ്ധത്തിന് ഉപയോഗിച്ചിരുന്ന അന്തർവാഹിനി കപ്പലുകളുടെ ചരിത്രങ്ങളും അവിടെ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്… അങ്ങനെ രണ്ടാംലോകമഹായുദ്ധകാലത്തേക്കൊരു യാത്ര നടത്തിയ സംതൃപ്തിയിൽ ഇന്നും ആഢ്യത്വത്തോടെ തല ഉയർത്തി നിൽക്കുന്ന സമുദ്രനായികയോടു യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി….

മുയിർ വുഡ്(Muir wood) ദേശീയോദ്യാനം

അമേരിക്കയിലെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത് ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന വിശാലമായ പച്ചപ്പുനിറഞ്ഞ ഉദ്യാനങ്ങൾ ആണ്…. വടക്കൻ കാലിഫോർണിയയുടെ ഒരു ഒഴിഞ്ഞ മലയിടുക്കിൽ ആണ് പുരാതന റെഡ്‌വുഡ് വൃക്ഷങ്ങളുടെ ശേഖരമായ മുയിർ (muir ) വുഡ്സ് സ്ഥിതിചെയ്യുന്നത്….ആയിരം കൊല്ലം പഴക്കമുള്ളതും, 260 അടി ഉയരത്തിൽ ആകാശംമുട്ടെ വളർന്നുനിൽക്കുന്ന റെഡ്‌വുഡ് വൃക്ഷങ്ങളുടെ അപൂർവ്വ ശേഖരം ഇവിടെ കാണാം…. വനാന്തർ ഭാഗത്തെ ഇരുട്ടും, ശാന്തതയും വൃക്ഷതലപ്പുകളിലൂടെ ലഭിക്കുന്ന സൂര്യപ്രകാശവും കാടിന്റെ ഈണവും ഇവിടെ നമ്മുക്ക് ആസ്വദിക്കാം…. സഞ്ചാരികളുടെ സൗകര്യത്തിനുവേണ്ടി പ്രത്യേക നടപ്പാതകളും, വിശാലമായ പാർക്കിൽ വഴി തെറ്റി പോവാതിരിക്കാനായി വിവിധ പേരുകളും നൽകി ഓരോ പാതകളും തരംതിരിച്ചിട്ടുണ്ട്….

യോസ്മിറ്റേ നാഷണൽ പാർക്ക്(yosemite national park)

മുയിർ വുഡ് പാർക്ക്‌ സന്ദർശനത്തിനുശേഷം ഞങ്ങളുടെ അടുത്ത ലക്ഷ്യമായ യോസ്സെമിറ്റി നാഷണൽ പാർക്കിലേക്ക്… അമേരിക്കയിലെ നാഷണൽ പാർക്കുകളിലെ ‘ക്രൗൺ ജുവൽ’ എന്നറിയപ്പെടുന്ന പാർക്കാണ് യോസ്മിറ്റേ …. യോസ്‌മിറ്റി നാഷണൽ പാർക്കിലേക്കുള്ള യാത്രയിലെ ഡ്രൈവറുടെ ഡ്രൈവിംഗ് മികവിനെ കുറിച്ച് ഇവിടെ പറയാതിരിക്കാൻ വയ്യ.. ഒരു വശത്ത് അഗാധമായ ഗർത്തങ്ങളും, മറുവശത്ത് ഉയർന്ന മലനിരകളും ഉള്ള ഒരു റോഡിലൂടെ ആയിരുന്നു ഞങ്ങളുടെ യാത്ര…. ശ്വാസമടക്കിപ്പിടിച്ച യാത്രയ്ക്കൊടുവിൽ യോസ്മിറ്റേ നാഷണൽ പാർക്കിന്റെ വശ്യതയിലേക്ക്….

വളരെ വലിയ കെട്ടിടങ്ങളും സിറ്റികളും മാത്രം നിറഞ്ഞതാണു അമേരിക്ക എന്ന രാജ്യം എന്നുള്ള എന്റെ ധാരണ യോസ്മിറ്റേ വനപ്രദേശങ്ങളിലേക്കുള്ള യാത്ര കഴിഞ്ഞപ്പോൾ തിരുത്തേണ്ടി വന്നു …. ആയിരം അടി ഉയരത്തിലുള്ള ജലപാതങ്ങളും, കരിങ്കൽ പാറകളും, കുന്നിൻ ചെരിവുകൾ തടാകങ്ങൾ. തെളിനീരുറവകളും ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും ഒക്കെയായി യോസ്മിറ്റ് ടൂർ വ്യത്യസ്തമായ ഒരു അനുഭൂതിയായിരുന്നു.. സമയപരിമിതി ഉള്ളതിനാൽ കുറേ ദൂരം കാൽനടയായിട്ടും കുറെയധികം ദൂരം ബസ്സിൽ ഇരുന്നും, ഇടയ്ക്ക് ഫോട്ടോസ്റ്റോപ്പുകളുമൊക്കെ ആയി ഞങ്ങൾ പാർക്ക് കണ്ടു തീർത്തു.. നോക്കത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന ഗ്രാനൈറ്റ് മലനിരകൾ മലകൾ കീഴടക്കുന്ന സഞ്ചാരികൾക്ക് പ്രിയ മേറിയതാണ്… എൽ കാപിറ്റാൻ, നോർത്ത് ടോം എന്നീ പേരുകളിലാണ് ഈ മലനിരകൾ അറിയപ്പെടുന്നത്….. സ്ഥിരം വഴക്കാളികളായ ഭാര്യയുടെയും ഭർത്താവിന്റെയും മരണശേഷം സംതൃപ്തമല്ലാത്ത അവരുടെ ആത്മാക്കൾ കല്ലുകളായി മാറിയതാണ് നോർത്ത് ഡോമും , ഹാഫ് ഡോമും എന്ന് അമേരിക്കൻ ഇന്ത്യക്കാരുടെ ഇടയിൽ രസകരമായ ഒരു സംസാരമുണ്ട്… പാറക്കെട്ടുകൾക്കിടയിൽ ഉള്ള തെളിനീരുറവകളിൽ ചിലർ കാലുകൾ ഇട്ടിരിന്ന് ആസ്വദിക്കുന്നു , ചുരുക്കം ചിലർ കുളിക്കുകയും ചെയ്യുന്നത് കാണാം … വെള്ളത്തിന്റെ സ്ഥിരമായ ഒഴുക്കു കാരണം വഴുക്കൽ അനുഭവപ്പെടുന്നതിനാൽ പാറകൾക്കിടയിലൂടെ ഉള്ള നടത്തം അപകടം ക്ഷണിച്ചുവരുത്തുന്നു… അപകടങ്ങൾ ഉണ്ടാവുന്ന സാഹചര്യങ്ങളിൽ നമ്മെ സഹായിക്കാനായി സെക്യൂരിറ്റി ഗാർഡുകൾ സദാസന്നദ്ധരാണ്……പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യാതെ മാതൃകാപരമായ രീതിയിൽ സംരക്ഷിച്ചു പോരുന്നതിൽ അമേരിക്കക്കാർ വലിയ ഉത്സാഹികൾ ആണെന്നുള്ളതിന് തെളിവാണ് യോസ്മിറ്റി നാഷണൽ പാർക്ക് … പ്രകൃതിയുടെ വന്യത ക്യാമറകളിലും ഹൃദയങ്ങളിലും പകർത്തി ഞങ്ങൾ ഇരുട്ടുന്നതിനു മുമ്പ് അവിടുന്ന് തിരിച്ചു…

     ആഷ്‌ന  സുൽഫിക്കർ

About Admin

Check Also

ലോസ് ഏൻഞ്ചലസ്

ലോസ് ഏൻഞ്ചലസ് വീണ്ടുമൊരു ബസ്സ് യാത്ര…. സാൻഫ്രാൻസിസ്കോയിലെ ഹോട്ടലിൽനിന്നും അതിരാവിലെ ബ്രേക്ക്ഫാസ്റ്റ് തരപ്പെടുത്തി ഗ്രെ ഹൗണ്ട് ബസ് സ്റ്റേഷനിലേക്ക്…. അടുത്തതായി …

Leave a Reply

Your email address will not be published. Required fields are marked *