അയാൾ

കഥ

അയാൾ

“സൈതാലിക്കയുടെ വീടിന് മുമ്പിൽ എന്താ ഒരാൾക്കൂട്ടം”. രാവിലെയുള്ള പത്രപാരായണം തടസ്സപ്പെടുത്തിക്കൊണ്ട് അടുക്കളയിൽ നിന്നും അമ്മയുടെ ചോദ്യം. പത്രത്തിൽ നിന്ന് കണ്ണേടുത്തുകൊണ്ട് രവി മതിലിനപ്പുറത്തേക്ക് എത്തിനോക്കി. “അമ്മാ ആ ഷർട്ട് ഇങ്ങേടുത്തെ ഞാൻ അവിടെ വരെ പോയി നോക്കിയിട്ട് വരാം”. തലേദിവസം പെയ്ത തുലാമഴ മുറ്റത്തു പതിവ് ചാലുകൾ തീർത്തിരിക്കുന്നു, നനഞ്ഞു കുതിർന്നു നിൽക്കുകയാണ് പ്രകൃതി .. ..

ഇനി വല്ല സ്വീകരണവും മറ്റും ആണോ. പ്രവാസം അവസാനിപ്പിച്ച് സൈതാലിക്ക വരുമെന്ന് ഷുക്കൂർ പറഞ്ഞിരുന്നു. പക്ഷേ എന്തുണ്ടായാലും ആദ്യം അറിയിക്കുന്ന തന്നോട് അതിനെക്കുറിച്ച് ഒന്നും പറഞ്ഞതുമില്ല.. രവി ഓർത്തു. ഷർട്ടിന്റെ ബട്ടൻസ് പെട്ടെന്ന് തന്നെ ഇട്ടെന്ന് വരുത്തി രവി സൈതാലിക്കായുടെ വീടിന്റെ മുറ്റത്തേക്ക് ചെന്നു, അവിടെ വാടിക്കരിഞ്ഞ ഇല പോലെ മുഷിഞ്ഞ വസ്ത്രവും, പാറിയ മുടിയുമായി സെയ്താലിക്ക നിൽക്കുന്നുണ്ട്….. പള്ളി കമ്മിറ്റിക്കാരും, ഏതാനും ചില രാഷ്ട്രീയക്കാരും,അയൽക്കാരുമല്ലാതെ ഷുക്കൂറിനെയും ബഷീറിനെയും അവിടെയൊന്നും കണ്ടില്ല..”

” ഇത് എന്ത് കോലമാ സെയ്താലിക്ക. നിങ്ങൾ വരുന്ന വിവരം ആരേയും അറിയിച്ചിരുന്നില്ലേ? എയർപോർട്ടിലേക്ക് ആരും കൂട്ടാൻ വന്നില്ലേ. അല്ല നിങ്ങൾ ഗൾഫിൽ നിന്ന് തന്നെയല്ലേ വരുന്നേ”. രവി ഒറ്റശ്വാസത്തിൽ ചോദിച്ചു തീർത്തു….
കാര്യം എന്തെന്നറിയാതെ പകച്ചുനിൽക്കുന്ന രവിയുടെ കയ്യിൽ സെയ്താലിക്ക പിടിച്ചു.വിറയർന്ന ശബ്ദത്തോടെ സെയ്‌താലിക്ക പറഞ്ഞു

“ആറു മാസത്തിനു മുമ്പ് ഇവിടെ വന്നു പോയതിനുശേഷം ഒരു വെള്ളിയാഴ്ച കലശലായ തലവേദനയും, തളർച്ചയും വന്നു… തക്കസമയത്ത് ഡോക്ടറുടെ അടുത്തെത്തിയത് കൊണ്ട് അരുതാത്തതൊന്നും സംഭവിച്ചില്ല… തലച്ചോറിൽ രക്തം കട്ടപിടിക്കുകയാണെന്ന് ഡോക്ടർ പറഞ്ഞു… സ്ട്രോക്ക് വന്നു കഴിഞ്ഞാൽ ചിലപ്പോൾ ഒരുഭാഗം തളരുമത്രേ..ആയുസ്സിന്റെ ബലം കൊണ്ടുമാത്രമാണ് അന്നു രക്ഷപ്പെട്ടത്….. അവിടെ കുറേ ചികിത്സിച്ചു പൈസ കളഞ്ഞു .. കൈയിലെ പൈസ തീർന്നപ്പോൾ നല്ല മനസ്സുള്ള സുഹൃത്തുക്കളിൽ ചിലർ ടിക്കറ്റ് എടുത്തു വിമാനം കയറ്റി വിട്ടു. നാടണഞ്ഞാൽ സമാധാനമായല്ലോ. ബാക്കി ചികിത്സ നാട്ടിൽ നടത്താം എന്ന് തീരുമാനിച്ചു … വരുന്ന വിവരം അറിയിച്ചത് മുതൽ മകനും ഭാര്യയും ഫോൺ എടുക്കുന്നില്ല. അവസാനം, ഇന്നലെ എത്തുന്ന സമയം അറിയിക്കാൻ വിളിച്ചപ്പോൾ നമ്പർ നിലവിലില്ല എന്ന മെസ്സേജും . വന്നപ്പോൾ വീട് പൂട്ടിയിട്ടിരിക്കുന്നു”…

വിശ്വാസം വരാതെ രവി സെയ്താലിക്കയോടു പറഞ്ഞു…

“തറവാട്ടു വീട്ടിൽ ആഘോഷം ഉള്ളതിനാൽ ഞാനും അമ്മയും ഇവിടെ ഉണ്ടായിരുന്നില്ല ഷുക്കൂരിനെ ഞാൻ വിളിച്ചു നോക്കട്ടെ ഇക്ക .. ഞാൻ വിളിച്ചാൽ അവൻ ഫോൺ എടുക്കാതിരിക്കില്ല”.. രവി ഷുക്കൂറിന്റെ നമ്പറിൽ ഒന്ന് രണ്ട് തവണ വിളിച്ചുനോക്കി… മറുതലക്കൽ ഈ നമ്പർ നിലവിലില്ല എന്നുള്ള മെസ്സേജ്…
മനസ്സിൽ എന്തോ പന്തികേട് തോന്നിയ രവി അമ്മയോട് വെള്ളമെടുക്കാനായി ആംഗ്യം കാണിച്ചു. വീടിന്റെ ഉമ്മറത്തു ഇക്കാനെ പിടിച്ചിരുത്തി സമാധാനിപ്പിച്ചു….

രവി ഓർത്തു… പണ്ട് ഇവിടത്തെ ജമാഅത്ത് പള്ളിയിലെ മേൽനോട്ടക്കാരനും, ഖബർ വെട്ടുന്ന പ്രധാന ജോലിക്കാരനും ആയിരുന്നു സെയ്താലിക്ക. തുച്ഛമായ വരുമാനം കൊണ്ട് നാലു വയറുകൾ കഴിയില്ല എന്ന് ബോധ്യം വന്നപ്പോൾ ഒരു വിസ തരപ്പെടുത്തി വിമാനം കയറി അവിടെ ഏതോ ലേബർ ക്യാമ്പിലെ ജോലിക്കാരനായി . മാസാമാസം മണിയോഡർ വന്നു തുടങ്ങിയപ്പോൾ ജീവിതം പച്ചപ്പിടിക്കാൻ തുടങ്ങി തറവാട് വീട് പൊളിച്ചു മിനുക്കിയെടുത്തു പെങ്ങൻമാർക്ക് ഓഹരിയെല്ലാം കൊടുത്തു തീർത്തു…
ബന്ധുക്കളെയും, സുഹൃത്തുക്കളെയും തന്നാൽ കഴിയും വിധം സഹായിച്ചു. രവിയുടെ അച്ഛന്റെ പ്രായമാണ് സെയ്താലിക്കാക്ക്… നാട്ടിൽ ലീവിന് വരുന്ന സമയത്തും സെയ്താലിക്ക വെറുതെയിരുന്നിരുന്നില്ല… പള്ളിയിലെ തന്റെ മേൽനോട്ടവും, ഖബർ കുഴിക്കലും തുടർന്നുകൊണ്ടേയിരുന്നു… അതിനിടയിൽ മൂത്ത മകൻ ബഷീറിന്റെ വിവാഹവും കഴിഞ്ഞു… വിവാഹം കഴിഞ്ഞതിൽ പിന്നെ ബഷീർ വീട്ടിലേക്കു അതികം വരാറില്ല… ദുഃഖങ്ങൾ ഉള്ളിലൊതുക്കുന്ന ആളായതുകൊണ്ട് അതിനെപ്പറ്റി സെയ്താലിക്ക അധികം ഒന്നും സംസാരിച്ചിട്ടില്ല.. പക്ഷേ അതിന്റെ നിരാശ ആ കണ്ണുകളിൽ നിന്നും വായിച്ച് എടുക്കാറുണ്ട്…
‘എങ്ങനെ വളർത്തിയ മക്കളാ’ എന്നു ഇടയ്ക്കിടെ സംസാരത്തിൽ പറയാറുണ്ട്… പിന്നെ സെയ്താലിക്കാടെ പ്രതീക്ഷ മുഴുവൻ ഷുക്കൂറിലായിരുന്നു… ആ ഷുക്കൂറും ഉമ്മയുമാണ് ഇന്ന് വീടും പൂട്ടി പോയിരിക്കുന്നത്…. ഓർക്കുംന്തോറും രവിക്ക് ദേഷ്യവും വെറുപ്പും ഒന്നിച്ചു വന്നു…

“നാട്ടിൽ വരുമ്പോഴെങ്കിലും കുറച്ച് വിശ്രമിച്ചൂടെ സെയ്താലിക്ക…എന്ന് രവി ഇടയ്ക്ക് സ്നേഹാന്വേഷണം നടത്താറുണ്ട്…
“അല്ല മോനേ അവിടെ ആ പള്ളിവൃത്തിയാക്കലും , ഹൗളു കാഴുകലുമൊക്കെയായി സമയം പോകുന്നതറിയില്ല നമ്മുടെ ദുഃഖങ്ങൾ ഒക്കെ മറക്കും… ജീവിച്ചിരിക്കുന്നവർക്കല്ലേ നമ്മളെ കേൾക്കാൻ സമയം ഇല്ലാത്തത്… വിഷമങ്ങൾ വരുമ്പോൾ പള്ളിക്കാട്ടിൽ പോയി അവിടുത്തെ ഖബറാളികളോട് വിഷമങ്ങൾ പറയും.. മറുപടി കിട്ടിയില്ലെങ്കിലും ആരെങ്കിലുമൊക്കെ നമ്മുടെ പ്രശ്നങ്ങൾ കേൾക്കാനുണ്ടല്ലോ എന്നൊരു ആശ്വാസം .. എന്തായിരുന്നു സെയ്താലിക്കയുടെ ആ വലിയ വിഷമം എന്ന് ചോദിക്കാൻ താനും വിട്ടിരുന്നു.. കുറ്റബോധത്തോടെ രവി ഓർത്തു..

സെയ്താലി ഗൾഫിൽ പോയതിൽ പിന്നെ ഷുകൂറിനും, ബഷീറിനും സുഹറയ്ക്കും സ്വഭാവത്തിൽ വലിയ മാറ്റം വന്നിരിക്കുന്നു എന്ന അമ്മയുടെ കണ്ടുപിടുത്തം രവി പലപ്പോഴും അവഗണിച്ചിരുന്നു..

അമ്മ കൊണ്ടുവന്ന വെള്ളം ഒറ്റവലിക്ക് കുടിച്ചു കൊണ്ട് സെയ്താലിക്ക തല താഴ്ത്തി ഇരിക്കുകയാണ്….. ഒരു ആയുസ്സിന്റെ അധ്വാനം ആ മുഖത്ത് ചുളിവുകൾ വീഴ്ത്തിയിരുന്നു. വീടിനു വേണ്ടി സ്വന്തം ആയുസ്സും ആരോഗ്യവും കളഞ്ഞു സ്വയം ജീവിക്കാൻ മറന്ന മനുഷ്യൻ…

“ഇക്കാ… നിങ്ങൾ എനിക്ക് എന്റെ സ്വന്തം അച്ഛനെ പോലെയാണ്. എന്റെ വീട്ടിൽ ഞാനും അമ്മയും കിടന്നാലും പിന്നെയും മുറികൾ ബാക്കിയാണ് എത്രകാലം വേണമെങ്കിലും ഇക്കാക്ക് അവിടെ കഴിയാം.” രവി സന്തോഷത്തോടുകൂടി പറഞ്ഞു…
” വേണ്ട മോനേ നീ നന്മയുള്ളവനാണ്‌ അത്രയും നന്മ എന്റെ മക്കൾക്ക് ഇല്ലാതെ പോയല്ലോ.” ഇക്കാടെ കണ്ഠമിടറി.

“നിനക്കറിയാമല്ലോ രവി ചോരനീരാക്കിയാണ്‌ ഞാൻ ഭാര്യയുടെയും, മക്കളുടെയും ഓരോ ആവശ്യങ്ങളും സാധിപ്പിച്ചു കൊടുത്തിരുന്നത് . ദിവസം കഴിയുന്തോറും ആവശ്യങ്ങൾ വർധിക്കുകയല്ലാതെ , വാപ്പ എങ്ങനെയാണ് പൈസയെല്ലാം ഉണ്ടാക്കുന്നതെന്ന് ഇതുവരെ ആരും ചോദിച്ചിട്ടില്ല, ആശ്വസിപ്പിച്ചിട്ടില്ല… പൈസ തികയാതെ വന്നപ്പോൾ സുഹൃത്തുക്കളുടെ കൈയിൽനിന്ന് കടംവാങ്ങി പോലും അയച്ചുകൊടുത്തിരുന്നു… നാട്ടിലേക്ക് അയക്കുന്നത് കുറയേണ്ട എന്ന് കരുതി പലപ്പോഴും വയറു നിറയെ ഭക്ഷണം കഴിക്കാറില്ല …. ഇനി രോഗിയായ ബാപ്പയിൽ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ട എന്ന് ബോധ്യപ്പെട്ടത് കൊണ്ടാവാം അവർ സ്ഥലം കാലിയാക്കിയത്…

അകലെ ജമാഅത്ത് പള്ളിയിലെ മിനാരത്തിൽ നിന്നും മഗ്‌രിബ് ബാങ്കിന്റെ അലയൊലികൾ അന്തരീക്ഷത്തിൽ മുഴങ്ങിതുടങ്ങി… വീണ്ടുമൊരു മഴക്ക് തയ്യാറെടുക്കുന്ന പോലെ മാനത്ത് മഴമേഘങ്ങൾ ഉരുണ്ടുകൂടി… പള്ളി കമ്മിറ്റിക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പള്ളി ഖത്തീബ് സ്ഥലത്തെത്തി… സലാം പറഞ്ഞുകൊണ്ട് ഖത്തീബു പറഞ്ഞു തുടങ്ങി… ” നന്ദിയില്ലാത്ത വരെ ഓർത്ത് കണ്ണീർ വാർക്കുന്നത് വിഡ്ഢിത്തമാണ് സെയ്താലി”പള്ളിയിലെ നിന്റെ ആ പഴയ സ്ഥാനം അതിപ്പോഴും ഒഴിഞ്ഞു കിടക്കുന്നുണ്ട്… നിനക്ക് എപ്പോൾ വേണമെങ്കിലും ആ ജോലി തുടരാം… ” ആരുമില്ലാത്തവർക്ക് പടച്ച റബ്ബാണ് തുണ…”

പുറത്ത് വീണ്ടും മഴ ചാറി തുടങ്ങി …അകലെ മുനിഞ്ഞുകത്തുന്ന വഴി വിളക്കിന്റെ വെളിച്ചത്തിൽ പള്ളി ലക്ഷ്യമാക്കി സെയ്താലിക്ക നടന്നു… ജീവിച്ചിരിക്കുന്നവർക്ക് വേണ്ടാത്ത സെയ്താലിക്ക, അന്നുമുതൽ ഖബറാളികൾക്ക് കൂട്ടായി….

ആഷ്‌ന സുൽഫിക്കർ

(Repost from സിറാജ് പെരുന്നാൾ പതിപ്പ് )

About ashnasulfi

Check Also

സാൻഫ്രാൻസിസ്കോ

നയാഗ്ര ജലപാതത്തിനടുത്തുള്ള ബഫല്ലോ എയർപോർട്ടിൽ നിന്ന് ഡെൽറ്റാ എയറിന്റെ വിമാനത്തിലായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യമായ സാൻഫ്രാൻസിസ്കോ യാത്ര ….. അമ്പതു …

Leave a Reply

Your email address will not be published. Required fields are marked *