اَلْعِلْمُ حَياَةُ لإِسْلاَم അറിവ്ഇസ്ലാമിൻെറ ജീവനാണ്.വിദ്യാഭ്യാസത്തിന് ഏറെ പ്രധാന്യം കൽപ്പിച്ച മതമാണ് ഇസ്ലാം.”സൃഷ്ടിച്ചവനായ നിൻെറ
രക്ഷിതാവിൻെറ നാമത്തിൽ വായിക്കുക”(96:1-5).എന്ന ഖുർആൻ വാക്യം ഇതിലേക്ക് വെളിച്ചം വീശുന്നു.അതുകൊണ്ട് ഇൽമ് കരസ്ഥമാക്കൽ ഓരോ മുസ്ലിമിനും നിർബന്ധമാണ്.പരിഷ്ക്കാരത്തിൻെറയും ഉത്ബുദ്ധതയുടെയും കാലമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ന് മതവിദ്യാഭ്യാസത്തിൻെറ പ്രാധാന്യത്തെ പറ്റി നാം എത്ര മാത്രം ബോധവാൻമാരാണ്?.ഇതിൽ തന്നെ സ്ത്രീകളുടെ മത വിദ്യാഭ്യാസം ഇന്ന് എങ്ങുമെത്താതെ നിൽക്കുന്നു.
മദ്രസാതലം മുതൽ തുടങ്ങുന്ന നമ്മുടെ മതപഠനം പെൺകുട്ടികൾ പ്രായപൂർത്തി ആവുന്നതോടെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുന്നു.അതിനു ശേഷം മത പഠനം പൂർത്തിയാക്കാൻ മാതാപിതാക്കളും ബന്ധപ്പെട്ടവരും എത്രമാത്രം ശ്രദ്ധ ചെലുത്തുന്നുണ്ട്?ഫലമോ കേവലം അഞ്ചോ ആറോ ക്ളാസ്സ് വരെ പഠിച്ചു ദീനിൻെറ വിധിവിലക്കുകളിലോ,നിയമ വശങ്ങളിലോ നാമമാത്രമായ അറിവുമായി ശിഷ്ടകാലം ജീവിക്കുന്നു.പിന്നീട് ജീവിതത്തിൽ പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്തുന്നതിൻെറ തിരക്കുകൾ കാരണം നാം ഇതിനു ശ്രമിക്കുന്നില്ല എന്നും ഇവിടെ കൂട്ടിവായിക്കണം..ഇവിടെ ഭൗതികവിദ്യാഭ്യാസത്തിൻെറ പ്രധാന്യം നാം മതവിദ്യാഭ്യാസത്തിനു നൽകാത്തതെന്തെ?മരണവും,മഹ്ശറും ,സ്വർഗ്ഗവും,നരകവുമെല്ലാം ആണിനെന്ന പോലെ പെണ്ണിനും ബാധകമാണെന്നുള്ള അറിവും ബോധവുമുണ്ടെങ്കിൽ സീരിയലുകളുടെ പരസ്യസമയങ്ങളിലേക്ക് ഒതുങ്ങുന്ന ഇബാദത്തും,ഇടവേളകളിലെ പൊങ്ങച്ച കൂട്ടായ്മകളും ഒരുപരിധിവരെ നിയന്ത്രണാതീതമായേനെ.കേവലം ഭൗതിക വിദ്യാഭ്യാസം കൊണ്ട് നാം ഒന്നും നേടുന്നില്ല. ഇൽമ് കരസ്ഥമാക്കിയാൽ മാത്രമേ കൊള്ളേണ്ടതു കൊണ്ടും തള്ളേണ്ടതു തള്ളിയും നമുക്കു മുന്നോട്ടു പോകാൻ കഴിയൂ..رَبٌ زِدْنِ عِلْمٌَ എനിക്ക് അറിവ് വർദ്ധിപ്പിച്ചു തരണേ നാഥാ”…..(ത്വാഹ….114) എന്ന് നബി(സ) എപ്പോഴും പ്രാർത്ഥിക്കാറുണ്ടായിരുന്നു.
ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതും പേടിപ്പെടുത്തുന്നതുമായ ഒരു സാമൂഹ്യ സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. വിശ്വാസത്തിൻെറ ദൗർബല്യവും,മനുഷ്യോചിതമല്ലാത്ത പ്രവൃത്തികൾകൊണ്ട് മലീമസവുമായ ചുറ്റുപാട്.ബിരുദങ്ങളും,ബിരുദാനന്തര ബിരുദങ്ങളും കെെമുതലായവർ ജീവിതയാത്രയിൽ തളർന്നു പോകുന്നതു നാം കണ്ടിട്ടുണ്ട്.മത വിദ്യാഭ്യാസം നേടി ദീനിചിട്ടയിൽ ജീവിക്കുന്ന ഒരു പെൺകുട്ടിയോട് നീ തല മറക്കേണ്ടവളാണെന്നും,അന്യ പുരുഷൻമാരുമായി ഇടപഴകരുതെന്നും ചൂണ്ടി കാണിക്കേണ്ട ആവശ്യമില്ല.ഇന്ന് മുസ്ലീം പെൺകുട്ടികൾ കാട്ടിക്കൂട്ടുന്ന വേണ്ടാ വൃത്തികളുടെ മുഖ്യഹേതു ഈ അറിവില്ലായ്മയാണ്.പാശ്ചാത്യവൽക്കരണവും ഇന്ന് സ്ത്രീകളെ മാറ്റി ചിന്തിപ്പിക്കാൻ പേരിപ്പിച്ചിട്ടുണ്ട്.വസ്ത്രധാരണത്തിലെ ചുവടുമാറ്റവും ,ലോകത്തിനോടുള്ള കാഴ്ചപ്പാടിലെ വ്യത്യാസവും തന്നെ പാശ്ചാത്യ വൽക്കരണത്തിൻെറ സന്തതികളാണ്.അന്ധമായ ഈ അനുകരണ മഹാവ്യാധി എെഹികജീവിതത്തിലെന്നപോലെ പാരത്രിക ജീവിതത്തിലും നമ്മെ പരാജിതരാക്കും.
എല്ലാ മനുഷ്യരിലുമുണ്ട് പിശാചിൻെറ പ്രേരണയും,പ്രലോഭനങ്ങളും.ഇവിടെ നമ്മളിലെ പെെശാചികതയെ കടിഞ്ഞാണിട്ടു നിർത്തി നൻമതിൻമകൾ മനസ്സിലാക്കി മുന്നോട്ടുപോവുമ്പോളാണ് നാം വിജയിക്കുന്നത്.അജ്ഞതയുടെ തമോഗർത്തത്തിൽ വീണു പുഴുക്കളെ പോലെ ജീവിതം ഹോമിക്കരുത്.മതവിദ്യാഭ്യാസം ഇതിനെയൊക്കെ എങ്ങനെ സഹായിക്കും എന്ന് ചിന്തിക്കുന്നവർക്ക് പ്രത്യക്ഷമായിട്ടല്ലെങ്കിലും പരോക്ഷമായെങ്കിലും സ്വാധീനിക്കുമെന്ന് മനസ്സിലാക്കാം.
ഭൗതിക വിദ്യാഭ്യാസത്തിനൊപ്പം മതവിദ്യാഭ്യാസവും എന്ന രീതി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇന്നു അപൂർവ്വമാണ്.ജ്ഞാനസമ്പാദന മാർഗ്ഗങ്ങളുടെ വിരളത,ശിക്ഷണ പരിശീലനങ്ങളുടെ അഭാവം,മത വിദ്യഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ദൂരപരിധി,സ്ത്രീ അദ്ധ്യാപിക മാരുടെ ലഭ്യത കുറവ് എന്നിവ പെൺകുട്ടികളുടെ മതപഠനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.ഇന്ന് ഒരു പരിധി വരെ ഇതെല്ലാം പരിഹരിക്കപെട്ടിട്ടുണ്ടെൻകിലും,ഈ വിഷയത്തിൽ നാം ഇനിയും മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.
വിശ്വാസികളുടെ മാതാക്കളിൽ പ്രമുഖയായ ആയിഷ ബീവി(റ) യുടെ ജീവിതം ഒരോ പെൺകുട്ടികൾക്കും മാതൃകയാണ്.വിജ്ഞാനത്തിൻെറ കേദാരമായ ബീവിയുടെ കർമ്മശാസ്ത്ര വിഷ യ ങ്ങളിലും,ഇസ്ലാം ശരീഅത്തിലുമുള്ള നെെ പുണ്യം നമ്മെ അത്ഭുതപ്പെടുത്തുന്നു.ഒാരോ പെൺകുട്ടിയും ഉണർന്നുപ്രവർത്തിക്കേണ്ട ഈ കാലത്ത് മഹതിയുടെ ജിവിതത്തിൽ നിന്ന് നാം പ്രചോധനം ഉൾക്കൊള്ളണം.മുആവിയ(റ) നിന്നും നിവേധനം…നബി (സ) പറയുന്നു..”അള്ളാഹു തആല ഒരാൾക്ക് വലിയ ഗുണം ഉദ്ദേശിച്ചാൽ അവനെ മതവിജ്ഞാനിയാക്കും”(ബുഖാരി)
നമ്മുടെ പരമമായ ലക്ഷ്യം സ്വർഗ്ഗമാണെന്നും അതിലേക്കു
എളുപ്പമാർഗ്ഗം ദീനിൻെറ വിധിവിലക്കുകൾ അനുസരിച്ച് ജീവിക്കലാണെന്നുമുള്ള തിരിച്ചറിവ് നമ്മൾക്കുണ്ടെൻകിൽ ജീവിതത്തിലെപ്രതിസന്ധിഘട്ടങ്ങളിൽ പതറാതെ ഉറച്ച തീരുമാനങ്ങൾ എടുക്കാനും അതിലൂടെ ജീവിത വിജയം കെെവരുകയും ചെയ്യുന്നു.അറിവില്ലായ്മ മൂലം തെറ്റുകൾ പറ്റിപോയി എന്നു വിലപിക്കുന്ന ഒരു പാട് വാർദ്ധക്യങ്ങൾ നമ്മൾക്കിടയിലുണ്ടെന്ന് നാം ഒാർമ്മിക്കണം
നേടാം…… നമ്മുക്കു ഇഹപര വിജയത്തിനുതകുന്ന അറിവ്,നടന്നടുക്കാം നമ്മുടെ ആത്യന്തിക ലക്ഷ്യത്തിലേക്ക്……..സ്വർഗ്ഗത്തിലേക്ക്……….
ആഷ്ന സുൽഫിക്കർ