ബന്ധൂജനങ്ങളും എത്തി
തുടങ്ങുന്നു തൻ പുതു നാരിക്ക്
മംഗളമോതുവാൻ……..
ഉദയ സൂര്യനെ വെല്ലുന്നൊരാ
മുഖം ഇന്നെന്തെ കാളിമ
ഏറ്റ പോലെ?
യാത്ര ചോദിച്ചവൾ
നീങ്ങുന്നു മെല്ലനെ
ഞെട്ടറ്റു വീണൊരാ
പൂവുപോലെ……..
ഉള്ള് നോവുമ്പോളും
ഉള്ള് വേവുമ്പോളും
പുഞ്ചിരി തൂകുംതൻ
ഉമ്മയോടും…..
കണ്ണീർ മറക്കുവാൻ
പാടുപ്പെടുന്നോരാ
ജീവൻെറ പാതിയാം
ഏട്ടനോടും……….
ഒാർക്കുന്നു ഇന്നവൾ
ഗദ്ഗദത്തോടെയാ….
മൃത്യുവെ പുൽകിയ
താതനേയും……..
കൊച്ചു കുറുമ്പുകൾ
കാട്ടി നടക്കുന്ന
കുട്ടികുറുമ്പിയാം
കുഞ്ഞനുജത്തിയും……
വാക്കുകൾ മുറിയുന്നു
നോട്ടങ്ങൾ ഇടറുന്നു
തൻ പ്രിയ തോഴിയെ
കാണും നേരം……..
പിന്നിട്ട വഴികളും
പങ്കിട്ട വ്യഥകളും
ഒന്നിചൊരുക്കിയ
കളിവീടുകൾ…….
പറയുവാൻ ഇനിയും
മറന്നൊരാ വാക്കുകൾ
തൊണ്ടയിൽ കുടുങ്ങി
കിടക്കുന്നുവോ……….
പാടിനടന്നൊരാ
തൊടികളും വയൽകളും
ഒാടി കളിച്ചൊരാ
കളിമുറ്റവും………
നട്ടുനനച്ചൊരാ
ചെടികളും, പൂക്കളും
എന്തെ തനിക്കിനി
അന്യമെന്നോ?
സമയമായ്…. സമയമായ്
തൻ ഗൃഹം പോലുമിന്നെനെ
പുറം തള്ളാൻ
വെമ്പുന്ന പോൽ…….
താനില്ലയെങ്കിലും
ഇനിയുമെത്തുന്നതാ
വസന്തവും ഹേമന്തവും
ശിശിരമെല്ലാം……..
വന്നീടുമിനിയും തൻ
പ്രിയ ഭവനത്തിൽ
പൊന്നുമ്മതൻ
മാറിൽ ചാഞ്ഞിടാനായ്………
എങ്കിലുമിന്നവൾ
അറിയാതെ അറിയുന്നു
താനിന്ന്……….
സ്വന്തം വീട്ടിലെ വിരുന്നുകാരി….
ആഷ്ന സുൽഫിക്കർ