ലോസ് ഏൻഞ്ചലസ്

ലോസ് ഏൻഞ്ചലസ്

വീണ്ടുമൊരു ബസ്സ് യാത്ര…. സാൻഫ്രാൻസിസ്കോയിലെ ഹോട്ടലിൽനിന്നും അതിരാവിലെ ബ്രേക്ക്ഫാസ്റ്റ് തരപ്പെടുത്തി ഗ്രെ ഹൗണ്ട് ബസ് സ്റ്റേഷനിലേക്ക്…. അടുത്തതായി ഞങ്ങളുടെ ലക്ഷ്യം ഫിലിം സിറ്റി എന്നറിയപ്പെടുന്ന ലോസ് ഏഞ്ചലസ് ആണ്… എട്ടു മണിക്കൂറാണ് യാത്രാ ദൈർഘ്യം…. ഇവിടെ വിമാനയാത്രയെക്കാൾ എന്തുകൊണ്ടും അഭികാമ്യം ബസ്സ് യാത്രയാണ്…. ഒരു രാജ്യത്തിന്റെ ഉള്ളറിയണമെങ്കിൽ അവിടുത്തെ ഗ്രാമങ്ങളിലൂടെയുള്ള യാത്ര അനിവാര്യമാണ്… സിറ്റിയിൽ നിന്നു ബഹുദൂരം പിന്നിട്ടപ്പോൾ കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന കൃഷിയിടങ്ങൾ…. ഒരു രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിതിക്ക് കൃഷി എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് അവിടുത്തെ ഉൾഗ്രാമങ്ങളിലൂടെയുള്ള യാത്രയിലൂടെ മാത്രമാണ് നമ്മുക്ക് തിരിച്ചറിയാൻ കഴിയുന്നത് …

അമേരിക്കയിലെ
പ്രത്യേക കാലാവസ്ഥ അനുസരിച്ച് വിളയുന്ന കാർഷിക വിഭവങ്ങളുടെ ഉൽപാദനവും, വിതരണവും ഒരുപക്ഷേ അവിടുത്തെ സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലാവാം … സ്റ്റോബറിയും, പീനട്ട്, ബ്ലൂബെറി, ബദാം, ഹെയ്സൽ നട്ട് എന്നിവ കൃഷി ചെയ്യുന്ന കൃഷിയിടങ്ങൾ റോഡിനിരുവശവും വളരെ ചിട്ടയോടുകൂടി ഒരുക്കിയിട്ടുണ്ട്… അതിനടുത്തായി ഫാമുകൾ സംവിധാനിച്ചിട്ടുണ്ട്.. ഫാമുകളിലെ പശുക്കൾ പുല്ലുമേഞ്ഞു നടക്കുന്നു… കാലിഫോർണിയ മിൽക്ക് വളരെ പ്രസിദ്ധമായ ഒന്നാണ് …. അമേരിക്കയുടെ ‘ഫ്രൂട്ട് ബാസ്കറ്റ് ‘എന്നാണ് കാലിഫോർണിയ അറിയപ്പെടുന്നത്….കൃഷിയിടങ്ങൾക്ക് പിന്നാലെ അനേകം വെളിമ്പ്രദേശങ്ങളും , കുറച്ചുദൂരം പിന്നിടുമ്പോൾ ഫോൺ ടവറുകളും, കാറ്റാടികളും കാണാമായിരുന്നു … നാൽപതു മിനിറ്റ് മീൽബ്രേക്കിനു ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി….

റോഡിനിരുവശവും ചെറിയ കുന്നുകൾ ഉള്ള ഒറ്റവരി പാതയിലൂടെയാണ് ഇപ്പോഴുള്ള സഞ്ചാരം … ജനവാസ കേന്ദ്രങ്ങളുടെ യാതൊരു ലക്ഷണങ്ങളും അവിടെ കാണുന്നില്ല…. വെൻന്റെറ, കാലിഫോർണിയ എന്ന ബോർഡ് സ്ഥാപിച്ച പ്രദേശത്തിലൂടെ ബസ്സ് കടന്നു പോയി കഴിഞ്ഞപ്പോൾ ബ്രിഡ്ജ്കളും നാലുവരി പാതയും പ്രത്യക്ഷപ്പെട്ടു തുടങ്ങി… ഏതാനും മണിക്കൂറുകൾക്ക് ശേഷം ലോസ്‌ ഏഞ്ചലസിലെ മൗണ്ട് ലീ പർവ്വതത്തിലെ വളരെ പ്രസിദ്ധമായ ഹോളിവുഡ് മുദ്ര(Hollywood sign) അകലെനിന്നും കണ്ടുതുടങ്ങി…. വെളുത്ത നിറത്തലായ് ‘ഹോളിവുഡ് ‘ എന്ന പദത്തിലെ ഇംഗ്ലീഷ് അക്ഷരങ്ങൾ എഴുതപ്പെട്ട ‘ഹോളിവുഡ് സൈൻ’ ലോസ് ഏഞ്ചൽസിലെ പ്രധാനപ്പെട്ട ലാൻഡ്മാർക്കുകളിൽ ഒന്നാണ്….

L.A എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ലോസ് ഏഞ്ചലസിലെ ക്വാളിറ്റി ഇൻ എന്ന ഹോട്ടലിലായിരുന്നു ഞങ്ങളുടെ താമസം….. ക്വാളിറ്റി ഇൻ ഹോട്ടലിൽ നിന്ന് നടക്കാവുന്ന ദൂരമേ ബോളിവുഡ് സ്ട്രീറ്റിലെ പ്രസിദ്ധമായ വാക്ക് ഓഫ് ഫെയിംമിലേക്കുള്ളു . ഹോട്ടലിൽ ചെന്ന് കുറച്ചു സമയം വിശ്രമിച്ചതിനു ശേഷം ഞങ്ങൾ വാക്ക് ഓഫ് ഫെയിം സന്ദർശിക്കാൻ ഇറങ്ങി….

Walk of fame(വാക് ഓഫ് ഫെയിം )

ഹോളിവുഡ് സെലിബ്രിറ്റികളുടെ വ്യക്തിമുദ്രകൾ കൊണ്ടു പ്രസിദ്ധമാണ് ഇവിടെയുള്ള വാക് ഓഫ് ഫെയിം….ഹോളിവുഡ് സ്ട്രീറ്റിന്റെ അരികിലുള്ള നടപ്പാതകളിൽ ഗ്രാനൈറ്റ് ഫലകങ്ങളിൽ സ്റ്റാറുകൾ പതിപ്പിച്ചതിനെയാണ് വാക്ക് ഓഫ് ഫെയിം എന്ന് പറയപ്പെടുന്നത് …. പ്രശസ്ത നിർമ്മാതാക്കളുടെയും അഭിനേതാക്കളുടേയും, സംവിധായകർ, കലാകാരന്മാർ എന്നിവരുടെ സ്മാരകം എന്ന നിലയിൽ ഒരുപാട് ഫലകങ്ങൾ അവിടെ കാണാം… പരിചയമുള്ള പേരുള്ള ഏതെങ്കിലും ഫലകങ്ങൾ ഉണ്ടോ എന്ന് അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് ലോക പ്രശസ്ത പോപ്പ് ഗായകൻ മൈക്കിൾ ജാക്സൺന്റെ പേര് ശ്രദ്ധയിൽപ്പെട്ടത്… മൺമറഞ്ഞ പോപ്പ് രാജാവ് ഇപ്പോഴും ആരാധകരുടെ മനസ്സിൽ ജീവിക്കുന്നു എന്നതിന് തെളിവായി മൈക്കിൾ ജാക്സൺ എന്നെഴുതിയ ഫലകത്തിനു മുന്നിൽ ഒരു പിടി ചുവന്ന പുഷ്പങ്ങൾ ആരാധകർ സമർപ്പിച്ചിരിക്കുന്നു…. മിക്കി മൗസ് എന്ന പേരുള്ള ഫലകത്തിന് മുമ്പിൽ ഇരുന്നും കിടന്നും കൊച്ചുകുട്ടികൾ ഫോട്ടോ എടുക്കുന്നുണ്ട്….ഒരുപാട് സോവനീർ
ഷോപ്പുകളും, ഷോപ്പിങ് മാളുകളും അവിടുത്തെ പ്രത്യേകതയാണ്… സ്ഥലം സന്ദർശിച്ചതിന്റെ ഓർമ്മയ്ക്കായും, കൂട്ടുകാർക്ക് സമ്മാനിക്കാനും സോവനീർ ഷോപ്പുകളിൽ കയറി ആകർഷണീയമായ സോവനീറുകൾ വാങ്ങിച്ചു വെച്ചു …അവിടെയും ചലച്ചിത്രങ്ങളുടെ ഒരു അന്തരീക്ഷം സൃഷ്ടിച്ചു വച്ചിട്ടുണ്ട്….കിങ് കോങ്, ട്രാൻസ്ഫോർമർ എന്നിവയുടെ വലിയ പ്രതിമകൾ ഓരോ ഷോപ്പിന് മുമ്പിലായും കാണാം….

പിറ്റേദിവസം ലോസ് ആഞ്ചലസ് സിറ്റി ടൂർ നിശ്ചയിച്ചിരുന്നതിനാൽ അധികം വൈകാതെ ഹോട്ടലിൽ തിരിച്ചെത്തി… .. സിറ്റി ടൂറിനായി
നിശ്ചയിച്ച സമയത്തിനു മുമ്പുതന്നെ ഗൈഡ് ബസ്സുമായി ഹോട്ടലിനു മുന്നിലെത്തിയിരുന്നു…. .

ഡോൾബി തീയറ്റർ(Dolby theater)

ലോകത്തിലെതന്നെ ഏറ്റവും വലിയ അവാർഡുകളിൽ ഒന്നായ ഓസ്കാർ അവാർഡുകളെ പറ്റിയും, അവിടുത്തെ പ്രസിദ്ധമായ റെഡ് കാർപ്പെറ്റ് എന്നിവയെപ്പറ്റി കേൾക്കാത്തവരും കാണാത്തവരും അധികമുണ്ടാവില്ല… 2002 മുതൽഓസ്കാർ അവാർഡു ദാന ചടങ്ങുകൾക്ക് വേദി ഒരുക്കിയിരുന്നത് ഡോൽബി തിയേറ്ററിലാണ്… അമേരിക്കയിലെ തന്നെ പ്രധാനപ്പെട്ട തൽസമയ ഓഡിറ്റോറിയങ്ങളിൽ ഒന്നാണ് ഇത് …. കമനീയവും, വിശാലവുമായ പടവുകൾ ആണ് ഡോൾബി തീയേറ്ററിലേക്ക് നമ്മെ ആനയിക്കുന്നത്… അതിനടുത്തായി ചൈനീസ് തീയേറ്ററും ഞങ്ങൾ സന്ദർശിച്ചു…

ഹോളിവുഡ് ബൗൾ(Hollywood bowl)

ഡോൾബി തിയേറ്റർ സന്ദർശനം കഴിഞ്ഞു നേരെ പോയത് ‘ഹോളി വുഡ് ബൗളിലേക്കാണ്’…..
വളരെ മനോഹരമായി പണിതുയർത്തിയ തൽസമയ സംഗീത വേദികളിൽ ഒന്നാണ് ഹോളിവുഡ് ബൗൾ… അനേകായിരം ജനങ്ങൾക്ക് ഒരേസമയം സ്റ്റേജിലെ പരിപാടികൾ ആസ്വദിക്കാനുള്ള സൗകര്യം അവിടെ ഒരുക്കിയിരിക്കുന്നു… പ്രത്യേക ആകൃതിയിൽ, സംവിധാനിച്ചിരിക്കുന്ന സ്റ്റേജും ആസ്വാദകരുടെ ഇരിപ്പിടങ്ങളും ക്യാമറകളിൽ പകർത്തി ഞങ്ങൾ സിറ്റി ടൂർ തുടർന്നു….

ബെവെൽറി ഹിൽസ്

ലോസ്സ് ഏഞ്ചലസിലെ ധനാഢ്യന്മാർ താമസിക്കുന്ന പട്ടണമാണ് ബെവെൽറി ഹിൽസ്… അനേകം സെലിബ്രിറ്റികളുടെ താമസസ്ഥലങ്ങളും, ലക്ഷ്വറി ഹോട്ടലുകളുമൊക്കെയായി ലോസ് ഏഞ്ചലസിലെ ഏറ്റവും വിലകൂടിയ ജീവിതനിലവാരം കാഴ്ചവയ്ക്കുന്നവരാണ് ഇവിടുത്തെ താമസക്കാർ… ആഡംബരത്തിന്റെ അടയാളമെന്നോണം വിലകൂടിയ കാറുകൾ ഓരോ വീടുകൾക്ക് മുന്നിലായി നിർത്തിയിട്ടിരിക്കുന്നത് കാണാം … റോഡിനു ഇരുവശവും തലയുയർത്തിനിൽക്കുന്ന പനകൾ അവിടുത്തെ മാത്രം ഒരു പ്രത്യേകതയായി എനിക്ക് തോന്നി….റോഡിയോ ഡ്രൈവ് എന്ന പ്രസിദ്ധമായ ഷോപ്പിംഗ് സ്ട്രീറ്റ്ലൂടെ കാഴ്ചകൾ ആസ്വദിച്ച് നടക്കാനും ചിത്രങ്ങൾ പകർത്താനും ഞങ്ങൾക്ക് ഗൈഡ് സമയം അനുവദിച്ചിരുന്നു…

അതിനു തൊട്ടടുത്താണ് ഫാർമേഴ്സ് മാർക്കറ്റ്.. ലോകത്തിലെ വിവിധ രുചികൾ വിളമ്പുന്ന ഭക്ഷണശാലകളും, പുതുമയുള്ള പഴങ്ങളും പച്ചക്കറികളും ഫാർമേഴ്‌സ് മാർക്കറ്റിൽ ലഭ്യമാണ്… പല നിറത്തിലും രൂപത്തിലുമുള്ള പഴങ്ങൾ ഒരുക്കി വയ്ക്കുന്നതിൽ തന്നെ അവർ അതീവ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്….കൊതിയൂറുന്ന വിഭവങ്ങൾ ഒരുക്കുന്ന ഭക്ഷണശാലകളിൽ അവിടെത്തന്നെ ഇരുന്നു ആസ്വദിക്കാൻ പറ്റിയ സൗകര്യവും ഒരുക്കിയിട്ടുണ്ട്..ഫാർമേഴ്സ് മാർക്കറ്റിലെ ഫുഡ് സ്ട്രീറ്റിൽ നിന്ന് മലേഷ്യൻ നൂഡിൽസും, തായ് കറിയും രുചിച്ചുകൊണ്ടാണ് അന്നത്തെ സിറ്റി ടൂർ ഞങ്ങൾ അവസാനിപ്പിച്ചത്…..

വികസിത രാജ്യം എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഭവനരഹിതരും ഭൂരഹിതരായവരും ഇവിടെ ധാരാളമുണ്ട്….സിനിമ എന്ന സ്വപ്നം മനസ്സിലേറ്റി ലോസ് ഏഞ്ചലസിലേക്ക് വണ്ടി കയറിയവർ…. ഭാഗ്യദോഷം കൊണ്ട് സ്വപ്നം സാക്ഷാത്കരിക്കാതെ വന്നപ്പോൾ തിരികെ പോകാതെ തെരുവിൽ അഭയം തേടുന്നവർ, മയക്കുമരുന്നിനടിമപ്പെട്ടവർ, മാനസികനില തെറ്റിയവർ എന്നിങ്ങനെ ഒരുപാട് പേരെ അവിടെ കാണാമായിരുന്നു… ഭാഗ്യം തുണച്ചെങ്കിൽ പ്രശസ്തിയുടെ കൊടുമുടികൾ കീഴടക്കേണ്ടിയിരുന്നവർ …

വിനോദസഞ്ചാരികളെ അത്യധികം ബഹുമാനിക്കുന്ന വരാണ് അമേരിക്കക്കാർ… രാജ്യത്തിന്റെ വരുമാനത്തിന്റെ ഒരു പ്രധാനഭാഗം വിനോദസഞ്ചാരത്തിൽ നിന്നുമാണ് ലഭ്യമാകുന്നത്… ഉന്നത ജീവിത മൂല്യങ്ങളും ധാർമ്മിക സംസ്കാരങ്ങളും ഉയർത്തിപ്പിടിക്കുന്ന നാം കേരളീയർക്ക് അമേരിക്കക്കാരുടെ സംസ്കാരത്തിനോട് ഒരിക്കലും പൊരുത്തപ്പെടാൻ ആവില്ല… മക്കളെ പ്രായപൂർത്തിആവുന്ന വരെ പരിപാലിക്കാനുള്ള ഉത്തരവാദിത്വം മാത്രമേ അവരുടെ മാതാപിതാക്കൾക്ക് ഉള്ളൂ…. പ്രായപൂർത്തിയായി കഴിഞ്ഞാൽ ജീവസന്ധാരണത്തിനുള്ള മാർഗ്ഗം കുട്ടികൾ സ്വയം കണ്ടെത്തേണ്ടിയിരിക്കുന്നു…. മക്കളെ ശിക്ഷിച്ചാൽ മാതാപിതാക്കൾക്കെതിരെ കേസ്സ് കൊടുക്കാൻ ഉള്ള സ്വാതന്ത്ര്യവും അവിടെയുണ്ട്… മാധ്യമങ്ങളിലൂടെ മനസ്സിലാക്കിയ ഇസ്‌ലാമോഫോബിയയുടെ പേടിപ്പിക്കുന്ന മുഖങ്ങൾ ഒന്നും ഞാൻ എവിടെയും കണ്ടില്ല… വർണ്ണ വിവേചനം കൊടുമ്പിരിക്കൊണ്ടിരുന്ന നാടാണെങ്കിലും ഇന്ന് കറുത്തവനും വെളുത്തവനും ഇവിടെ ഒരുപോലെ ജീവിക്കുന്നു…. യൂറോപ്പ് രാജ്യങ്ങളിലെ ജനങ്ങളുടെ ശരീരപ്രകൃതിയിൽ നിന്നും വ്യത്യസ്തമായാണ് ഇവിടെയുള്ളവർ … ഏറ്റവും കൂടുതൽ അമിതവണ്ണമുള്ളവർ(obese) അമേരിക്കയിൽ ആണെന്ന് അടുത്തിടെ ഒരു പഠനത്തിൽ കാണുകയുണ്ടായി….

                 ഓരോ യാത്രയും സമ്മാനിക്കുന്നത് വ്യത്യസ്ത അനുഭവങ്ങളാണ്  ആർഭാടത്തിന്റെയും ,   മോഹിപ്പിക്കുന്ന ജീവിതങ്ങളുടെ പുറംചട്ടയ്ക്കിപ്പുറം   തൊഴിലില്ലായ്മയുടെയും,  ദാരിദ്ര്യത്തിന്റെയും  പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകുന്ന ഒരുപാട് ജീവിതങ്ങൾ അടങ്ങുന്നതാണ് ഓരോ രാജ്യവും... ഓരോ യാത്രയും നമ്മെ പഠിപ്പിക്കുന്ന പാഠവും ഇതുതന്നെയാണ്......

               ആഷ്‌ന സുൽഫിക്കർ

About ashnasulfi

Check Also

അയാൾ

കഥ അയാൾ “സൈതാലിക്കയുടെ വീടിന് മുമ്പിൽ എന്താ ഒരാൾക്കൂട്ടം”. രാവിലെയുള്ള പത്രപാരായണം തടസ്സപ്പെടുത്തിക്കൊണ്ട് അടുക്കളയിൽ നിന്നും അമ്മയുടെ ചോദ്യം. പത്രത്തിൽ …

Leave a Reply

Your email address will not be published. Required fields are marked *