ലോക പോലീസിന്റെ നാട്ടിൽ

(അമേരിക്കൻ ഐക്യനാടുകളിലൂടെ ഒരു യാത്ര )

(യാത്രാനുഭവം)

വിദ്യാർത്ഥി ജീവിതത്തിൽ അധികമൊന്നും താല്പര്യമില്ലാത്ത ചരിത്ര ക്ലാസുകളിൽ ഇടയ്ക്കിടെ ഉയർന്നു കേട്ടിരുന്ന നാമമായിരുന്നു അമേരിക്കൻ ഐക്യനാടുകൾ..,, ‘ലോക ഭൂപടത്തിന്റെ ഒരറ്റത്ത് വിവിധ ആകൃതിയിൽ കിടക്കുന്ന വടക്കേ അമേരിക്ക, തെക്കേ അമേരിക്കൻ ഭൂഖണ്ഡങ്ങൾ …. ശാസ്ത്ര സാങ്കേതിക രംഗത്തെ മികവുകൊണ്ടും സാമ്പത്തിക വളർച്ച കൊണ്ടും ലോകത്തിലെ തന്നെ വൻശക്തിയായി മാറിയ അമേരിക്ക…. അമേരിക്കൻ യാത്ര എന്റെ സ്വപ്നങ്ങളിൽ പോലും ഇല്ലാതിരുന്ന സമയത്താണ് അപ്രതീക്ഷിതമായി അവിടേക്കുള്ള യാത്ര തരപ്പെട്ടത്….
യാത്രയുടെ ദിവസം തീരുമാനിച്ചതിനു ശേഷം അവിടുത്തെ സ്ഥലങ്ങൾ, കാലാവസ്ഥ എന്നിവയെ പറ്റി കൂടുതൽ അറിയാൻ ഇന്റർനെറ്റ്‌ സഹായിച്ചു …..

അങ്ങനെ 2018 ജൂൺ മാസത്തിൽ കുടുംബസമേതം എല്ലാവരുടെയും സ്വപ്നഭൂമിയായ യുഎസിലേക്ക്…… ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും പാദരക്ഷകൾ വരെ ഊരിവാങ്ങി വിശദമായി പരിശോധിക്കുന്നത് ഇതാദ്യമായാണ്… അത്രയ്ക്ക് കർശനമായിരുന്നു യാത്രയിലെ സുരക്ഷാ നടപടിക്രമങ്ങൾ… യൂറോപ്പ്യൻ യാത്രയ്ക്കിടയിൽ ജർമ്മനിയിൽ വെച്ച് മുടിക്കെട്ടു പിടിച്ചു പരിശോധിച്ച എയർപ്പോർട്ടിലെ ജീവനക്കാരെ ആ സന്ദർഭത്തിൽ പെട്ടെന്നു ഓർത്തു പോയി …. അങ്ങനെ ഇത്തിഹാദ് വിമാനത്തിൽ ഒമാനിൽനിന്ന് അബുദാബിയിലേക്കും, അവിടെനിന്ന് എയർബസ് 380 വിമാനത്തിൽ ഞങ്ങൾ അമേരിക്കൻ ഐക്യനാടുകളിലേക്ക് യാത്രയായി….. പതിനാലു മണിക്കൂർ നീണ്ടു നിൽക്കുന്ന യാത്ര എങ്ങനെ തരണം ചെയ്യും എന്നുള്ളത് ഒരു ചോദ്യ ചിഹ്നം തന്നെയായിരുന്നു… പക്ഷേ വിമാന ജീവനക്കാരുടെ സേവന മികവുകൊണ്ടും, പലതത്തിലുള്ള വിനോദ മാർഗ്ഗങ്ങൾ ലഭ്യമായിരുന്നതിനാലും യാത്ര പൊതുവേ സുഖകരമായിരുന്നു…. വിമാനത്തിലെ ജനലഴികളിലൂടെ നോക്കുമ്പോൾ നോക്കെത്താ ദൂരത്ത് പരന്നുകിടക്കുന്ന മേഘ കീറുകൾ ദൃശ്യമായിരുന്നു…..വിമാനയാത്രയിൽ സാധാരണ കിട്ടുന്ന ഭക്ഷണത്തിനു പുറമെ ദീർഘയാത്രയിലെ ആലസ്യം മാറ്റാനായി ഇടയ്ക്ക് ചായയും, കാപ്പിയും, സോഫ്റ്റ്‌ ഡ്രിങ്ക്സും ആസ്വദിക്കാനുള്ള സൗകര്യവും വിമാനത്തിൽ ഒരുക്കിയിരുന്നു… അങ്ങനെ കുറെ അധികം സമയം, ഇരുന്നും, കുറച്ചു ഉറങ്ങിയും ഇടയ്ക്ക് നിന്നും യാത്രചെയ്തു പതിനാലു മണിക്കൂർ പത്തു മിനിറ്റ് പിന്നിട്ടപ്പോൾ ഞങ്ങൾ ന്യൂ യോർക്കിലെ ജോൺ എഫ് കെന്നഡി എയർപോർട്ടിൽ പറന്നിറങ്ങി …. പാഠപുസ്തകത്തിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും മാത്രം കണ്ടറിഞ്ഞ അമേരിക്കയുടെ വിസ്മയ തീരത്തേയ്ക്ക് ഒടുവിൽ ഞാനും കാലുകുത്തി….

വലിയ ആർഭാടങ്ങൾ ഒന്നുമില്ലാത്ത ഒരു സാധാരണ എയർപോർട്ട് ആയിരുന്നു ജോൺ എഫ് കെന്നഡി വിമാനത്താവളം …. സുരക്ഷാനടപടികൾ പകുതിയിൽ അധികവും ഒമാനിലെ എയർപോർട്ടിൽ വച്ച് അവസാനിച്ചതിനാൽ വിമാനത്താവളത്തിലെ പരിശോധനകൾക്ക് വേണ്ടി അവിടെ അധിക സമയം ചിലവഴിക്കേണ്ടി വന്നില്ല… താമസം നിശ്ചയിച്ചിരുന്ന ഹോട്ടലിൽ നിന്ന് സ്വീകരിക്കാനെത്തിയ ഡ്രൈവറെ പ്രതീക്ഷിച്ച് ഇറങ്ങിയ ഞങ്ങൾക്ക് നിരാശയായിരുന്നു ഫലം ….. കുറച്ചധികം സമയം അവിടെ കാത്തുനിൽക്കേണ്ടിവന്നതിനാൽ വിമാനത്താവളം ചുറ്റിക്കറങ്ങാൻ പറ്റിയൊരു അവസരമായി ഞങ്ങൾ അതിനെ ഉപയോഗപ്പെടുത്തി താമസിച്ചു വന്നതിന് ക്ഷമ ചോദിച്ചുകൊണ്ടായിരുന്നു ഹോട്ടലിൽ നിന്ന് ഞങ്ങളെ സ്വീകരിക്കാനെത്തിയ സർദാറിന്റെ രംഗപ്രവേശം…. ന്യൂ യോർക്ക് എന്ന മഹാനഗരത്തിലെത്തിയ ആവേശത്തിൽ യാത്ര തുടങ്ങിയ ഞങ്ങൾ കുറച്ചു ദൂരം പിന്നിട്ടപ്പോൾ മനോഹരമായ പാലങ്ങളും ഉയർന്ന കെട്ടിടങ്ങളും കാണാൻ തുടങ്ങി…..ജൂൺ മാസത്തിൽ പൊതുവെ വേനൽ കാലമായതിനാൽ വളരെ പ്രസന്നമായ കാലാവസ്ഥ ആസ്വദിച്ചുകൊണ്ടു തിരക്കേറിയ തെരുവുകൾ പിന്നിട്ട് ഞങ്ങളുടെ താമസസ്ഥലം ലക്ഷ്യമാക്കി യാത്ര തുടർന്നു…

ടൈം സ്‌ക്വയർ

ന്യൂയോർക്കിലെ സഞ്ചാരികളുടെ പറുദീസയാണ് മാൻഹട്ടൻ ടൗണിന് സമീപം സ്ഥിതി ചെയ്യുന്ന ടൈം സ്ക്വയർ…. ടൈം സ്ക്വയറിന് അടുത്തുള്ള എഡിസൺ ഹോട്ടലിലായിരുന്നു ഞങ്ങളുടെ താമസം നിശ്ചയിച്ചിരുന്നത്….. നൂറുകണക്കിന് ബിൽ ബോർഡുകളാൽ ആകർഷകമാക്കിയിരിക്കുന്ന ടൈം സ്ക്വയർ ന്യൂയോർക്കിലെ പ്രധാനപ്പെട്ട വ്യവസായ, വിനോദ കേന്ദ്രമാണ് …. ഹോട്ടലിൽ ചെന്ന് ചെറുതായൊന്ന് വിശ്രമിച്ച ശേഷം ഞങ്ങൾ ടൈം സ്ക്വയറിലൂടെ നടക്കാൻ ഇറങ്ങി… വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടി സംഗീതം, നൃത്തനൃത്യങ്ങൾ അവിടെ ഒരുക്കിയിരുന്നു… തൊട്ടടുത്ത ദിവസത്തേക്കുള്ള സിറ്റി ടൂറിന്റെ ടിക്കറ്റ് വിൽപ്പന നടത്തുന്നവരും, വാങ്ങുന്നവരും ഒരു വശത്തു…. ടൂർ ഗൈഡിന്റെ നിർദേശങ്ങൾ പാലിച്ച് വളരെ അച്ചടക്കത്തോടെ കൂടി വരി തെറ്റാതെ നടന്നു പോകുന്ന വൃദ്ധരായ വിനോദസഞ്ചാരികൾ…
വൈകുന്നേരങ്ങളിൽ അനുഭവപ്പെടുന്ന തിരക്കിനെ വകവയ്ക്കാതെ മാറി നിന്ന് ക്യാമറകളിലും ഫോണുകളിലുമായി ചിത്രങ്ങൾ പകർത്തുന്ന കമിതാക്കൾ… ഒരു വശത്ത് ചായയോടൊപ്പം ചിലർ ഗിത്താർ സംഗീതം ആസ്വദിക്കുന്നു.. നിശാസഞ്ചാരികളാണ് അവിടെ അധികവും… രാത്രി ആവുന്നതോട് കൂടിയാണ്
ടൈം സ്ക്വയർ സജീവമാകുന്നത് … ബില്ല്ബോർഡ് (പരസ്യ ബോർഡ്‌ ) പ്രകാശത്തിൽ മുങ്ങി നിൽക്കുന്ന ടൈം സ്ക്വയറിന്റെ കാഴ്ച നയനാനന്ദകരമാണ്…. രാത്രിയുടെ വൈകിയ യാമങ്ങളിൽ പോലും പ്രകാശവലയത്താൽ സമ്പന്നമായ ഈ തെരുവിന് ഉറക്കമില്ല….

രണ്ടാം ദിവസം നിശ്ചയിച്ചിരുന്ന ന്യൂയോർക്ക് സിറ്റി ടൂറിന്റെ ഭാഗമായി ഹോപ്‌ -ഓൺ ഹോപ്‌ ബസ്സിലായിരുന്നു ഞങ്ങളുടെ യാത്ര.. ബസ്സിലെ ഡ്രൈവർ തന്നെയാണ് ടിക്കറ്റ് നോക്കി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും, ഇടയ്ക്കിടെ യാത്രക്കാർക്ക് വേണ്ട നിർദ്ദേശങ്ങളും ഡ്രൈവർ തന്നെ നൽകുന്നു …. ബസ്സിൽ കയറുമ്പോൾ തരുന്ന ഇയർ ഫോണിലൂടെ ഗൈഡുകൾ സ്ഥലങ്ങൾ
വിശദീകരിച്ചു തരുന്നുണ്ട്…. ഇടവേളകളിൽ പതിഞ്ഞ സംഗീതത്തിന്റെ അകമ്പടിയും .. പാൻ അമേരിക്കൻ സ്ട്രീറ്റ് ലൂടെയും, ഡയമണ്ട് ഡിസ്ട്രിക്ട് ലൂടെയും, റേഡിയോ സിറ്റിയിലൂടെയും ബസ്സ് പതിയെ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു… തെരുവ് ഉണർന്നു തുടങ്ങുന്നതേയുള്ളൂ… ഉയരമുള്ള കെട്ടിടങ്ങൾ അവിടുത്തെ പ്രത്യേകതയാണ്… ചില സ്ഥലങ്ങളിൽ റോഡിന് നല്ല വലുപ്പം തോന്നിക്കുമെങ്കിലും ചിലയിടങ്ങളിൽ ഉയർന്ന കെട്ടിടങ്ങളും, കാൽനടക്കാരും വാഹനങ്ങളും കൂടി വളരെ ഇടുങ്ങിയ പ്രദേശമായി കാണപ്പെടുന്നു …. തീയറ്ററുകളും ബ്രോഡ്‌വേ തിയേറ്ററുകളും ഉൾകൊള്ളുന്ന തിയറ്റർ ഡിസ്ട്രിക്ട്… റോഡിന് ഇരുവശവും ജ്വല്ലറി ഷോപ്പുകളാൽ കമനീയമായ ഡയമണ്ട് ഡിസ്ട്രിക്റ്റ്…. റോക്ക്ഫെല്ലർ, പാൻ അമേരിക്കൻ അവന്യൂ എന്നിവയിലൂടെയുള്ള യാത്ര ന്യൂയോർക് സിറ്റിയുടെ ആത്മാവ റിയാൻ ഞങ്ങളെ സഹായിച്ചു …. ബസ്സിൽ നിന്നും ഹോട്ടൽ റിസപ്ഷനിൽ നിന്നും ലഭിക്കുന്ന മാപ്പിന്റെ സഹായത്തിൽ ഞങ്ങൾക്ക് ഇറങ്ങേണ്ട സ്റ്റോപ്പും, ഹോപ്പ് ഓൺ ഹോപ്പ് ഓഫ് ബസിന്റെ സ്റ്റോപ്പുകളും മനസ്സിലാക്കാൻ സാധിച്ചു….. യാത്ര അവസാനിക്കുന്നത് ലിബർട്ടി തുറമുഖത്താണ്….

സ്റ്റാച്യു ഓഫ് ലിബർട്ടി

അമേരിക്ക എന്ന് കേൾക്കുമ്പോൾ മനസ്സിൽആദ്യം തെളിഞ്ഞുവരുന്ന ചിത്രങ്ങളിലൊന്നാണ് സ്റ്റാച്യു ഓഫ് ലിബർട്ടി…. അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് ഹാർബറിൽ, ലിബർട്ടി ദ്വീപിൽ സ്ഥിതി ചെയ്യുന്ന നിയോക്ലാസിക്കൽ പ്രതിമയാണ് സ്റ്റാച്യു ഓഫ് ലിബർട്ടി… അമേരിക്കക്കാർക്ക് ഫ്രഞ്ചുകാർ നൽകിയ ഒരു സമ്മാനമായാണ് ഈ പ്രതിമ അറിയപ്പെടുന്നത്… സ്വാതന്ത്ര്യത്തിന്റെ പ്രതിരൂപമായ റോമൻ ദേവതയാണ് ഇതിൽ എന്ന് അമേരിക്കക്കാർ വിശ്വസിക്കപ്പെടുന്നു… ഒരു കയ്യിൽ ദീപശിഖയും മറുകയ്യിൽ സ്വാതന്ത്ര്യപ്രഖ്യാപനഫലകവും കയ്യിലേന്തിയാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്….സ്റ്റാച്യു ഓഫ് ലിബർട്ടി ബോട്ട് യാത്രയ്ക്കായി ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തിരുന്നത് കൊണ്ട് ഞങ്ങൾക്ക് അധികസമയം പാഴാക്കേണ്ടിവന്നില്ല… യാത്രയ്ക്കായി നിശ്ചയിച്ച നൗകയിൽ ഹഡ്സൺ (hudson) നദിയുടെ ഓളങ്ങളെ തഴുകിക്കൊണ്ടൊരു യാത്ര ആസ്വാദകരംതന്നെയാ യിരുന്നു …. അമേരിക്കൻ ഇംഗ്ലീഷ് പറയുന്ന ഗൈഡിന്റെ ഭാഷ കുറച്ചു കടുപ്പം ആയിരുന്നതിനാൽ പറയുന്നതൊക്കെ മനസ്സിലാവുന്നു എന്ന മട്ടിൽ ഞങ്ങൾ തലയാട്ടികൊണ്ടിരുന്നു…. ലിബർട്ടി ദ്വീപിന്റെ ഒരു ഭാഗത്ത് ന്യൂജേഴ്സി സിറ്റി ആണെന്നും അവിടെ ജീവിതച്ചെലവ് തുലോം കുറവായതിനാൽ ജനവാസംവളരെ കൂടുതലാണെന്നും ഗൈഡിന്റെ വാക്കുകളിലൂടെ മനസ്സിലായി…. പ്രവാസികളായ മലയാളികൾ കൂടുതൽ ന്യൂജേഴ്സി സിറ്റിയിൽ ആണ് താമസിക്കുന്നത്…

വൺ വേൾഡ് ഒബ്സെർവേറ്ററി

രണ്ടായിരത്തിയൊന്നു സെപ്റ്റംബറിന്റെ തണുത്ത പ്രഭാതത്തിലെ ഒരു മരവിച്ച ഓർമ്മയായി ഇന്നും അമേരിക്കക്കാർ ഞെട്ടലോടെ ഓർക്കുന്ന ഒന്നാണ് വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണം…. അന്ന് നാമാവശേഷമായ വേൾഡ് ട്രേഡ് സെന്ററിന്റെ പുതുക്കിപ്പണിതരൂപമാണ് വൺ വേൾഡ് ട്രേഡ് സെന്റർ … ഫ്രീഡം ടവർ എന്നും ഇത് അറിയപ്പെടുന്നു
… .യുണൈറ്റഡ് സ്റ്റേറ്റിൽ നിലവിലുള്ളതിൽ വെച്ച് ഏറ്റവും ഉയരമുള്ള കെട്ടിടമാണിത് …… ദുരന്തത്തിന്റെ ബാക്കി പത്രം എന്ന നിലക്ക് അന്നത്തെ ഭീകരാക്രമണത്തിൽ മരണപ്പെട്ടവരോടുള്ള ആദരസൂചകമായി അടുത്തുതന്നെ ഒരു സ്മാരകവും, മ്യൂസിയവും പണികഴിപ്പിച്ചിട്ടുണ്ട്…. മരണപ്പെട്ടവരുടെ പേരുകൾ അവിടെ ഒരു ഫലകത്തിൽ കൊത്തിവെച്ചിട്ടുണ്ട് വിനോദസഞ്ചാരികൾക്ക് അവിടെ സന്ദർശിക്കാനും ഫോട്ടോയെടുക്കുവാനും അനുവദിച്ചിട്ടുണ്ടെങ്കിലും, നിശബ്ദത പാലിക്കണമെന്ന് ഗൈഡ് പ്രത്യേകം ഓർമ്മപ്പെടുത്തിയിരുന്നു …… വൺ വേൾഡ് ട്രേഡ് സെന്റർ ഇന്റെ ഏറ്റവും ഉയർന്ന നിലയിലേക്കുള്ള ലിഫ്റ്റ് യാത്ര വളരെ മനോഹരമാണ്…. ഏറ്റവും മുകളിലെ നിലയിൽ നിന്ന് നോക്കിയാൽ ബ്രൂക്ക്ലിൻ ബ്രിഡ്ജ് ഉൾപ്പെടെ ന്യൂയോർക്ക് സിറ്റിയുടെ ഏകദേശരൂപം കാണാം …. വേൾഡ് ട്രേഡ് സെന്ററിന്റെ ആക്രമണ ഫലമായി അമേരിക്കക്കാർക്ക് മുസ്ലിങ്ങളോടുള്ള ഉള്ള വൈര്യം വർദ്ധിച്ചതും, മുസ്ലീങ്ങൾ ആണെന്ന് തെറ്റിദ്ധരിച്ച് തലപ്പാവ് ധരിച്ചിട്ടുള്ള പല സർദാർക്കൻമാരെയും ഉപദ്രവിച്ചിരുന്നതും ഗൈഡിന്റെ വാക്കുകളിലൂടെ ഞങ്ങൾക്കറിയാൻ കഴിഞ്ഞു……

ആഷ്‌ന സുൽഫിക്കർ ഒമാൻ

                   (തുടരും )

About ashnasulfi

Check Also

കേൾ ഫ്ലവർ

  കേൾ ഫ്ലവർ. ആവശ്യമുള്ള സാധനങ്ങൾ. …………………………………………… ക്രാഫ്റ്റ് പേപ്പർ :ഗ്രീൻ & other കളർ ബാർബിക്യൂസ്റ്റിക്: ക്രേ പ്പ് …

Leave a Reply

Your email address will not be published. Required fields are marked *