നയാഗ്ര വെള്ളച്ചാട്ടം
രണ്ടു ദിവസത്തെ ന്യൂയോർക്ക് സന്ദർശനം കഴിഞ്ഞു ലോകത്തിലെ ഏറ്റവും വലിയ ജല പാതങ്ങളിൽ ഒന്നായ നയാഗ്രയിലേക്ക് ഞങ്ങൾ യാത്രയായി… നേരത്തെ തന്നെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ഗ്രെ ഹൗണ്ട് ബസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു… നയാഗ്രയിലേക്ക് എട്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന
ബസ് യാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്… ബസ് സ്റ്റേഷനിൽ മുൻപരിചയം ഇല്ലാത്തതിനാൽ പലരോടും ചോദിച്ചറിഞ്ഞതിനു ശേഷം മാത്രമാണ് ബസ്സുകളുടെ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് ഞങ്ങൾക്ക് പ്രവേശിക്കാൻ കഴിയുന്നത്… ടിക്കറ്റ് പരിശോധിച്ചശേഷം ഞങ്ങൾക്ക് നിശ്ചയിച്ച ബെസ്സിലേക്കു കയറാനുള്ള വരിയിൽ സ്ഥാനമുറപ്പിച്ചു …. കെട്ടിലും മട്ടിലും ഒരേ പോലെ തോന്നിക്കുന്ന ബസ്സുകൾ യാത്രയ്ക്ക് സജ്ജമായി നിർത്തിയിട്ടിരിക്കുന്നു… യാത്രക്കാരെല്ലാം ബസ്സിലെ ലഗേജ് കോർണറിൽ ലഗേജ് വെക്കുന്ന തിരക്കിലാണ്…. ഒട്ടും സമയം കളയാതെ ഞങ്ങളും ഞങ്ങളുടെ ലഗേജുകൾ യഥാസ്ഥാനത്ത് വെച്ച് സീറ്റ് ഉറപ്പിക്കാനായി ബസ്സിലേക്ക് കയറി… ബസ്സിൽ ഒച്ചവെക്കരുതെന്ന് നിർദ്ദേശം തന്ന് ഡ്രൈവർ യാത്ര തുടങ്ങി….
യാത്രക്കാരിൽ പലരും ഉറക്കത്തെ കൂട്ട് പിടിച്ചിരിക്കുകയാണ്…. വൈഫൈ ഫ്രീ ആയിരുന്ന ബസ്സിൽ ഭൂരിപക്ഷം പേരും ഫോണിൽ
തോണ്ടി കളിക്കുന്നു, മറ്റു ചിലരാകട്ടെ യാത്ര തുടങ്ങിയത് മുതലെ സ്നാക്ക് കൊറിക്കുന്ന തിരക്കിലാണ്… ന്യൂയോർക്ക് സിറ്റിയിൽ നിന്നും നയാഗ്രയിലേക്കുള്ള ബസ്സ് യാത്ര പുതുമകൾ നിറഞ്ഞതായിരുന്നു… ഇരുവശവും പച്ചപ്പുനിറഞ്ഞ റോഡിലൂടെയുള്ള യാത്ര ഒരു വയനാടൻ ഉൾഗ്രാമത്തെ ഓർമ്മപ്പെടുത്തുന്നതായിരുന്നു…ആൾതാമസം വളരെ കുറവാണെന്ന് തോന്നിക്കുന്ന പ്രദേശങ്ങളിലൂടെ ആയിരുന്നു ഞങ്ങളുടെ യാത്ര…. എന്നാൽ ഇടയ്ക്ക് ചർച്ച്കളും , ജനവാസകേന്ദ്രങ്ങളും ചെറിയ വ്യാപാരസ്ഥാപനങ്ങളു മൊക്കെയായി ഗ്യാസ് സ്റ്റേഷനുകൾ ദൃശ്യമായിരുന്നു…. ഓരോ പ്രദേശങ്ങളുടേയും കാലാവസ്ഥാ വൈവിധ്യം അനുസരിച്ചാണ് അവിടുത്തെ വീടുകൾ സംവിധാനിച്ചിരിക്കുന്നത്…. ശൈത്യകാലത്ത് ശക്തിയായി മഞ്ഞുവീഴ്ച അനുഭവപ്പെടുന്നതിനാൽ വീടിന്റെ മേൽക്കൂരകൾ ചെരിഞ്ഞ രീതിയിലാണ് പണി കഴിപ്പിച്ചിട്ടുള്ളത്……. യാത്രയിൽ ചെറിയ നീർച്ചോലകളും, മുക്കുറ്റി പൂവിനെ അനുസ്മരിപ്പിക്കുന്ന മഞ്ഞനിറമുള്ള പൂക്കളും ദൃശ്യമാകുന്നുണ്ട്… വിക്ടർ സ്ട്രീറ്റ്, സെന്റ് ജോൺ ഫിഷർ കോളേജ്, ഗുഡ് മാൻ സ്ട്രീറ്റ് എന്നിവ പിന്നിട്ട് ഞങ്ങൾ അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നു…. ഇടയ്ക്ക് വിശ്രമത്തിനായി ബസ്സ് ഏതെങ്കിലും ഗ്യാസ് സ്റ്റേഷനിൽ നിർത്തിയിടുന്നത് യാത്രയുടെ അലസത മാറ്റാൻ കാരണമായി …. വൃത്തിയും വെടിപ്പുമുള്ള അവിടുത്തെ റോഡുകളെയും വാഹനങ്ങളെയും പറ്റി പ്രത്യേകം എടുത്തു പറയേണ്ടത് തന്നെയാണ്….
ഗ്രെ ഹൗണ്ട് ബസ് സ്റ്റേഷനിൽ യാത്ര അവസാനിക്കുമ്പോൾ താമസസ്ഥലത്തേക്ക് പോകാനുള്ള വാൻ തയ്യാറായി കിടക്കുന്നുണ്ടായിരുന്നു… മഞ്ഞനിറത്തിലുള്ള അമേരിക്കൻ ടാക്സികൾ തിരിച്ചറിയാൻ വളരെ എളുപ്പമായിരുന്നു, എന്നാൽ ടാക്സിയിൽ യാത്രക്കാരുടെ എണ്ണത്തിൽ പ്രത്യേക നിഷ്കർഷയുണ്ട്…. നാലിൽ കൂടുതൽ യാത്രക്കാർ ഉണ്ടെങ്കിൽ വാൻ നിർബന്ധമാണ്… അകലെ നിന്നും നയാഗ്ര വെള്ളച്ചാട്ടത്തിന്റെ ശക്തമായ ഒഴുക്കിൽ നിന്നു രൂപപ്പെടുന്ന വെളുത്ത പുക ഡ്രൈവർ ഞങ്ങൾക്ക് കാണിച്ചു തന്നു… ഹോവാർഡ് ജോൺസൺ എന്ന ഹോട്ടലിൽ ആണ് ഞങ്ങളുടെ താമസം നിശ്ചയിച്ചിരു ന്നത്….. അവിടെനിന്ന് നടക്കാവുന്ന ദൂരമേ നയാഗ്രാ ജലപാതത്തിലേക്ക് ഉണ്ടായിരുന്നുള്ളൂ…
ഏക്കറുകണക്കിന് വിശാലമായിക്കിടക്കുന്ന നയാഗ്ര സ്റ്റേറ്റ് പാർക്കിലേക്കാണ് നാം ആദ്യം കയറിച്ചെല്ലുന്നത്.. അമേരിക്കയിലെ ഏറ്റവും പഴയ സ്റ്റേറ്റ് പാർക്കുകളിൽ ഒന്നാണ് നയാഗ്ര സ്റ്റേറ്റ് പാർക്ക്…. .. നടന്നു ക്ഷീണിച്ചവർക്കായി വിശ്രമിക്കാൻ ബെഞ്ചുകളും, ഐസ്ക്രീം പാർലറുകളും റസ്റ്റോറന്റ് കളും അവിടെ സംവിധാനിച്ചിട്ടുണ്ട്…. നയാഗ്ര അഡ്വഞ്ചർ തിയറ്റർ, അക്വേറിയം, വിസിറ്റർ സെന്റർ എന്നിവയെല്ലാം അടങ്ങിയതാണ് നയാഗ്ര സ്റ്റേറ്റ് പാർക്ക്….
അമേരിക്കൻ ഫാൾസ്, കനേഡിയൻഹോർസ് ഷൂ ഫാൾസ് , ബ്രൈഡൽ വെയിൽ ഫാൾസ് എന്നീ വെള്ളച്ചാട്ടങ്ങളുടെ ഒരു സമന്യയമാണ് നയാഗ്ര വെള്ളച്ചാട്ടം… ന്യൂയോർക്ക് സിറ്റിയുടെയും, കാനഡയുടെയും അതിർത്തി പങ്കിടുന്ന സ്ഥലത്താണ് നയാഗ്ര വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്…
നയാഗ്ര ജലപാതത്തിന്റെ ഭംഗി വിവരണാതീതമാണ് …ഹരിത വർണ്ണ നിറത്തിലുള്ള വെള്ളം നയാഗ്രയുടെ ഭംഗിക്ക് മാറ്റുകൂട്ടുന്നു… ഇടയ്ക്കിടയ്ക്ക് വിരിയുന്ന മഴവില്ലുകൾ സഞ്ചാരികൾക്ക് പ്രകൃതി ചാരുത സമ്മാനിക്കുന്നു… അവിടെ എത്തുന്ന സഞ്ചാരികളെക്കാൾ കൂടുതൽ കടൽ പക്ഷികളാണോ എന്ന് തോന്നിക്കുമാറ് സ്റ്റേറ്റ് പാർക്കിന്റെ ഒരു ഭാഗം കടൽ പക്ഷികളും കൈയടക്കിയിരിക്കുന്നു…. സ്റ്റേറ്റ് പാർക്കിലൂടെ ഉള്ള നടത്തം പൊതുവേ നിശബ്ദത നിറഞ്ഞതാണെങ്കിലും ജലപാതത്തില്ലേക്കു അടുക്കും തോറും ഒഴുക്കിന്റെ ശക്തിയിൽ നിന്നുയരുന്ന ശബ്ദവും, കടൽ പക്ഷികളുടെ കരച്ചിലുമൊക്കെ ആയി അവിടം ശബ്ദമുഖരിതമാണ്… ജലപാതത്തിന്റെ ഒരു ഭാഗത്തായി കാനഡയിലേക്ക് പോകാനുള്ള റെയിൻബോ ബ്രിഡ്ജ് ദൃശ്യമാണ്…ആദ്യകാലത്ത് നയാഗ്ര വെള്ളച്ചാട്ടത്തിലെ ഒഴുക്ക് തടസ്സപ്പെടുത്തിയിരിക്കുകയായിരുന്നു …. ചുരുക്കം ചില ആളുകളുടെ കൈയിലായിരുന്നു അതിന്റെ അധികാരം… പല സന്ധികളിലൂടെയും, സമാധാന ചർച്ചകളിലൂടെയുമാണ് നയാഗ്രയുടെ ഒഴുകുവാൻ ഉള്ള സ്വാതന്ത്ര്യം വീണ്ടെടുത്തത്.. അതിനായി ഒരു യുദ്ധം തന്നെ നടന്നുവെന്നു പറയപ്പെടുന്നു… . വെള്ളത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കാമെന്നും, അത് വികസനത്തിന് കാരണമാകുമെന്നും ബോധ്യപ്പെടുത്തി കൊടുത്തപ്പോഴാണ് നയാഗ്ര വെള്ളച്ചാട്ടത്തെ ഒഴുകാൻ അനുവദിച്ചിരുന്നതെന്നാണ് ചരിത്രം… .. ഈ ചരിത്രം അവിടെ ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്…. ജലപാതത്തിലെ തുറന്ന ബോട്ടിലൂടെയുള്ള യാത്ര സാഹസികത നിറഞ്ഞതായിരുന്നു..,, വെള്ളത്തിന്റെ ശക്തിയും ഒഴുക്കും അനുഭവിച്ചറിയണമെങ്കിൽ ആ യാത്ര അനിവാര്യമാണ്…. cave of the wind, maid of the mist എന്നീ പേരുകളിലാണ് ബോട്ട് യാത്ര അറിയപ്പെടുന്നത് …. ഈ ബോട്ട് യാത്രയ്ക്ക് പോകുന്നവർക്ക് പ്രത്യേക നിറത്തിലുള്ള റെയിൻകോട്ട്കളും പാദരക്ഷകളും ലഭ്യമായിരുന്നു ….. അമേരിക്കൻ ഭാഗത്തുനിന്ന് ബോട്ട് യാത്രയ്ക്ക് പോകുന്നവർക്ക് മഞ്ഞനിറത്തിലും, നീലനിറത്തിലുമുള്ള റെയിൻ കോട്ടുകൾ ആണെങ്കിൽ കനേഡിയൻ ഭാഗത്തുനിന്നു വരുന്നവർക്ക് ചുവപ്പു നിറത്തിലുള്ള റെയിൻ കോട്ടുകൾ ആണ് നിശ്ചയിച്ചിരിക്കുന്നത്…. വിവിധ വർണ്ണത്തിലുള്ള റെയിൻ കോട്ടുകൾ ധരിച്ച സഞ്ചാരികളെ കാണുമ്പോൾ യൂണിഫോം ധരിച്ച് അസംബ്ലിക്കായി നിരന്നുനിൽക്കുന്ന വിദ്യാർത്ഥികളെയാണ് ഓർത്തുപോകുന്നത്….നയാഗ്രയുടെ ഒഴുക്ക് കാണുന്നതിനായി ഹെലികോപ്റ്റർ റൈഡുകൾ അവിടെ ലഭ്യമായിരുന്നു… ശീതകാലത്ത് നയാഗ്രയുടെ ഒഴുക്കു നിലച്ചു മൊത്തമായി തണുത്തുറഞ്ഞു പോകുമെന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ ആയില്ല …. നോക്കുന്തോറും മനോഹാരിത കൂടിവരുന്ന നയാഗ്ര ജലപാതത്തിലെ സന്ദർശനം കഴിഞ്ഞ് തിരിച്ചപ്പോൾ മനസ്സിന് എന്തോ ഒരു നഷ്ടബോധം പോലെ…. സന്ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ പഞ്ചാബി ഹട്ട് എന്നും, ഇന്ത്യൻ ലീഫ് എന്നും പേരുള്ള ഇന്ത്യൻ റസ്റ്റോറന്റ്കൾ കാണുന്നുണ്ടായിരുന്നു…. അമേരിക്കയിലെ ഇന്ത്യയിൽ നിന്നുള്ള പ്രവാസികളിൽ കൂടുതലും പഞ്ചാബികൾ ആണെങ്കിലും ഇന്ത്യയിൽനിന്നുള്ള ടൂറിസ്റ്റുകളിൽ അധികവും തമിഴ്നാട്ടുകാർ ആണെന്നാണ് ഞാൻ മനസ്സിലാക്കിയത് …. പ്രകൃതിയുടെ അത്ഭുതം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന നയാഗ്രയുടെ കാഴ്ചകൾ അയവിറക്കി കൊണ്ട് ഞങ്ങൾ യാത്ര തുടർന്നു….
ആഷ്ന സുൽഫിക്കർ
Ithu vaayikumbol nammal kanunna poleyund. Atreyum nannayi ezhuthiyitund.