പുരോഗതിയിലേക്കുള്ള പാതയിൽ മനുഷ്യർ ഇന്ന് ഒരു പാട് മുന്നിലാണ്.അസംഖ്യം സാമൂഹിക പരിഷ്കർത്താകൾ,സാംസ്ക്കാരിക നേതാക്കൾ കാലയവനികക്കുള്ളിൽ മറഞ്ഞു….പ്രബോധനം എന്ന ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റുമ്പോളും അജ്ഞതയിലാണ്ടു കിടന്നിരുന്ന ഒരു സമൂഹത്തെ നന്മയിലേക്കും അതുവഴി സാമൂഹിക ഉന്നമനത്തിലേക്കും നയിച്ച മുഹമ്മദ് നബി(സ) എന്ന അനിഷേദ്ധ്യ നേതാവിനെ ഇന്നേവരെ ലോകം കണ്ടിട്ടില്ല…..
ജഹാലത്തിനെ അട്ടിമറിച്ച് കൊണ്ടാണ് അറേബ്യയിൽ നബി(സ)യുടെ രംഗപ്രവേശമുണ്ടായിരുന്നത്…..
സാമൂഹിക രംഗത്തെ അസമത്വവും,സാമ്പത്തിക അരാജകത്വവും ദൂരീകരിക്കാനാണ് അവിടുന്ന് ആദ്യം ശ്രമിച്ചത്……
മുഹമ്മദ്(സ) എന്ന വിമോചകൻ
*******************************
പരസ്പരം ശത്രുതയോടെ വർത്തിച്ചിരുന്ന ഗോത്രങ്ങളെ ഐക്യപ്പെടുത്താനാണ് നബി(സ) കരുക്കൾ നീക്കിയത്…..മനുഷ്യകുലത്തെ ഉത്ബോധനം നടത്തിയ ഖുർആൻ വിശ്വ മാനവികതയെ കുറിച്ച് ഉത്ബോധനം നടത്തി…..നബി(സ) യെ വിമർശിച്ചിരുന്നവർ പോലും ആശബ്ദം ശ്രദ്ധിക്കേണ്ടി വന്നു….അവർ നബി (സ) യിൽ ഒരു വിമോചകനെ കാണുകയായിരുന്നു…
പരോക്ഷമായി നബി(സ) യുടെ ഗുണ കാംക്ഷികളായി മാറിയെങ്കിലും പ്രത്യക്ഷത്തിൽ വരാൻ ആർക്കും ധൈര്യമുണ്ടായില്ല.എന്നാൽ നബി(സ) പ്രതീക്ഷയോടെ മുന്നോട്ടു നീങ്ങി…..
തൌഹീദ്….
**********
ആറാം നൂറ്റാണ്ടിൽ തൌഹീദിനെതിരെയുള്ള ശക്തികൾ സർവത്ര സജീവമായിരുന്നൂ.എണ്ണമറ്റ ദൈവങ്ങളെ വണങ്ങിയിട്ടും മനുഷ്യരുടെ പ്രശ്നങ്ങൾ തീരുന്നുണ്ടായിരുന്നില്ല.ഈ സാഹചര്യത്തിലാണ് ദൈവങ്ങളെ വർജ്ജിക്കുക എന്ന സന്ദേശവുമായി നബി(സ) രംഗത്തിറങ്ങുന്നത്.ഖുറൈശികൾക്ക് ഇതു സ്വീകാര്യമായില്ല.ഇവരെ തൌഹീദിൻറെ വാക്താക്കളാക്കാൻ നബി(സ) കഠിനാദ്ധ്വാനം ചെയ്യേണ്ടി വന്നു…..പലപ്പോഴും വിയോജിപ്പ് മർദ്ദനങ്ങൾ ആയി മാറിയപ്പോൾ നബി(സ) ആത്മസംയമനം പാലിച്ചു…..
ത്വായിഫിൽ വെച്ച് എല്ലാം നശിപ്പിക്കപ്പെടുമായിരുന്നു.സ്വജനതയുടെ കല്ലേറുകൊണ്ട് തളർന്നവശനായി ഇരുന്നു പോയ പ്രവാചകർ ഒന്നു തലയാട്ടിയാൽ മതിയായിരുന്നു ത്വായിഫ് കീഴ്മേൽ മറിയാൻ.
എന്നാൽ അവരുടെ സന്താനങ്ങളെങ്കിലും ഇസ്ലാമിലേക്കു വരുമെങ്കിൽ അതാണ് നല്ലതെന്ന് ചിന്തിച്ച നബി(സ)അതിനു വിസമ്മതിച്ചു.പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു.കാലക്രമത്തിൽ ഇസ്ലാമിലേക്ക്ജനങ്ങൾ ഒഴുകിയെത്തി.വിഗ്രഹാരാധന കുറഞ്ഞു വന്നു.തൌഹീദിൻറെ വെളിച്ചം മക്ക വിട്ട് പുറം നാടുകളിൽ അലയടിച്ചു…..
നീതിശാസ്ത്രത്തിൻറെ പൊളിച്ചെഴുത്ത്
************************************
സമൂഹത്തിൽ നിലനിന്നിരുന്ന സർവ്വത്ര അസമത്വങ്ങളും നബി(സ) പൊട്ടിച്ചെറിഞ്ഞു.മനുഷ്യൻറെ പിരടികളിൽ ഭാണ്ഡം പോലെ അവ കനം തൂങ്ങിയിരുന്നു. സമ്പത്തുള്ളവനും ഇല്ലാത്തവനെന്നുമുള്ള വ്യത്യാസം നിലനിന്നിരുന്ന അന്ന് ആഡ്യവർഗ്ഗത്തിൻറെ മേൽകോയ്മക്കെതിരെ ശബ്ദമുയർത്തി.മക്കയിലെ നീതിശാസ്ത്രം പൊളിച്ചെഴുതി.ഭൌതികമായ സ്ഥാന മാനങ്ങൾ നീതി നടപ്പാക്കുന്നതിൽ സ്വാധീനിച്ചില്ല.തെറ്റുകൾക്ക് എല്ലാവരും ശിക്ഷ അനുഭവിക്കേണ്ടി വന്നു. എൻറെ മകൾ ഫാത്വിമ മോഷ്ടിച്ചാലും കൈ ഞാൻ മുറിക്കുമെന്ന് പറയാൻ നബി(സ) യെ കൂടാതെ മറ്റേത് പരിഷ്കർത്താവിനാണ് കഴിയുക…
ഭദ്രമായ സാമ്പത്തിക അടിത്തറ
*****************************
സാമ്പത്തിക ചൂഷണങ്ങൾ എല്ലാ അർത്ഥത്തിലും ആറാം നൂറ്റാണ്ടിനെ ഗ്രസിച്ചിരുന്നു…ദരിദ്രരും,ദുർബലരുംസമ്പന്നരുടെ കാരുണ്യത്തെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്.പലിശയും,ചൂതും സാമ്പത്തിക വഞ്ചനകളും അവിടുന്ന് നിർമാർജ്ജനം ചെയ്തു.. ഇത് സാമ്പത്തിക മേഖലയിൽ നവജീവൻറെ തുടിപ്പുകൾക്ക് രൂപം നൽകി.പാവപ്പെട്ടവരുടെ മനസ്സിൽ കുളിർമഴ പെയ്തു….കാരുണ്യത്തിൻറെ അർത്ഥത്തെ പറ്റി ശക്തർക്ക് വളരെ കുറച്ചേ അറിയുമായിരുന്നുള്ളൂ.നബി(സ)സമ്പന്നരെ പഠിപ്പിച്ചതുദരിദ്രരെ ഇഷ്ടപ്പെടുകയും,അവരോട് കരുണ കാട്ടുകയും ചെയ്യാൻ മാത്രമല്ല മറിച്ച് ദരിദ്രരുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുവാനുള്ള ഉപാധികൾ പ്രദാനം ചെയ്യാൻ കൂടിയാണ്.മനസ്സറിഞ്ഞ് ചെയ്യുന്ന ദാനങ്ങൾക്കു പുറമെ,നബി(സ)വരുമാനത്തിൻറെ രണ്ടര ശതമാനം സക്കാത്ത് ആയി നൽകണമെന്നുകൂടി അനുശാസിച്ചു.
സ്ത്രീ സ്വാതന്ത്രം
******************
സ്ത്രികളുടെ സമൂഹത്തിലെ സ്ഥാനം മെച്ചപെടുത്തുകയും,അവരുടെ അവകാശങ്ങൾക്കു വേണ്ടി പരിശ്രമിക്കുകയും ചെയ്തു പ്രവാചകർ……
സ്ത്രീകളെ സ്വകാര്യ സ്വത്തായിട്ടായിരുന്നു അക്കാലത്ത് കരുതി പോന്നത്.പല രക്ഷിതാക്കളും പെൺമക്കളെ ജനനസമയത്ത് തന്നെ കുഴിച്ചുമൂടിയിരുന്നു. ദാരിദ്രം ഭയന്ന് ചെയ്തിരുന്ന ലജ്ജാകരമായ ഈ സമ്പ്രദായത്തിനു പ്രവാചകൻ അറുതിവരുത്തി….നമ്മുടെ പ്രവാചകനാണ് സ്ത്രീകൾക്ക് പുരുഷൻമാർക്കെന്നതു പോലെ അവകാശങ്ങളുണ്ടെന്ന് പ്രഖ്യാപിച്ചത്.
ഭാര്യമാർ എന്ന നിലയിൽ സ്ത്രീകളോടുള്ള പെരുമാറ്റത്തിൽ വളരെയധികം ശ്രദ്ധ പുലർത്തണം എന്ന് നബി(സ)നമ്മെ ഉപദേശിച്ചു….
“നിങ്ങളുടെ കൂട്ടത്തിൽ ഏറ്റവും നല്ല വ്യക്തി ഭാര്യയോട് ഏറ്റവും. നന്നായി പെരുമാറുന്ന ആളാണ്”…..
ഏറ്റവും താഴ്ന്ന തലത്തിൽ നിന്ന് ഏറ്റവും ഉയർന്ന തലത്തിലേക്ക് സ്ത്രീകളുടെ പദവി ഉയർത്തി അതോടൊപ്പം സ്ത്രീകൾക്ക് പിൻതുടർച്ചാവകാശത്തിനുള്ള അവകാശവും നൽകി…….
മദ്യ നിരോധനം
*****************
മദ്യം അറബികളുടെ സ്വഭാവമായിരുന്നു.മദ്യമില്ലാത്ത രാത്രികൾ അചിന്ത്യം.അന്ന് സമൂഹത്തിൽ വേരൂന്നിയ മിക്ക അനാചാരങ്ങൾക്കും കാരണം മദ്ധ്യമായിരുന്നു.മദ്യത്തിൻറെ ഉപയോഗത്തിലൂടെ മനുഷ്യൻ കൂടുതൽ അധമനായി തീരുന്നതും നബി(സ) മനസ്സിലാക്കി…..അവിടുന്ന് ആ അവിശുദ്ധ പാനിയത്തിനെതിരെ മനുഷ്യ മനസ്സുകളിൽ ശത്രുത സൃഷ്ടിച്ചു…..ക്രമേണ അവർ മദ്യത്തെ വെറുത്തു തുടങ്ങി……
മൂന്നു ഘട്ടങ്ങളായി ഖുർ ആനിൽ വന്ന മദ്യ നിരോധനം സ്വീകരിക്കാൻ അവർ വിമുഖത കാട്ടിയില്ല……. ഇരുപതാം നൂറ്റാണ്ടിലെ പരിഷ്കർത്താകൾക്ക് ചെയ്യാൻ സാധിക്കാത്ത കാര്യമാണ് ആയിരത്തി നാനൂറ് വർഷങ്ങൾ മുമ്പ് നബി(സ) മയ്ക്കു ചെയ്യാൻ കഴിഞ്ഞത്…..
അറിവിൻറെ വെളിച്ചം
*********************
അക്ഷരങ്ങളുടെ വെളിച്ചവുമായി പ്രവാചകർ(സ) ജനമധ്യത്തിലിറങ്ങി…..
വിദ്യ നുകരാൻ ആവശ്യയമെങ്കിൽ ചൈന വരെ പോകണമെന്ന് നബി(സ) ഉൽബോധിപ്പിച്ചു…. ചൈന അന്ന് അപ്രാപ്യമായിരുന്നു.എന്നാലും അറിവ് അവിടെയാണെങ്കിൽ അങ്ങോട്ട് പോകണമെന്ന് നബി(സ)പറഞ്ഞു…..
‘പണ്ഡിതൻറെ മഷി രക്തസാക്ഷിയുടെ ചോരയേക്കാൾ വിശുദ്ധമാണെന്നും ‘അവിടുന്നു പഠിപ്പിച്ചു….നബി(സ) യുടെ വാക്കുകൾ പുലർന്നു…മുസ്ലീം പ്രതിഭകൾ അറിവു നേടാനായി നാടുകളിൽ നിന്നും നാടുകളിലേക്കു സഞ്ചരിച്ചു.. ഇസ്ലാമിക വിശ്വാസത്തിനു മുതൽ കൂട്ടായി പല ഗ്രന്ഥങ്ങളും രചിക്കപ്പെട്ടു…ഇസ്ലാം മതവും വിശ്വാസവുമെല്ലാം ലോകത്തിൻറെ നെറുകയിൽ എത്തി….
ഇവിടെ സാധു ടി എൽ വസ്വാനിയുടെ വാക്കുകൾ ഓർക്കുന്നതു ഉചിതമായിരിക്കും……”മുഹമ്മദ് നബിയെ ലോകനേതാക്കളിൽ സമോന്നതനായാണ് ഞാൻ കാണുന്നത്……അടിസ്ഥാന വർഗ്ഗത്തിൻറെ ഉന്നമനത്തിനായി പ്രവർത്തിച്ച മഹാത്മാവാണദ്ദേഹം.അദ്ദേഹം പ്രബോധനം ചെയ്ത ദർശനം മാനവരാശിക്കുണ്ടാക്കിയ പുരോഗതി നിസ്തുല്യമാണ്.സാമൂഹിക തിൻമകൾ വിപാടനം ചെയ്ത് നന്മ പകരം പ്രതിഷ്ടിച്ചു നബി…..( സാധു ടി എൽ വസ്വാനി)
പ്രവാചകവചനങ്ങൾ ജീവിതത്തിൽ പകർത്തി ,അവൻറെ പൊരുത്തമുള്ള അടിമകളിൽ പെടാൻ നാഥൻ നമ്മെ തുണയ്ക്കട്ടെ…..
ആമീൻ
അവലംബം
Muhammed the last prophet
മുഹമ്മദ് നബി(സ)(ചരിത്രം,)
മാളിയേക്കൽ സുലൈമാൻ സഖാഫി
ആഷ്ന സുൽഫിക്കർ