tharaweeh

തറാവീഹ്

റമള്വാന്‍ രാവുകളില്‍ മാത്രമുള്ള സുന്നത്ത് നിസ്കാരമാണ് തറാവീഹ്. ഇമാം ശര്‍ഖ്വാവി(റ) പറയുന്നു: “തറാവീഹ് എന്ന പദം തര്‍വീഹത് എന്ന ‘അറബി പദത്തിന്റെ ബഹുവചനമാണ്. ഒരു പ്രാവശ്യം വിശ്രമിക്കുക എന്നതാണ് തര്‍വീഹത്തിന്റെ ഭാഷാര്‍ത്ഥം. ഈ നിസ്കാരത്തിന്റെ നാല് വീതം റക്അതുകള്‍ക്കിടയില്‍ അല്‍പ്പസമയം വിശ്രമിക്കാറുണ്ടായിരുന്നത് കൊണ്ടാണ് ഓരോ നന്നാല് റക്അത്തുകള്‍ക്ക് തര്‍വീഹത് എന്ന പേര് വെക്കപ്പെട്ടത്.” (ഫത്ഹുല്‍മുബ്ദി 2/165 നോക്കുക.)

തര്‍വീഹതിന്റെ ബഹുവചനമായ തറാവീഹ് കൊണ്ടുള്ള നാമകരണം തന്നെ ഈ നിസ്കാരത്തില്‍ രണ്ടില്‍ കൂടുതല്‍ തര്‍വീഹതുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുന്നു. അപ്പോള്‍ ചുരുങ്ങിയത് പന്ത്രണ്ട് റക്’അതുകളെങ്കിലും വേണം. എട്ട് റക്’അതുകാര്‍ക്ക് തറാവീഹ് എന്ന നാമകരണം ചെയ്യാന്‍ തന്നെ ന്യായമില്ല. മറിച്ച് തര്‍വീഹതാനി എന്നായിരുന്നു പേര് പറയേണ്ടിയിരുന്നത്.

ഈ നിസ്കാരത്തിന് തറാവീഹ് എന്ന നാമം സ്വഹാബതിന്റെ കാലഘട്ടത്തില്‍ തന്നെ അറിയപ്പെട്ടിരുന്നു. ഹി. പതിനാലില്‍ റമള്വാന്‍ രാവുകളില്‍ തറാവീഹ് നിസ്കാരം നിലനിര്‍ത്തുന്നതിന് വേണ്ടി ‘ഉമര്‍(റ) ഉത്തരവിട്ടതായി ഇമാം മസ്’ഊദി(റ)യുടെ മുറൂജുദ്ദഹബ് 2/328ല്‍ പ്രസ്താവിച്ചിട്ടുണ്ട്. മുഹമ്മദുല്‍ ബഗ്ദാദി(റ) പറയുന്നു: “(വിപുലമായ) ജമാ’അത്തിലായി തറാവീഹ് നിസ്കാരം ആദ്യമായി നടപ്പില്‍ വരുത്തിയത് ‘ഉമര്‍(റ) ആയിരുന്നു.” (ബഗ്ദാദി(റ)യുടെ സബാഇകുദ്ദഹബ്, പേജ് 165)

ഇമാം അബുല്ലൈസുസ്സമര്‍ഖ്വന്‍ദി(റ) ‘അലിയ്യുബ്നു അബീത്വാലിബി(റ)ല്‍നിന്ന് നിവേദനം: “നിശ്ചയം ‘ഉമര്‍(റ) (ഒരു ഇമാമിന്റെ പിന്നില്‍ ഒറ്റ ജമാഅത്തായി) സംഘടിപ്പിച്ച ഈ തറാവീഹ് നിസ്കാരത്തിന് അവലംബം എന്നില്‍ നിന്ന് കേട്ട ഹദീസായിരുന്നു. ഞാന്‍ നബി(സ്വ)യില്‍നിന്ന് കേട്ടതാണ് പ്രസ്തുത ഹദീസ്.” (തന്‍ബീഹുസ്സമര്‍ഖ്വന്‍ദി, പേജ് 124)

സ്വഹാബതിന്റെ കാലത്ത് തന്നെ തറാവീഹ് എന്ന നാമം ഈ നിസ്കാരത്തിന് പ്രസിദ്ധമായിരുന്നുവെന്നാണ് ‘അലിയ്യുബ്നു അബീത്വാലിബി(റ)ന്റെ ഈ വാക്ക് കുറിക്കുന്നത്.  പുത്തന്‍വാദി കള്‍ പക്ഷേ, ഇവിടെ മുസ്ലിംകളോട് പുറംതിരിഞ്ഞുനില്‍ക്കുന്നു. ഇമാം ബുഖാരി(റ)യാണ് തറാവീഹ് എന്ന പേര് കൊണ്ടുവന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. ഇമാം ബുഖാരി(റ)ക്കുശേ ഷം പില്‍ക്കാല പണ്ഢിതന്മാരാണ് ഈ നാമകരണം ചെയ്തതെന്നാണ് മറ്റു ചിലരുടെ പക്ഷം.

ഒരു മൌലവി എഴുതുന്നു: “പരിശുദ്ധ ഖ്വുര്‍ആനിലോ തിരുസുന്നത്തിലോ തറാവീഹ് എന്ന പദം പ്രയോഗിച്ച് കാണാത്തതിനാല്‍ ഈ പദപ്രയോഗം പില്‍ക്കാലത്ത് വന്നതാണെന്ന് അനുമാനിക്കാം” (അല്‍മനാര്‍, റമള്വാന്‍ സ്പെഷ്യല്‍ പതിപ്പ് 1984 ജൂണ്‍, പേജ് 50).

റമള്വാനില്‍ പ്രത്യേകമായൊരു നിസ്കാരമില്ലെന്ന് വരുത്തുന്നതിന് വേണ്ടി റമള്വാനിലും അല്ലാ ത്ത കാലങ്ങളിലും നബി(സ്വ) പതിനൊന്ന് റക്’അത് നിസ്കരിച്ചിരുന്നുവെന്ന ഹദീസ് ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് ഒരു മൌലവി എഴുതുന്നു: “രാത്രി നിസ്കരിക്കുന്ന നിസ്കാരമായതിനാല്‍ ഖ്വിയാമുല്ലൈല്‍ എന്ന് പറയുന്നു. ഈ നിസ്കാരം ഉറങ്ങിയതിനുശഷം നിര്‍വഹിക്കുകയാണെങ്കില്‍ തഹജ്ജുദ് എന്നും അവസാനം ഒറ്റയായി നിര്‍വഹിക്കുന്നത് കൊണ്ട് വിത്റ് എന്നും വിശ്രമിക്കാനുള്ള ഇടവേള ഉളളത് കൊണ്ട് തറാവീഹ് എന്നും പല പേരുകളില്‍ വിളിക്കപ്പെടുന്നു.” (അല്‍മനാര്‍, റമള്വാന്‍ സ്പെഷ്യല്‍ പതിപ്പ് 1984 ജൂണ്‍, പേജ് 50)

റമള്വാനിന്റെ രാത്രികളില്‍ ഒരു പ്രത്യേക നിസ്കാരമില്ലെന്ന് ചുരുക്കം. ഈ വാദം മുസ്ലിംകള്‍ ക്ക് സ്വീകാര്യമല്ല.  ഇബ്നുതൈമിയ്യ പോലും ഈ വിഷയത്തില്‍ അവരോട് വിഘടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ കാണുക.

“എന്നാല്‍ തറാവീഹ് നിസ്കാരം ശര്‍’ഇല്‍ പുതുതായി ഉടലെടുത്തതല്ല. പ്രത്യുത, നബി(സ്വ)യുടെ വാക്ക് കൊണ്ടും പ്രവൃത്തികൊണ്ടും സ്ഥിരപ്പെട്ട സുന്നതാണത്. അവിടുന്ന് ഇപ്രകാരം പറഞ്ഞു. നിശ്ചയം അല്ലാഹു റമള്വാന്‍ നോമ്പ് നിങ്ങളുടെ മേല്‍ ഫര്‍ള്വാക്കിയിരിക്കുന്നു. റമള്വാനിന്റെ നിസ്കാരത്തെ ഞാന്‍ നിങ്ങള്‍ക്ക് സുന്നത്താക്കുകുയം ചെയ്തിരിക്കുന്നു.” (ഇഖ്തിളാഉസ്വിറാത്വില്‍ മുസ്തഖീം, പേജ് 275)

ഇബ്നുതൈമിയ്യ ഉദ്ധരിച്ച ഈ ഹദീസ് അബൂഹുറയ്റ(റ)യില്‍നിന്ന് ഇമാം ദാറഖ്വുത്നി(റ) നിവേദനം ചെയ്തതായി ഇമാം ഇബ്നുല്‍ ‘അറബി(റ)യുടെ ശര്‍ഹുത്തിര്‍മിദി 4/20ല്‍ കാണാം. അതിന്റെ നിവേദക പരമ്പരയിലുള്ളവര്‍ യോഗ്യരാണെന്ന് ഇമാം സുബ്കി(റ) തന്റെ ഫതാവ 1/158ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

ഇതുപോലെ ‘അബ്ദുറഹ്മാന്‍(റ)ല്‍ നിന്ന് ഹാഫിള്വ് ഇബ്നു അബീശൈബ(റ) മുസ്വന്നഫ് 2/392ലും ഇമാം ഇബ്നുഖുസൈമ(റ) സ്വഹീഹ് 3/335ലും നിവേദനം ചെയ്തിട്ടുണ്ട്. ഇമാം അഹ് മദുബ്നുഹമ്പല്‍(റ) നിവേദനം ചെയ്തതായി നൈലുല്‍ ഔത്വാര്‍ 3/53ലും ഇമാം നസാഇ (റ), ഇബ്നുമാജ(റ), ബൈഹഖ്വി(റ) തുടങ്ങിയവര്‍ നിവേദനം ചെയ്തതായി അദ്ദുര്‍റുല്‍ മന്‍ സ്വൂര്‍ 1/184ലും കാണാം.

സല്‍മാന്‍(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: “ശ’അ്ബാനില്‍ നിന്നുള്ള അവസാന ദിനത്തില്‍ നബി(സ്വ) ഞങ്ങളെ ഇപ്രകാരം അഭിസംബോധന ചെയ്തു: “ഓ ജനങ്ങളേ, നിശ്ച യം ഒരു മഹത്തായ മാസം കൊണ്ട് അല്ലാഹു നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. പുണ്യമേറിയ മാസമാണത്. ആയിരം മാസങ്ങളെക്കാള്‍ ഉത്തമമായൊരു രാത്രി ആ മാസത്തിലുണ്ട്. പ്രസ്തു ത മാസത്തില്‍ നോമ്പനുഷ്ഠിക്കല്‍ അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നു. അതിന്റെ രാവുകളില്‍ നിസ്കരിക്കുന്നത് സുന്നതുമാക്കിയിരിക്കുന്നു.”

ഈ ഹദീസ് സല്‍മാന്‍(റ)വില്‍ നിന്ന് ഇബ്നുഖുസൈമ(റ) സ്വഹീഹ് 3/191ലും ഇമാം ബഗ്വി മ’ആലിമുത്തന്‍സീല്‍ 1/133ലും അബുല്ലൈസുസ്സമര്‍ഖ്വന്‍ദി(റ) തന്‍ബീഹ് പേജ് 124-ലും നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നുഹിബ്ബാന്‍(റ) നിവേദനം ച്െയതതായി അത്തര്‍ഗീബു വത്തര്‍ഹീബ് 2/218ലും ഇബ്നുന്നജ്ജാര്‍(റ) നിവേദനം ചെയ്തതായി കന്‍സുല്‍ ‘ഉമ്മാല്‍ 4/323ലും അഖ്വീലി, ബൈഹഖ്വി, ഖത്വീബ്, ഇസ്വ്ബഹാനി(റ.ഹും.) തുടങ്ങിയവര്‍ നിവേദനം ചെയ്തതായി അദ്ദുര്‍ റുല്‍ മന്‍സ്വൂര്‍ 1/184ലും കാണാം.

‘ഉമര്‍(റ) ഉബയ്യുബ്നു ക’അ്ബി(റ)ന്റെ നേതൃത്വത്തില്‍ തറാവീഹ് നിസ്കാരം ജമാ’അതായി പുനഃസംഘടിപ്പിച്ചത് സംബന്ധിച്ച് ഇമാം അബൂഹനീഫ(റ)യോട് ചോദിച്ചപ്പോള്‍ ഇപ്രകാരം മറുപടി പറഞ്ഞു: “തറാവീഹ് നിസ്കാരം തീര്‍ച്ചയായും ശര്‍’ഇല്‍ ശക്തിയാര്‍ജ്ജിച്ച സുന്നതാണ്. ‘ഉമര്‍(റ) സ്വന്തമായി മെനഞ്ഞെടുത്തതല്ല അത്. നബി(സ്വ)യില്‍ നിന്നുള്ള ഒരു രേഖയുടെ അടിസ്ഥാനമില്ലാതെ ‘ഉമര്‍(റ) തറാവീഹ് നിസ്കാരം ഒരു ഇമാമിന്റെ കീഴിലായി സംഘടിപ്പിച്ചിട്ടില്ലെന്ന് വ്യക്തം. പ്രസ്തുത സംഭവത്തിന് ‘ഉസ്മാന്‍, ‘അലി, ഇബ്നു മസ’്ഊദ്, ‘അബ്ബാസ്, ഇബ്നു ‘അബ്ബാസ്, ത്വല്‍ഹത്, സുബൈര്‍, മു’ആദ്, ഉബയ്യ് (റ.ഹും.) തുടങ്ങി അനവധി മുഹാജിറുകളും അന്‍സ്വാറുകളുമായ സ്വഹാബാക്കള്‍ സാക്ഷികളാണ്. ‘ഉമര്‍(റ) തറാവീഹ് നിസ്കാരം ഒരു ഇമാമിന്റെ കീഴില്‍ സംഘടിപ്പിച്ചതിന് അവരാരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. മറിച്ച് ‘ഉമര്‍(റ)ന് പിന്തുണ പ്രഖ്യാപിക്കുകയാണ് ഉണ്ടായത്.” (ഇത്ഹാഫ് 3/417)

ഇമാം അബൂഹനീഫ(റ) ഉദ്ദേശിക്കുന്ന മേല്‍ പറഞ്ഞ ’രേഖ’ ഇമാം സുബ്കി(റ) രേഖപ്പെടുത്തുന്നത് കാണുക. ഇമാം സുബ്കി(റ) പറയുന്നു: “തല്‍വിഷയമായി ഹദീസുകളില്‍നിന്നും പണ്ഢിതന്മാര്‍ക്കുള്ള രേഖ ഇവയാണ്. അബൂഹുറയ്റ(റ)വില്‍ നിന്ന് നിവേദനം. “നിശ്ചയം നബി(സ്വ) പറഞ്ഞു. വിശ്വാസത്തോടെയും പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയോടെയും റമള്വാനില്‍ ആരെങ്കിലും നിസ്കരിച്ചാല്‍ മുമ്പ് കഴിഞ്ഞുപോയ അവന്റെ പാപങ്ങളെല്ലാം പൊറുക്കപ്പെടും.” (ബുഖാരി, മുസ്ലിം)

‘ആഇശ(റ)യില്‍നിന്ന് നിവേദനം: “നിശ്ചയം നബി(സ്വ) (വീട്ടില്‍നിന്ന്) പുറപ്പെട്ടു. ശേഷം പള്ളിയില്‍ വെച്ചു നിസ്കരിച്ചു. നേരം പുലര്‍ന്നപ്പോള്‍ ജനങ്ങള്‍ ഇതുസംബന്ധമായി സംസാരിച്ചു. രണ്ടാം ദിവസം നേരത്തേതിലുപരി ആളുകള്‍ സംഘടിച്ചു. നബി    (സ്വ)യോടൊപ്പം നിസ്കരിച്ചു. പിറ്റേ ദിവസം നേരം പുലര്‍ന്നപ്പോള്‍ ജനങ്ങള്‍ ഇതുസംബന്ധമായി സംസാരിച്ചു. മൂന്നാം രാത്രി ആയപ്പോഴേക്ക് പള്ളിയില്‍ ജനബാഹുല്യമായി. അന്നും നബി(സ്വ) നിസ്കാരത്തിലേക്ക് പുറപ്പെടുകയും ജനങ്ങള്‍ നബി(സ്വ)യോടൊപ്പം നിസ്കരിക്കുകയുംചെയ്തു. നാലാം രാത്രി ആയപ്പോഴേക്ക് പള്ളി ജനങ്ങളെ ഉള്‍ക്കൊള്ളാതെ വന്നു.” അബൂദാവൂദി(റ)ന്റെ വാചകമാണിത്. ഇമാം മുസ്ലിമി(റ)ന്റെ നിവേദനവും ഏകദേശം ഇതുപോലെത്തന്നെ.” (ഫതാവാ സുബ്കി 1/157)

ശൈഖുല്‍ ഇസ്ലാം സകരിയ്യല്‍ അന്‍സ്വാരി(റ)യുടെ അസ്നല്‍ മത്വാലിബ് 1/200, ഇമാം ‘എനി(റ)യുടെ ‘ഉംദതുല്‍ ഖ്വാരി 5/267 എന്നിവ നോക്കുക. ഇമാം സറഖ്സി(റ) പറയുന്നു: “തറാവീഹ് നിസ്കാരം സുന്നതാണെന്ന് മുസ്ലിം ഉമ്മത് ഏകോപിച്ചിട്ടുണ്ട്. അഹ്ലുല്‍ ഖ്വിബ്ലയില്‍പ്പെട്ട ആരും ഇതിനെ എതിര്‍ത്തിട്ടില്ല. റാഫിള്വികള്‍ മാത്രമേ എതിര്‍ത്തിട്ടുള്ളൂ.” (സറഖ്സി(റ)യുടെ മബ്സൂഥ്വ് 2/143) ഇത് ഫതാവാ സുബ്കി 1/156ലും ഉദ്ധരിച്ചിട്ടുണ്ട്. “പുത്തന്‍ പ്രസ്ഥാനക്കാരില്‍ ഏറ്റവും ദുഷ്ടനായ നള്ള്വാമിന്റെ പക്ഷം ‘ഉമര്‍(റ) മെനഞ്ഞെടുത്തതാണ് തറാവീഹ് നിസ്കാരമെന്നാണ്.” (കിതാബുല്‍ ഫര്‍ഖ് പേജ് 148 നോക്കുക.)

ചുരുക്കത്തില്‍ റമള്വാനിന്റെ രാവുകളില്‍ മാത്രമുള്ളതും തറാവീഹെന്ന പേരില്‍ അറിയപ്പെടുന്നതുമായ പ്രത്യേക നിസ്കാരം ഹദീസുകള്‍ കൊണ്ട് തെളിഞ്ഞതും മുസ്ലിം ലോകം ഏകോപിച്ചംഗീകരിച്ചതുമായിരിക്കെ അങ്ങനെ ഒരു പ്രത്യേക നിസ്കാരമില്ലെന്ന് പറയുന്ന പുത്തന്‍വാദി കള്‍ മുസ്ലിം ലോകത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്നവരും മുന്‍കാല ബിദ’ഈ പ്രസ്ഥാനത്തിന്റെ നേതാവ് നള്ള്വാമിന്റെയും മുസ്ലിം ലോകം അവഗണിച്ചു തള്ളിയ റാഫിള്വികളുടെയും പഴഞ്ചന്‍ വാദങ്ങള്‍ ഏറ്റുപറയുന്നവരുമാണെന്ന് വ്യക്തം.

തറാവീഹിന്റെ ശ്രേഷ്ഠത

ഹാഫിള്വ് അബ്ദുറസാഖ്(റ) ‘അലി(റ)യില്‍ നിന്ന് നിവേദനം: “അവിടന്നരുളി. റമള്വാന്‍ മാസത്തി ലെ നിസ്കാരത്തിന് ‘ഉമറി(റ)നെ പ്രേരിപ്പിച്ചത് ഞാനായിരുന്നു. ഞാന്‍ ‘ഉമറി(റ)നോട് ഇപ്രകാരം പറഞ്ഞു കൊടുത്തു. നിശ്ചയം ഏഴാമാകാശത്തില്‍ ഒരു മതില്‍ക്കെട്ടുണ്ട്. ‘ഹള്വീറതുല്‍ ഖ്വുദ്സ്’ എന്നാണതിന്റെ പേര്. അര്‍റൂഹ് എന്ന പേരിലറിയപ്പെടുന്ന ഒരു വിഭാഗം (മലക്കുകള്‍) ആണവിടെ താമസിക്കുന്നത്. ലൈലതുല്‍ഖ്വദ്റിന്റെ രാത്രിയായാല്‍ ഭൂമിയിലേക്കിറങ്ങുന്നതിനു വേണ്ടി റബ്ബിനോടവര്‍ അനുമതി തേടുന്നു. അപ്പോള്‍ അല്ലാഹു അവര്‍ക്ക് അനുമതി നല്‍കുന്നു. (റമള്വാനില്‍) നിസ്കരിക്കുന്ന ഏതൊരു വ്യക്തിക്കു വേണ്ടിയും ദു’ആ ചെയ്തിട്ടല്ലാതെ അവന്റെ അരികിലൂടെ അവര്‍ നടക്കില്ല. അങ്ങനെ അവരുടെ പുണ്യം ഈ വ്യക്തിക്കും ലഭ്യമാകുന്നു. ഓ അബുല്‍ ഹസന്‍!, എങ്കില്‍ ഈ നിസ്കാരത്തിന് ജനങ്ങളെ പ്രേരിപ്പിക്കണം. അവര്‍ക്ക് ആ പുണ്യം  ലഭിക്കുന്നതിനു വേണ്ടി. അങ്ങനെ ആ വര്‍ഷം തന്നെ ജനങ്ങളോട് നിസ്കാരത്തിന് വേണ്ടി ഉത്തരവിട്ടു.” (ഇമാം സുയൂഥ്വി(റ)യുടെ അല്‍ ജാമി’ഉല്‍ കബീര്‍ 1/84)

ഇമാം അബൂല്ലൈസ്(റ) ‘അലിയ്യുബ്നു അബീത്വാലിബി(റ)ല്‍ നിന്ന് നിവേദനം: “അലി(റ) പറഞ്ഞു. നിശ്ചയം ‘ഉമര്‍(റ) ഈ തറാവീഹ് നിസ്കാരം എന്നില്‍ നിന്നു കേട്ട ഒരു ഹദീസില്‍ നിന്നാണ് ഗ്രഹിച്ചെടുത്തത്. അവര്‍ (ജനങ്ങള്‍) ചോദിച്ചു. ഓ അമീറുല്‍ മുഅ്മിനീന്‍! ഏതാണ് ആ ഹദീസ്? ‘അലി(റ) പറഞ്ഞു: നബി(സ്വ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു. ‘അര്‍ശിന്റെ പരിസരത്ത് അല്ലാഹുവിനൊരു സ്ഥലമുണ്ട്. ഹളീറതുല്‍ ഖ്വുദ്സ് എന്നാണ് അതിന്റെ പേര്. പ്രകാശത്താല്‍ നിബിഢമാണിത്. എണ്ണമറ്റ മലകുകള്‍ അവിടെയുണ്ട്. അവര്‍ ഒരു സമയവും തളര്‍ച്ചയില്ലാതെ അല്ലാഹുവിന് ‘ഇബാദത്ത് ചെയ്ത് കൊണ്ടേയിരിക്കുന്നു. റമള്വാനിന്റെ രാവുകളായാല്‍ ഭൂമിയിലേക്കിറങ്ങാനും മനുഷ്യരോടൊന്നിച്ച് നിസ്കരിക്കാനും അവരുടെ റബ്ബിനോടവര്‍ അനുമതി തേടുന്നു. അങ്ങനെ അവര്‍ റമള്വാനിന്റെ എല്ലാ രാവുകളിലും ഭൂമിയിലേക്കിറങ്ങുന്നു. വല്ല വ്യക്തിയും അവരെ സ്പര്‍ശിക്കുകയോ അവര്‍ അവനെ സ്പര്‍ശിക്കുകയോ ചെയ്യുന്ന പക്ഷം പിന്നീടൊരിക്കലും പരാജയപ്പെടാത്ത വിധമുള്ള വിജയത്തില്‍ അവനെത്തുന്നു. ഇതുകേട്ട ‘ഉമര്‍(റ) ഇപ്രകാരം പറഞ്ഞു. എന്നാല്‍ ഇതു കൊണ്ട് ഏറ്റവുംകടമപ്പെട്ടവര്‍ നാം തന്നെ. അങ്ങനെ തറാവീഹിന് വേണ്ടി ജനങ്ങളെ സംഘടിപ്പിക്കുകയും തറാവീഹ് നിസ്കാരത്തെ നിലനിര്‍ത്തുകയും ചെയ്തു.” (അബുല്ലൈസി(റ)ന്റെ തന്‍ബീഹ്, പേജ് 124)

അബൂ ഇസ്ഹാഖ്വല്‍ ഹമദാനിയി(റ)ല്‍നിന്ന് ഇബ്നു ശാഹീന്‍(റ) നിവേദനം: “റമള്വാനില്‍ നിന്നുള്ള ഒരു രാത്രിയുടെ ആദ്യസമയത്ത് ‘അലി(റ) (പള്ളിയിലേക്ക്) പുറപ്പെട്ടു. വിളക്കുകള്‍ അവിടെ കത്തിക്കൊണ്ടിരിക്കുകയും അല്ലാഹുവിന്റെ കിതാബ് (തറാവീഹില്‍) അവിടെ പാരായണം ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതു കണ്ട ‘അലി(റ) ഇങ്ങനെ പറഞ്ഞു: ‘ഓ ഖത്ത്വാബിന്റെ പുത്രാ!, ഖ്വുര്‍ആന്‍ കൊണ്ട് അല്ലാഹുവിന്റെ പള്ളികള്‍ നിങ്ങള്‍ പ്രകാശിപ്പിച്ചത് പോലെ നിങ്ങളുടെ ഖ്വബറിനെ അല്ലാഹു പ്രകാശിപ്പിക്കട്ടെ.’ (സുയൂഥ്വി(റ)യുടെ അല്‍ ജാമി’ഉല്‍ കബീര്‍ 1/158, ശൈഖ് ‘അലാഉദ്ദീനുല്‍ ഹിന്ദി (റ)യുടെ കന്‍സുല്‍ ‘ഉമ്മാല്‍ 4/248)

About Admin

Check Also

രണ്ട് പെരുന്നാൾ നിസ്കാരം اصلاة العيدين

ഈദുൽ ഫിത്വ് റിനും  ഈദുൽ അള്ഹാക്കും  നിസ്കാരങ്ങൾ  സുന്നത്തുണ്ട് . രണ്ടും രണ്ട് റകഅത്തുകൾ തന്നെ നിയ്യത്തിൽ മാത്രമേ വ്യത്യാസമുള്ളു.  …

Leave a Reply

Your email address will not be published. Required fields are marked *