“വീണ്ടുമൊരു വര്‍ഷം കൂടി വിട പറയുന്നു. കഴിഞ്ഞ ഈ ഒരു വര്‍ഷത്തില്‍ എന്നില്‍ നിന്നും വാക്ക് കൊണ്ടോ നോക്കു കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ വല്ല വിഷമവും നിങ്ങളിലാര്‍ക്കെങ്കിലും സംഭവിച്ചെങ്കില്‍ അടുത്ത വര്‍ഷം കൂടുതല്‍ സഹിക്കാന്‍ ഒരുങ്ങിയിരുന്നോ; കാരണം, കലണ്ടര്‍ മാത്രമേ മാറിയിട്ടുള്ളൂ, ഞാന്‍ മാറിയിട്ടില്ല”. പുതുവര്‍ഷപ്പിറവിയെ സ്വാഗതം ചെയ്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന രസികന്‍ സന്ദേശങ്ങളിലൊന്ന് അറിയാതെ നമ്മെ ചിരിപ്പിക്കുന്നുണ്ടെങ്കിലും അതിനപ്പുറം വലിയ ആശങ്ക തുറന്നു വെക്കുന്നുണ്ട്.
ഓരോ പുതു വര്‍ഷവും നമുക്ക് വലിയ ആവേശമാണു. പതിവുപോലെ പാട്ടും കൂത്തും വെടിക്കെട്ടുമൊക്കെയായി ‘നമ്മള്’ ഈ വര്‍ഷവും അടിച്ചുപൊളിച്ചു. 12 മണിയുടെ ഘടികാരസൂചിയില്‍ ഇമവെട്ടാതെ നോക്കിയിരുന്നു. എന്തൊരു ആകാംക്ഷയായിരുന്നു, ആ സൂചി മറിയുന്നത് കാണാന്‍! ആ സെകന്റില്‍ ലോകം മുഴുവന്‍ പ്രകാശപൂരിതമായി. പഴയ കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇപ്പോള്‍ ഡിജിറ്റല്‍ ഫയര്‍ വര്‍ക്കുകളുടെ അകംബടിയുണ്ട് പുതുവത്സരപ്പിറവിക്ക്. ആകാശഗോപുരങ്ങളെ പുണര്‍ന്ന് അലയൊലിക്കുന്ന വര്‍ണ്ണപ്പ്രകാശങ്ങള്‍ കണ്ണിനു വലിയ ആനന്ദമായിരുന്നു. എല്ലാം കഴിഞ്ഞു, പുലര്‍ച്ച മൂന്നുമണിയോടെ ശയ്യാവലംബിയായവര്‍ക്ക് ഉച്ച 12 മണി കഴിഞ്ഞാണു ഇനി ജീവിന് വെക്കുക. ഫലത്തില്‍ പുതിയ വര്‍ഷത്തിന്റെ ആദ്യ ദിനം തന്നെ പ്രഭാത പ്രാര്‍ത്ഥനയോ പ്രഭാത ഭക്ഷണമോ ഇല്ലാതെ പകുതി ദിനം ഉറങ്ങിയാണു ‘നമ്മള്’ വര്‍ഷം തുടങ്ങിരിക്കുന്നത്!.
ഓരോ പുതു വര്‍ഷവും മനുഷ്യനോട് വിളിച്ചു പറയുന്ന ഒരു സത്യമുണ്ട് – ‘നിനക്ക് നിശ്ചയിക്കപ്പെട്ട ആയുസിന്റെ അവധിയോട് നീ ഒരു വര്‍ഷം കൂടി അടുത്തിരിക്കുന്നു’വെന്ന്. എത്ര കാലം ജീവിക്കുമെന്നറിയില്ലെങ്കിലും ബാക്കി ജീവിതത്തിലെ ഒരാണ്ടാണു ഒരു കലണ്ടര്‍ മാറ്റത്തിലൂടെ കൊഴിഞ്ഞു പോയതെന്ന് എത്ര പേര് ഓര്‍ത്തു? കഴിഞ്ഞ പുതുവത്സരപ്പുലരിയില്‍ ഉറക്കമിളിച്ച എത്രയോ പേര് ഇന്നു മണ്ണിനടിയിലാണെന്ന് എത്ര പേര് ചിന്തിച്ചു? അടുത്ത പുതുവര്‍ഷപ്പുലരി ഭൂമുഖത്തു വച്ചു തന്നെ ആഘോഷിക്കാന്‍ പറ്റുമോന്ന് എത്ര പേര് ആലോചിച്ചു?
‘മരണം’
ഒരാള്‍ക്കും തിരുത്താനാവാത്ത ‘ശരി’ യാണത്. സൂര്യ വര്‍ഷമായാലും ചന്ത്രവര്‍ഷമായാലും ഏതു ഭാഷയിലെ വര്‍ഷമായാലും ഓരോ കലണ്ടര്‍ മാറ്റവും നമ്മെ ആ മരണത്തെ ഓര്‍മിപ്പിക്കുന്നുണ്ട്. ദിവസം 20 പ്രാവശ്യം മരണത്തെ ഓര്‍ക്കുന്നവന്ന് രക്തസാക്ഷിയുടെ പ്രതിഫലം പ്രഖ്യാപിച്ച പ്രാവാചകരുടെ അനുയായികള്‍ക്ക് 21 തവണ മരണത്തെ ഓര്‍ക്കാനുള്ള ദിവസമാണു പുതുവത്സരദിനം. കഴിഞ്ഞ വര്‍ഷത്തെ തെറ്റുകള്‍ തിരുത്തി പുതിയ വര്‍ഷത്തില്‍ കുറച്ചധികം നന്മകള് ചെയ്യാന്‍ ഈ ദിനം പ്രചോദനമാകണം. പക്ഷെ, ഒരുക്കമല്ലെന്ന് നേരത്തെ തന്നെ തമാശയിലൂടെ കാര്യമുറപ്പിച്ചു കഴിഞ്ഞു ‘നമ്മള്’. പുതിയ വര്‍ഷത്തിലും കൂടുതല്‍ സഹിക്കാന്‍ തയാറായിക്കോയെന്ന് സോഷ്യല്‍ മീഡിയാ ‘തമാശ‘ പറഞ്ഞത് ഒരു കാര്യം അടി വരയിടുകയാണു – കലണ്ടര്‍ മാത്രമേ മാറിയിട്ടുള്ളൂ, കലന്തന് മാറിയിട്ടില്ല.