ഓർമ്മയിലെ നബിദിനം ഓർമ്മകൾ
ആഷ്‌ന സുൽഫി
മറഞ്ഞുപോയ ബാല്യകാലത്തിന്റെ കൈവളകിലുക്കങ്ങൾ നമ്മെ വീണ്ടും ചെറുപ്പമാക്കുന്നു…..തക് ബീർ ധ്വനികളും, മൈലാഞ്ചി മൊഞ്ചും സമ്മാനിക്കുന്ന പെരുന്നാളോർമകൾ പോലെ മനസ്സിൽ മായാതെ നിൽക്കുന്നതാണ് നബിദിനറാലികളും, ആഘോഷങ്ങളും….
ഞങ്ങളുടെ ചെറുപ്പകാലത്തൊക്കെ നബിദിനത്തിന്റെ ആഘോഷാരവങ്ങൾ സ്വഫർ മാസം അവസാനിക്കുന്നത് മുതലേ ആരംഭിക്കും…. റബ്ബിയുൽ അവ്വൽ ഒന്ന് മുതൽ മദ്രസയിലേക്ക് പോകാൻ വിദ്യാർത്ഥികൾക്ക് ഒരു പ്രത്യേക താല്പര്യമാണ്….. കാരണം നബിദിനാഘോഷ പരിപാടികളുടെ തയ്യാറെടുപ്പിന്റെ ഭാഗമായി കാര്യമായി ക്ലാസുകൾ എടുക്കാറില്ല… ഖുർആൻപഠനത്തിനും, ദീനിയാത്ത്, അമലിയാത്ത് വിഷയങ്ങൾക്കും തത്കാലം വിശ്രമം… പിന്നീടങ്ങോട്ട് നബിദിനത്തിൽ അവതരിപ്പിക്കേണ്ട പാട്ടും, പ്രസംഗങ്ങളും തിരഞ്ഞെടുക്കാനുള്ള മത്സരമാണ് … ഇന്നത്തെ പോലെ യൂട്യൂബ്യും, ആപ്പുകളുമൊന്നും ഇല്ലാതിരുന്ന കാലമായതുകൊണ്ട് വെല്ലപ്പോഴും കിട്ടുന്ന പാട്ടു പുസ്തകങ്ങൾ ആയിരുന്നു അന്ന് ഞങ്ങളുടെ ഏക ആശ്രയം… പാട്ടുകൾ തിരഞ്ഞെടുക്കുവാനും, പരിശീലീപ്പിക്കാനും ഉസ്താദുമാർ മുന്നിൽ തന്നെ ഉണ്ടാവും… എല്ലാ ക്ലാസ്സുകാരും ഒന്നിച്ചു കൂടിയുള്ള പരിശീലന ദിവസങ്ങൾ മദ്രസയെ ബഹളമയമാക്കും …. സഭാകമ്പമുള്ള ചില വിരുതന്മാർ പരിപാടികളിൽനിന്ന് മന:പ്പൂർവ്വം ഒഴിഞ്ഞുമാറും.. തുടർന്നുള്ള ദിവസങ്ങൾ നാവിൽ മദ്ഹ് പാട്ടിന്റെയും, മാപ്പിള ഗാനത്തിന്റെയും ഈരടികൾ മാത്രം.. . റബ്ബിയുൽ അവ്വൽ പന്ത്രണ്ടിന്റെ ഒരാഴ്ച്ച മുന്നേ പള്ളിമുറ്റം മുതൽ അടുത്തുള്ള കവല വരെ തോരണങ്ങൾ കൊണ്ടലങ്കരിക്കുന്ന തിരക്കിലാവും ആൺകുട്ടികൾ….പള്ളിക്കാടും (മുസ്ലിംകൾ മരിച്ചാൽ മാറമാടുന്ന സ്ഥലം )പള്ളി മുറ്റവും വേർതിരിക്കുന്ന ഭാഗത്തു വളർന്നു നിൽക്കുന്ന കാടുകൾ വെട്ടിത്തെളിക്കും..നിസ്കാരപ്പള്ളിയും, മദ്രസയും മോടി കൂട്ടും… പച്ചയും, വെള്ളയും നിറത്തിലുള്ള അരങ്ങും, ഓറഞ്ചും, ചുവപ്പും വർണ്ണങ്ങളുള്ള തോരണങ്ങളും പിന്നീടുള്ള മദ്രസ യാത്രകൾക്ക് മിഴിവേകിയിരുന്നു … റബ്ബിയുൽ അവ്വൽ പന്ത്രണ്ടിന്റെ അന്ന് രാവിലെ കുളിച്ചു നല്ല വസ്ത്രങ്ങളണിഞ്ഞു പള്ളിയിലേക്ക് ഒരു ഓട്ടമാണ്…അവിടെ മദ്രസാങ്കണത്തിൽ അദ്ധ്യാപകരും , കുട്ടികളും ചേർന്നുള്ള മൗലിദ് പാരായണം… അന്നാണ് ഞങ്ങൾ പെൺകുട്ടികൾക്കു നിസ്കാര പള്ളിയിലേക്ക് പ്രവേശിക്കാൻ അനുമതി… പള്ളിയുടെ ഒരു ഭാഗം പുല്ലുപായ വിരിച്ച് പെൺകുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ടാവും.. അവിടെനിന്ന് പായസവും മിഠായിയും ഒക്കെ കഴിച്ച് പരസ്പരം സന്തോഷം പങ്കിടും… ശേഷം നബിദിന റാലിയുടെ ഒരുക്കത്തിലേക്ക്.. ശീമക്കൊന്നയുടെ ചെറിയ കമ്പുകളിൽ ഒട്ടിച്ച പച്ച നിറത്തിലുള്ള കൊടികൾ പിടിച്ചു ആൺകുട്ടികൾ മുന്നിലും, പെൺകുട്ടികൾ പിന്നിലായും നടത്തുന്ന ജാഥ … ഞങ്ങളെ നിരീക്ഷിക്കാൻ ഉസ്താദുമാരും കൂടെ കൂടും…” കൂലൂ തക്ബീർ” അള്ളാഹു അക്ബർ” എന്നുരുവിട്ട് കൊണ്ടുള്ള റാലി കാണാൻ വേലിയ്ക്കലും, റോഡിനിരുവശവും നാട്ടുകാരും കാണും”…. പോകുന്ന വഴിയിലൊക്കെ നാട്ടുകാരുടെ മധുര വിതരണത്തിലൂടെയുള്ള സ്നേഹവായ്പ്പുകൾ … അമുസ്ലിം സഹോദരങ്ങളുടെ വകയായി നാരങ്ങ വെള്ളവും, മിട്ടായികളും… അതിലൂടെ അവർ വിളമ്പിയിരുന്നത് അന്നിന്റെ മതസൗഹർദ്ധത്തിന്റെ മധുരമായിരുന്നു… റാലി അവസാനിക്കുന്നത് തൊട്ടടുത്ത മദ്രസയിൽ… വെയിലിന്റെ ചൂടും, നടത്തത്തിന്റെ ക്ഷീണവും കാരണം അവിടെ എത്തുമ്പോഴേക്കും തക്ബീറൊലികൾക്കൊരു ക്ഷീണം സംഭവിച്ചിട്ടുണ്ടാവും…. പിന്നെ നെയ്ച്ചോറും, കറികളുമൊക്കെ കൂടിയ മൗലീദിന്റെ ചോറ്… അതിനുശേഷം പലയിടത്തു നിന്നായി രുചികളേറെ ആസ്വദിച്ചിട്ടുണ്ടെങ്കിലും അന്നത്തെ മൗലിദ് ചോറിന്ടെ സ്വാദോന്നും മറ്റെവിടെനിന്നും രുചിക്കാനായിട്ടില്ല ..ഉച്ചവിശ്രമത്തിനായി തിരിച്ചു അവരവരുടെ വീടുകളിലേക്ക്….. വൈകീട്ടാണ് മദ്രസവിദ്യാർത്ഥികളുടെ കലാപരിപാടികൾ…. പള്ളിമുറ്റത്തു താത്കാലികമായി മരം കൊണ്ടൊരുക്കിയ ചെറിയ സ്റ്റേജ്.. സ്റ്റേജിൽ ഒരുവശത്തു സമ്മാനമായി നൽകാൻ നിരത്തിവെച്ചിരിക്കുന്ന സോപ്പുപെട്ടികളും സ്റ്റീൽ ഗ്ലാസ്സുകളും … പരിപാടി തുടങ്ങിക്കഴിഞ്ഞാൽ ഓരോർത്തരുടെയും ഊഴം കാത്തുള്ള നിൽപ്പാണ്… നമ്മുടെ പേര് വിളിക്കുമ്പോൾ ഉയരുന്ന നെഞ്ചിടിപ്പിന്റെ താളം…. ‘അറബി നാട്ടിൽ അകലെയെങ്ങാൻ എന്നു തുടങ്ങുന്ന മാപ്പിള ഗാനങ്ങളും ‘ദിക്ർ പാടി കിളികളും ‘ റസൂലിന്റെ അപദാനങ്ങൾ വാഴ്ത്തുന്ന മദ്ഹ് ഗാനങ്ങളും കർണ്ണ പുടങ്ങളെ ത്രസിപ്പിക്കും… പരിപാടികൾക്കു ശേഷം സമ്മാനദാനം….അതിനോടൊപ്പം തന്നെ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് വിതരണം…. നാട്ടുകാരെല്ലാം ചേർന്ന് നടത്തുന്ന ലേലം വിളിയോട് കൂടി അന്നത്തെ പരിപാടികൾക്ക് തിരശീല വീഴുകയായി… കാലമേറെ കഴിഞ്ഞിട്ടും പ്രവാസത്തിന്റെ പരിമിതികൾക്കപ്പുറം ആഘോഷങ്ങളുടെ ഗരിമയൊട്ടും ചോരാതെ നബിദിനം ഇവിടെയും ഞങ്ങൾ ആഘോഷിച്ചു വരുന്നു……മറുനാട്ടിലെ വാസം സമ്മാനിച്ചത് തിരുവനന്തപുരം മുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന നമ്മുടെ നാട്ടിലെ വ്യത്യസ്ത ജില്ലകളിലുള്ള കൂട്ടുകാരെയാണ് ….. പല സംസ്കാരങ്ങളിൽ നിന്നു വന്നവരെല്ലാം ഒരേ കുടക്കീഴിൽ ഒരുമിച്ചാണ് ഇവിടത്തെ ആഘോഷങ്ങൾ….. അങ്ങനെ കേട്ടുകേൾവിപോലുമില്ലാത്ത ചട്ടിപ്പത്തിരിയും, കലത്തപ്പവും ഞങ്ങളുടെയും ആഘോഷത്തിന്റെ ഭാഗങ്ങളായി… കേവലം ആഘോഷങ്ങളിൽ ഒതുങ്ങി നിൽക്കാതെ അറിവിന്റെ വാതായനങ്ങൾ തുറക്കാനും, ഹബീബരെ കൂടുതൽ അറിയുവാനും നബിദിന ക്വിസ്സുകളും ബുക്ക് ടെസ്റ്റുകളും സംഘടിപ്പിച്ചു ….. കാലത്തിന്റെ കുത്തൊഴുക്കിൽ ആഘോഷത്തിന്റെ രീതികൾക്കും, ശൈലികൾക്കും മാറ്റം സംഭവിച്ചു… സൗകര്യങ്ങളും, സാങ്കേതിക വിദ്യകളും പുരോഗമിച്ചതിന്റെ കൂട്ടത്തിൽ ആഘോഷങ്ങളുടെ പൊലിമയ്ക്ക് മാറ്റു കൂടി… രണ്ടു കൊല്ലമായി കോവിഡ് ഒരുക്കിയ അരക്ഷിതാവസ്ഥയിൽ ഓൺലൈൻ ആഘോഷങ്ങൾ വരെ എത്തി നിൽക്കുന്നു കാര്യങ്ങൾ… വിദ്യാർത്ഥി മനസ്സുകളിൽ വസന്തം വിരിയിച്ചു കൊണ്ടാണ് ഓരോ റബ്ബിയുൽ അവ്വലും പിറവികൊള്ളുന്നത്… തലമുറകൾ മാറി വന്നാലും, മണ്ണും വിണ്ണും റസൂലിന്റെ അപദാനങ്ങൾ വാഴ്ത്തുന്ന ഈ പരിശുദ്ധ മാസത്തിലെ ഓരോ ദിനങ്ങളും തക്ബീർ, മൗലീദ് മൊഴികളാലും , ദഫ് മുട്ടിന്റെ താളത്താലും മുഖരിതമാവുമെന്ന പ്രതീക്ഷയോടെ…. ✍️ ആഷ്‌ന സുൽഫിക്കർ