ഇസ്രാഉം മിഅറാജും

ഭൌമാത്മകത ഒരു വിതാനമാണ്. ആദമി(അ)ന്റെ സൃഷ്ടിയുടെ നിദാനം മണ്ണും. ആദമി(അ)ന്റെ സത്ത മണ്ണെങ്കിലും ജന്മം സ്വര്‍ഗത്തിലാണ്. ഇവിടെ നമുക്ക് വായിക്കാനാവുക ഒരു ആരോഹണത്തിന്റെ തത്വമാണ്. മനുഷ്യന്‍ എന്ന ജീവിക്ക് പക്ഷങ്ങള്‍ ലഭിക്കുക എന്ന ആശയം. അവന്‍ ഒരു വിശുദ്ധ വിഹംഗമം എന്ന പോലെയാവുക എന്നത്. എന്നാല്‍ പക്ഷിക്ക് പക്ഷങ്ങള്‍ എന്നപോലെ പാദങ്ങളുമുണ്ടല്ലോ. പക്ഷങ്ങള്‍ ഉഡ്ഡയനത്തിനെങ്കില്‍ പാദങ്ങള്‍ ഭൌമമായ വിതാനത്തില്‍ ചലിക്കാനുള്ളതാണ്. അതിനാല്‍ ആദമി(അ)ന്  ഇറങ്ങിവരേണ്ടതുണ്ടായിരുന്നു. തന്റെ അസ്തിത്വത്തിന്റെ നിദാനമായ ഭൂമിയിലേക്ക്. ആദമി(അ)ന്റെ അവരോഹണമാണത്. എന്നാലും ജന്മം കൊണ്ടത്  സ്വര്‍ഗത്തില്‍ ആയതിനാല്‍ ആദമി(അ)ന് അവരോഹണാനന്തരം വീണ്ടും ആരോഹണം നടത്തേണ്ടതുണ്ട്. സ്വര്‍ഗത്തിലേക്ക് തിരിച്ചുചെല്ലേണ്ടതുണ്ട്. അപരിമേയമായ പരിശുദ്ധ ഉണ്‍മയുടെ പ്രകാശ സ്വരൂപത്തിനു മുമ്പില്‍ ആദം(അ) എത്തിപ്പെടുക തന്നെ വേണം.  തന്നെ പൂര്‍ണമായും അവിടെ സമര്‍പ്പിക്കുക എന്നതാണ് ആ സൃഷ്ടിയുടെ സര്‍ജ്ജന ലക്ഷ്യം. അതിനാണ് ആദം(അ) സൃഷ്ടിക്കപ്പെട്ടത്.

തന്റെ ഏറ്റവും വിശിഷ്ടമായ സൃഷ്ടി എന്ന നിലയില്‍ ആവിഷ്കരിച്ച ആദം(അ) എന്ന പരിശുദ്ധ പ്രതിഭാസത്തിന് പ്രണമിക്കാന്‍ സൃഷ്ടികര്‍ത്താവ് മാലാഖമാരോട് പോലും കല്‍പ്പിക്കുകയുണ്ടായി. മണ്ണെന്ന നിസ്സാരമായ നിദാനം എത്ര തുച്ഛം എന്ന ചിന്ത ചെകുത്താന് മാത്രമേ മനസ്സിലുദിച്ചുള്ളൂ. മലകുകള്‍ എല്ലാവരും ആദമി(അ)ന് പ്രണമിച്ചു. കാരണം ആദമി(അ)ന് തമ്പുരാന്‍ തന്നെ കല്‍പ്പിച്ചരുളിയ വിശിഷ്ടതയായിരുന്നു ഭൂമിയില്‍ തന്റെ പ്രതിനിധി എന്ന സ്ഥാനം. ഈ വിശിഷ്ടതയാണ് വാനരനില്‍ നിന്ന് അല്‍പ്പമാത്രം വ്യത്യസ്തമായുള്ള നരന്‍ എന്ന സസ്തനിയെ ‘മനുഷ്യന്‍’ എന്ന മഹാപ്രതിഭാസമാക്കി മാറ്റുന്നത്. മനുഷ്യന്‍ എന്നാല്‍ മനീഷയുള്ളവന്‍, അവന്‍ മനീഷി.

സ്വര്‍ഗലോകം അവന്റെ തറവാടായിരുന്നു. പരിശുദ്ധമായ പരമ ഉണ്‍മയുടെ സാമീപ്യവും കര്‍ത്താവായ അവന്റെ ദര്‍ശനവും എന്നത് അവിടെ അവന് തിരിച്ചു ചെല്ലുമ്പോള്‍ ഏറ്റുവാങ്ങാനുള്ള സമ്മാനവുമാകുന്നു.

‘തിരഞ്ഞെടുക്കപ്പെട്ടവന്‍’ എന്ന ആശയം  മനുഷ്യാനുഭവ ചരിത്രത്തില്‍ ഭൂമിയില്‍ വെച്ച് തന്നെ ഒരു മനുഷ്യദേഹത്തിലൂടെ, റബ്ബിന്റെ ഇച്ഛയാല്‍ ആവിഷ്കരിക്കപ്പെട്ടതിന്റെ ദര്‍ശന പരമായ പാഠമാണ് ആദമി(അ)ന്റെ ഏറ്റവും വിശിഷ്ടനായ സന്തതിയുടെ ഭൌമാതീതയിലേക്കുള്ള ആരോഹണം(മിഅ്റാജ്) എന്നതിലൂടെ വ്യഞ്ജിതമാകുന്നത്. മുഹമ്മദിന്റെ-സ്വല്ലല്ലാഹു അലൈഹി വആലിഹി വസ്വല്ലം- ഉന്നതിയിലേക്കുള്ള ഉഡ്ഡയനം ആദമി(അ)ന്റെ സ്വര്‍ഗലോക ത്തേക്കുള്ള തിരിച്ചുപോക്കായിരുന്നു എന്ന് ആ നിലക്ക് പറയാം. മുഹമ്മദ്(അവിടുത്തെയും കുടുംബത്തിന്റെയും മേല്‍ ശാന്തിയുടെ സുരക്ഷിതത്വം എന്നാളുമുണ്ടാകട്ടെ) മണ്ണില്‍ നിന്ന് വിണ്ണിലേക്ക് ഉയര്‍ത്തപ്പെടുന്നു. കാരണം അഹ്മദ് എന്ന അഭിധാനത്തിന്റെ അഭിധേയം മുഹമ്മദ് എന്ന മനുഷ്യാനുഭവ ചരിത്രത്തിന്റെ മുഖ്യശില്‍പ്പിയാണ്. അദ്ദേഹത്തില്‍ വായിക്കാനുള്ളത് ഇതിഹാസത്തിന്റെ കാല്‍പ്പനികതയല്ല;  ചരിത്രത്തിന്റെ വാസ്തവകിതയാണ് എന്നതുകൊണ്ട്, ആ വാസ്തവികത പരമമായ വാസ്തവവുമായി സന്ധിക്കുന്നതാണ് മിഅ്റാജ് എന്ന വിശുദ്ധ വ്യോമയാനത്തിലെ വസ്തുത.

അപരിമേയമായ സത്യത്തിന് മുമ്പില്‍ വണക്കത്തോടെ മുഖാമുഖം നില്‍ക്കുമ്പോള്‍ സ്വാത്മ സ്വത്വം നഷ്ടപ്പെടുത്തി വിശുദ്ധമായ ദാസ്യം(അബ്ദിയ്യത്ത്) എന്നത് വ്യഞ്ജിതമാക്കുക യായിരുന്നു തിരുമേനിയിലൂടെ. മുഹമ്മദ് നബി(സ്വ)യുടെ അവിടെയുള്ള നമസ്കാരം (നമിക്കല്‍) മുഴുവന്‍ മനുഷ്യലോകത്തിന്റെയും പ്രണാമമായാണ് ഭവിക്കുന്നത്. അതാകുന്നു മനുഷ്യന് ഉപഹാരമായി തിരിച്ചുകിട്ടിയ നിസ്കാരം (സ്വലാത്) എന്ന ആരാധന.

isra-miraj (1)മുഹമ്മദ് നബി(സ്വ) എന്ന ആദം സന്തതി റബ്ബിനെ മുഖാമുഖം ദര്‍ശിച്ചപ്പോള്‍ വചിച്ചു. പ്രണാമത്തിന്റെ അഭിവാദനമായ ആ വാക്യങ്ങള്‍ ഇങ്ങനെ: “തിരുമുല്‍ കാഴ്ചകളത്രയും അനുഗ്രഹീതവും സംശുദ്ധമായതൊക്കെയും സകല അര്‍ഥനകളും അല്ലാഹുവിന് മാത്രം.”

അതിനുള്ള പ്രതികരണമെന്നോണം പരമമായ ഉണ്‍മ (വുജൂദ് മുത്വ്ലക്)യില്‍ നിന്നും തന്റെ ക്ഷണികമായ ഉണ്‍മ(വുജൂദ് ഇളാഫീ)യത്രയും ശ്രവണ പുടമാക്കിയെടുത്തുകൊണ്ട് തിരുമേനി ശ്രവിച്ചത് ഇങ്ങനെയായിരുന്നു: “അല്ലയോ നബീ, താങ്കള്‍ക്കുമേല്‍ ശാന്തി. എന്നാളും താങ്കള്‍ക്കു സമാധാനം ഭവിക്കും, അല്ലാഹുവിന്റെ കരുണയും അനുഗ്രഹാശിസ്സുകളും താങ്കള്‍ക്കുണ്ട്.”

തിരഞ്ഞെടുക്കപ്പെട്ട ഏക മനീഷിക്ക് തമ്പുരാനില്‍ നിന്നുള്ള ഈ ആശീര്‍വാദത്തിന് അവനുള്ള വിശുദ്ധദാസ്യത്തെ മാത്രം അംഗീകരിക്കുന്ന ദാസനില്‍ നിന്നുണ്ടായ പ്രതികരണവും ശ്രദ്ധേയമാണ്:

“പ്രഭോ, അതങ്ങനെയാകട്ടെ. ഞങ്ങള്‍ക്കുമേല്‍ എന്നും അവിടുന്നില്‍ നിന്നുള്ള ശാന്തി. എന്നാല്‍ അതുപോലെ, അല്ലാഹുവിന് സ്വാത്മസ്വത്വത്തെ സമര്‍പ്പിച്ച് അവന് മാത്രമുള്ള ദാസ്യത്തിലൂടെ വിശുദ്ധി നേടിയ എല്ലാ സുകര്‍മ്മാക്കള്‍ക്കും ശാന്തിയുണ്ടാകേണമേ.”

റബ്ബിനോട് ഇങ്ങനെ പ്രതികരിക്കുമ്പോള്‍ ആ പുണ്യാത്മന്‍ “ഒറ്റയില്‍ ബ്രഹ്മപദം കൊതിക്കുന്ന” സ്വാര്‍ഥിയായ സന്യാസിയില്‍ നിന്നും വിഭിന്നമായിക്കൊണ്ട് തന്റെ വൃഷ്ടിയെ സഹജാതിയിലേക്കാകെയും വ്യാപരിപ്പിച്ച് സമഷ്ടീഭാവം ഉള്‍ക്കൊള്ളുകയും കൂടിയായിരുന്നു. അദ്ദേഹം ഇബ്റാഹിം(അ)ന്റെ തനതു പ്രകൃതം പുനരാവിഷ്കരിക്കുകയായിരുന്നു. അതുപോലെ ഇബ്റാഹിം പിതാവിന്റെ ദൌത്യപ്രകൃതവും. അതിനെ പുനരുദ്ധരിക്കുകയുമായിരുന്നു ആ മനുഷ്യോത്തമന്‍. ഉമര്‍ഖാസി(റ)യെ ഉദ്ധരിക്കാം.

“ഔദാര്യത്തിന്റെ അലങ്കാരങ്ങളുമായി കരുണയായിക്കൊണ്ട് അവിടന്ന് വന്നു നിന്നു. എല്ലാ സൃഷ്ടി ജാലങ്ങള്‍ക്കും നേരെ അനുതാപവും അലിവും നിറഞ്ഞ ഔദാര്യത്തോടെ. മഹാനായ  പിതാമഹന്റെ ധര്‍മസരണിയുമായിക്കൊണ്ട്. ഞാന്‍ ഉദ്ദേശിച്ചത് അല്ലാ ഹുവിന്റെ പ്രിയന്‍ ഇബ്റാഹീമി(അ)നെ തന്നെ” (സ്വല്ലല്‍ ഇലാഹ് ബൈത്ത്, ഉമര്‍ ഖാളി).

ഇബ്റാഹീമി(അ)നെ ഖുര്‍ആന്‍ വിളിച്ചത് സമഷ്ടി എന്നര്‍ഥമുള്ള ഉമ്മത് എന്ന അഭിദാനത്തിലാണല്ലോ. ‘ഇമാമന്‍ ലിന്‍നാസ്’ ജനതക്കുള്ള പ്രമാണം എന്ന് വേറൊരിടത്തും. (ഇമാം എന്ന അറബ് ശബ്ദത്തിന് നേതാവ് എന്നതുപോലെ പ്രമാണം എന്നുമുള്ള അര്‍ഥമുണ്ട്. തൌറാത്ത് എന്ന വേദത്തെക്കുറിച്ച് ഖുര്‍ആന്‍ ഇമാം എന്നുപയോഗിച്ചത് ആ അര്‍ഥത്തിലാണ്. ഖുര്‍ആന്‍ തന്നെയും വിശ്വാസികള്‍ക്ക് ‘ഇമാം’ പ്രമാണം ആണ്).

ഇവിടെ അല്ലാഹുവിന്റെ സുകര്‍മ്മാക്കളായ വിശുദ്ധ ദാസന്മാര്‍ക്കാകെയും വേണ്ടി പ്രാര്‍ഥിക്കുന്ന മുഹമ്മദ് നബി(സ്വ) ദൈവ സന്നിധിയില്‍ ഒരു വ്യക്തിയല്ല. അദ്ദേഹം വൃഷ്ടിയില്‍ ഒതുക്കപ്പെടുന്നില്ല. മുഴുവന്‍ സജ്ജന സമൂഹത്തിന്റെയും സമഷ്ടിയാവുകയാണ് അവിടുന്ന്. അദ്ദേഹം മനുഷ്യ രാശിയുടെ കുറ്റമറ്റതായ പ്രതിമാനം ആവുകയാണ്. അതാകട്ടെ കരുണാമയനും കരുണാനിധിയുമായ നിയന്താവിന്റെ  തിരുമുമ്പില്‍ കൈനീട്ടിനിന്നുകൊണ്ടും. എല്ലാവര്‍ക്കും വേണ്ടിയുള്ള സമാധാനം, ശാന്തി -സലാം- ആ അടിമ തമ്പുരാനോട് ഇരന്ന് ചോദിക്കുകയാണ്. അത് വാങ്ങിക്കൊണ്ട് തന്നെയാണ് അവിടുന്ന് തിരിച്ചുപോരുന്നതും. സ്വല്ലല്ലാഹു അലൈഹിവസല്ലം.

മനുഷ്യഭാഷയുടെ പദാവലിയില്‍ ഒതുക്കി പ്രകാശിപ്പിക്കാനസാധ്യമായ ഈ ആദ്ധ്യാത്മാനുഭവം നടന്ന മുഹൂര്‍ത്തത്തിനും പ്രസക്തിയുണ്ട്. പകലിലല്ല ഇരവിലാണ് അതെന്നത് ചിന്തനീയമാണ്. ഇരുള്‍മുറ്റിയ രാത്രിയില്‍ ധരിത്രിയില്‍ നിന്നും അന്തിമ പ്രവാചകന്‍ പ്രകാശവേഗതയെ വെല്ലുന്ന വാഹനത്തില്‍ പ്രകാശസൃഷ്ടിയായ മലകിന്റെ അകമ്പടിയോടെ യാത്രയാവുകയാണ്. ആകാശങ്ങള്‍ക്കും അപ്പുറത്തേക്കുള്ള വ്യോമയാനം. വെ ളിയംകോട് ഉമര്‍ഖാളി(റ)യുടെ കവിത്വം അതിങ്ങനെ പ്രകാശനം ചെയ്യുന്നു:

“ആകാശത്തിനും അപ്പുറത്തേക്ക് ആരോഹണം നടത്തിയ മഹാത്മന്‍. അങ്ങ് അടുത്തു. അല്ല അടുത്തതിലും അടുത്തു. അങ്ങനെ പ്രാപഞ്ചികത കൈവരിച്ചുവല്ലോ അവിടുന്ന്. അങ്ങക്കുമേല്‍ ശാന്തിയുടെ അനുഗ്രഹ വര്‍ഷം ചൊരിഞ്ഞവന്‍ തന്നെ അങ്ങക്കായി സ്വലാത്തും ചെയ്തുവല്ലോ.”

ഇത്തരം ഒരു ഉദ്ഗമനം അന്തിമ വചനവാഹകന്റെ കര്‍തൃനിഷ്ടമായ അനുഭവം തന്നെ. അതായത് മറ്റാര്‍ക്കും പങ്കുകൊള്ളാനാകാത്തത്. മറ്റൊരാള്‍ക്കും സാക്ഷ്യപ്പെടുത്താനാവാത്ത വിധമുള്ള പരോക്ഷതയുണ്ടതിന്. ആ നിലക്കുള്ള വിശുദ്ധ ഗുപ്തതയും. എന്നാല്‍ ഇപ്പറഞ്ഞത് മിഅ്റാജിനെ മാത്രം സംബന്ധിക്കുന്ന കാര്യമല്ലല്ലോ. വഹ്യിന്റെ കാര്യത്തിലും അങ്ങനെയല്ലേ. വചനവുമായി പ്രവാചകനി(സ്വ)ലേക്ക് ഇറങ്ങി വന്നിരുന്ന ജിബ്രീല്‍ (അ) എന്ന മലകിന്റെ സാന്നിധ്യം മറ്റാരെങ്കിലും ദര്‍ശിച്ചിരുന്നോ (ചില അപവാദങ്ങള്‍ ഉണ്ടെന്നത് നേര്).

പ്രയാണം ഉണര്‍വ്വില്‍ തന്നെ

എന്നാല്‍ പലരും ധരിച്ചുവെച്ചിരിക്കുന്നപോലെ ആദ്ധ്യാത്മമായ വിശുദ്ധ ദുര്‍ജ്ഞേയതയുള്‍ ക്കൊള്ളുന്ന ഈ ഉഡ്ഡയനം പ്രവാചക തിരുമേനി(സ്വ)ക്ക് സ്വപ്നത്തിലുണ്ടായ ദര്‍ശന മായിരുന്നില്ല എന്ന കാര്യം അടിവരയിടേണ്ടതുണ്ട്. ജാഗ്രത, സ്വപ്നം, സുഷുപ്തി എന്നീ മൂന്നു അവസ്ഥകള്‍ക്കുശേഷം മനുഷ്യാത്മാവിന് തുരീയം എന്ന നാലാമതൊരു അവസ്ഥ കൂടെയുണ്ടെന്ന് ഉപനിഷത്തില്‍ നിന്ന് പഠിക്കാം. മനുഷ്യാത്മാവിന്റെ ഏറ്റവും ഉത്തുംഗമായ ഈ അവസ്ഥയില്‍ ജ്ഞാനശോഭയുടെ വ്യജ്ഞനമുണ്ട്. ദേഹം എന്നത് ദേഹിയായും ശരീരം എന്നത് ശരീരിയായും മാറുന്ന അനിര്‍വചനീമായ അവസ്ഥയാണിത്. ഇത്തരം ഒരവസ്ഥയില്‍ അദ്ധ്യാത്മമായ തീവ്രാനുഭവമുണ്ടാകുന്ന വിശിഷ്ട വ്യക്തിത്വത്തില്‍ ജീവചൈതന്യമായ റൂഹ് മാത്രമല്ല അതിനെ വഹിക്കുന്ന ദേഹം പോലും പങ്കാളിയായിത്തീരും. വിശുദ്ധ നബിയുടെ റൂഹ് അപ്പോള്‍ ശരീരിയോ ദേഹിയോ ആയി ഭവി ക്കും. ഒരേ വ്യക്തിക്ക് രണ്ട് ദേഹങ്ങള്‍ ഉണ്ടാകുക മാതിരിയുള്ള അസാധാരണ പ്രതിഭാസമാണിത്. മനുഷോത്തമന്‍(പൂര്‍ണ മനുഷ്യന്‍; ഇന്‍സാനുല്‍ കാമില്‍) ആയ തിരുനബി യെ കുറിച്ച് സംസ്കൃതപ്രയോഗം കടമെടുക്കാമെങ്കില്‍ പറയാവുന്ന വിശേഷണം പ്രജ്ഞാവാന്‍ എന്നതാണ്. പ്രജ്ഞാവാന്‍ ആയ വ്യക്തിത്വം സ്മൃതിമാനും ബുദ്ധിമാനും മതിമാനുമായിരിക്കണം. സ്മൃതിമാന്‍ എന്നതിനര്‍ഥം ഭൂതകാലത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചവന്‍, ബുദ്ധിമാന്‍ വര്‍ത്തമാനത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചവന്‍. മതിമാന്‍ എന്നതാകട്ടെ വരാനിരിക്കുന്ന ഭവിഷ്യത്തിനെ കുറിച്ച് ബോധനം നല്‍കപ്പെട്ടവന്‍.

ചുരുക്കത്തില്‍ ത്രികാലജ്ഞാനത്തെ സ്രഷ്ടാവ് നിശ്ചയിച്ച അളവില്‍ ഉള്‍ക്കൊള്ളാന്‍ പ്രാപ്തമായ വ്യക്തിത്വമാണ് പ്രവാചകന്‍. അവിടുന്ന് പ്രജ്ഞാവാനാണ്. അതുകൊണ്ട് തന്നെ നൂര്‍(പ്രകാശം) എന്നത് വിശുദ്ധ ദേഹിയുടെ പ്രകൃതമാണെന്ന് മനസ്സിലാക്കാം. പരമമായ സത്യത്തില്‍ നിന്നുള്ള വചനമാധ്യമമാണല്ലോ പ്രവാചക ശരീരം. അതിന് വ്യജ്ഞക പ്രകൃതമുണ്ടാവുക എന്നത് സ്വാഭാവികമാണ്. വ്യഞ്ജക പ്രകൃതമുള്ള ദേഹിയില്‍ ഊര്‍ജത്തിന്റെ രസതന്ത്രം എങ്ങനെ എന്നത് പരിഗണനയര്‍ഹിക്കുന്ന പ്രമേയമാണ്. പ്രവാചകരുടെ തിരുദേഹിക്ക് നിഴല്‍ ഉണ്ടായിരുന്നില്ല എന്നുപറഞ്ഞാല്‍ ആഴത്തിലേ ക്ക് ചിന്തിക്കാന്‍ അശക്തരായവര്‍ അന്ധവിശ്വാസമായി തള്ളിക്കളഞ്ഞേക്കും. എന്നാല്‍ അതില്‍ അസ്വാഭാ വികമായി ഒന്നുമില്ല എന്നതാണ് വാസ്തവം. (അമാനുഷികം എന്ന പ്രയോഗം ഒഴിവാക്കണം. കാരണം പ്രവാചകന്റേതായ എല്ലാം (മുഹമ്മദ് നബി(സ്വ)യാകട്ടെ ഈസാനബി(അ)യാകട്ടെ) മാനുഷികവും മനുഷ്യ സ്പര്‍ശിയുമാണ്. മനുഷ്യന്‍ എന്നതിന്റെ പൂര്‍ണതയുള്‍ക്കൊള്ളുന്ന മഹാവ്യക്തിത്വമാണ് പ്രവാചകന്‍. അവിടുന്ന് ദൈവമാകുകയില്ല. മലകുകളല്ല. അതില്‍ അടങ്ങിയത് അസ്വാഭാവികതയല്ല(കാരണം എല്ലാം റബ്ബിന്റെ സുന്നത്തില്‍ ഉള്‍പ്പെടുന്നു). മറിച്ച് അസാധാരണത്വമാണ്. അസാധാരണത്വമുള്ളതാണ് (ഏറിയപങ്കും) ആയത്ത്; ദൃഷ്ടാന്തം എന്ന നിലയില്‍ പരിചയപ്പെടുത്തപ്പെട്ടിരിക്കുന്നത്. മറ്റുള്ളതില്‍ നിന്ന് വ്യതിരിക്തത പുലര്‍ത്തുന്ന ഒരു ചിഹ്നം എന്ന നിലക്കോ പ്രധാനപ്പെട്ടതിലേക്കുള്ള സൂചകം എന്ന നിലക്കോ ഉള്ള പ്രയോജനമാണ് ആയത്തിനുള്ളത്. ഈസാനബി(അ)യുടെ അസാധാരണമായ പിറവിയും അദ്ദേഹത്തി ന്റെ ജീവിതാദ്യം മുതല്‍ ഭൌമസാഹചര്യത്തില്‍ നിന്നും ഉയര്‍ത്തിയെടുക്കുന്നതു വരെയുള്ള ജീവിതവുമെല്ലാം ഉദാഹരണമാണ്. ഖുര്‍ആന്‍ ഈസാനബി(അ)യെ ആയതുന്‍ ലിന്‍നാസ് എന്നും മസലുന്‍ ലിബനീ ഇസ്രാഈല്‍ എന്നും കാലത്തിന്റെ (അന്തിമയാമത്തിന്റെയും നിര്‍ണിത മുഹൂര്‍ത്തത്തിന്റെയും) അറിയിപ്പ് എന്നര്‍ഥം വായിക്കാവുന്ന ഇല്‍മുന്‍ ലിസ്സാഅത് എന്നുമൊക്കെ വിളിച്ചത് ഈ അസാധാരണത്വത്തെയും വ്യതിരിക്തതയെയും ചില പ്രധാന കാര്യങ്ങള്‍ക്കുള്ള നിമിത്തമായി ആ ജീവിതം ഭവിക്കുന്നതിനെയുമെല്ലാം കുറിക്കുന്ന സൂചകം എന്ന നിലക്കാണ്.

നിഴലില്ലാത്ത ശരീരം

നിഴല്‍ ഇല്ലാത്ത ദേഹമായിരുന്നു മുഹമ്മദ്(സ്വ)ന് എന്നു പറയുമ്പോള്‍ ഭൌതിക ഊര്‍ജ തന്ത്ര രാസ പ്രക്രിയയെയും  പരിഗണിച്ച് വ്യാഖ്യാനം കണ്ടെത്താവുന്നതാണ്. വചനവാഹകനിലെ വ്യഞ്ജക ഗുണം പരിഗണിക്കപ്പെടണം. അദ്ദേഹം പ്രകാശം പ്രസരിപ്പിക്കുന്നു എന്നര്‍ഥം. പ്രകാശം സ്വയം പ്രസരിപ്പിക്കുന്ന ഒന്നിനും നിഴല്‍ ഉണ്ടാവുകയില്ല. പ്രകാശത്തിന് തടസ്സം നില്‍ക്കുന്ന ജഢതയാണ് വെളിച്ചത്തിന് മറ സൃഷ്ടിച്ച് നിഴല്‍ ജനിപ്പിക്കുന്നത്. ആദ്ധ്യാത്മമായ ജ്യോതിസ്സ് നിറഞ്ഞുനില്‍ക്കുന്ന ദേഹം ദീപമാണ്. ഗിറാജ് സൂര്യനാണ്. സൂര്യന്‍ സൂര്യന് മറയുണ്ടാക്കുകയില്ല. നിഴല്‍ ജനിപ്പിക്കയില്ല. ആലങ്കാരികാര്‍ഥത്തിലല്ല ഭൌതികമായ വസ്തുത എന്ന നിലക്കുതന്നെ. പരിമളം, ശബ്ദം എ ന്നീ കാര്യങ്ങളിലും മറ്റു പലതിലും വിശുദ്ധ ദേഹത്തിന് സവിശേഷതകളുണ്ടായിരുന്നു. അതുപോലെതന്നെയാണ് അത്തരം ഒരു ശരീരം ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് മിന്നല്‍ പിണറിനെയും വെല്ലുന്ന വേഗത്തില്‍ സഞ്ചാരയോഗ്യമാക്കുക എന്നതും. ഖുര്‍ആന്‍ വ്യാഖ്യാതാവായ എ. യൂസുഫ് അലി സൂറത്തുല്‍ ഇസ്റാഇന്റെ മുഖവുരയില്‍ എഴുതിയത് ഏറെ തൃപ്തികരമായ ഒരു വ്യാഖ്യാനമായി പരിഗണിക്കാം. ശരീരം എന്നത് ഇവിടെ ഏറ്റവും ലോലമായ ഒരു ചൈതന്യ സ്വരൂപത്തിലേക്ക് പരിവര്‍ത്തിക്കപ്പെട്ടു എ ന്നാണ് അദ്ദേഹം എഴുതിയത് (കിര്‍ളിയന്‍ ഫോട്ടോഗ്രാഫി തുടങ്ങിയ ആധുനിക കണ്ടെത്തലുകളും പാരാസൈക്കോളജി സംബന്ധമായ അപഗ്രഥനങ്ങളും ഈ വ്യാഖ്യാനത്തെ ബലപ്പെടുത്തുന്നുണ്ട്). വചനവാഹിനിയായ പ്രവാചകദേഹി അതിന്റെ ജഢതയെ മറികടക്കുകയും അതിവര്‍ത്തിക്കുകയും ചെയ്യുന്ന വിധമുള്ള ഒരുതരം ഊര്‍ജതന്ത്ര പ്രക്രിയക്ക് വിധേയമാവുകയായിരുന്നു എന്നു കരുതാം.

പ്രയാണം പ്രസക്തമാകുന്നത്

പരിശുദ്ധ ഖുര്‍ആനില്‍ ഈ അസാധാരണമായ ചൈതന്യ സ്വരൂപത്തിന്റെ സഞ്ചാരയോഗ്യത യെക്കുറിച്ച് പരാമര്‍ശിച്ച ഒരു സൂറയുണ്ട്. സൂറതുല്‍ ഇസ്റാഅ്. ബനീ ഇസ്റാഈല്‍ സൂറ എന്നും പേരുണ്ട് ഈ അധ്യായത്തിന്. പ്രസ്തുത അധ്യായത്തിലെ ബിസ്മില്ലാഹിക്ക് ശേഷം വരുന്ന പ്രഥമ സൂക്തം തന്നെ അന്ത്യപ്രവാചകനെ ഒരൊറ്റ രാത്രിക്കകം മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സ്വായിലേക്ക് സഞ്ചരിപ്പിച്ചതിനെക്കുറിച്ച് പറയുന്നതാണ്.

പരിശുദ്ധമായ പള്ളി(മസ്ജിദുല്‍ ഹറാം) യില്‍ നിന്നും ഒരൊറ്റ രാവില്‍ തന്റെ ദാസനെ ഏറ്റവും അകലത്തുള്ള പള്ളി (മസ്ജിദുല്‍ അഖ്സ്വാ)യിലേക്ക് സഞ്ചരിപ്പിച്ചവന്‍ (സകലപരിമിതികള്‍ക്കും അതീതനായ) പരിശുദ്ധനാകുന്നു. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ നിന്നുള്ള(പലതും) അദ്ദേഹത്തെ കാണിപ്പാനായിക്കൊണ്ട്, തീര്‍ച്ചയായും അവന്‍(അല്ലാഹു) മാത്രമാകുന്നു ശ്രവിക്കുന്നവന്‍, കാണുന്നവന്‍ (17/1).

പ്രവാചകരുടെ തിരുദേഹത്തെയും ദേഹിയെയും മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് ജറുശലേമിലെ വിശുദ്ധമായ ആരാധനാലയത്തിലേക്ക് എത്തിക്കുന്നവന്‍ അശരീരിയായ(ശരീരം എന്ന സ്ഥലകാല പരിമിതിക്കതീതമായ പരിശുദ്ധിയുള്ള-സുബ്ഹാന്‍ ആയ) സര്‍വ ദര്‍ശകനും സര്‍വ്വം ശ്രവിക്കുന്നവനുമാകുന്നു എന്നാണല്ലോ പറഞ്ഞത്. സര്‍വ്വം ദര്‍ശിക്കുന്നവനില്‍ നിന്നും സര്‍വ്വം ശ്രവിക്കുന്നവനില്‍ നിന്നും ജഢതയുള്ള മനുഷ്യന് ദര്‍ശിക്കാനും ശ്രവിക്കാനുമുള്ളത് കണ്ണുതുറപ്പിക്കുകയും ചെവി കേള്‍പ്പിക്കുകയും ചെയ്യുന്ന സൂചകങ്ങളെ;  ആയത്തുകളെയാകുന്നു. എന്നു പറഞ്ഞാല്‍ പരിമിതമായ അളവില്‍ ത്രികാല ജ്ഞാനത്തിന്റെ വ്യഞ്ജനം അവനില്‍ ഇട്ടു കൊടുത്തു കൊണ്ട് അവനെ പ്രജ്ഞാവാനാക്കുന്നു അല്ലാഹു. അവനെ സ്മൃതിമാനും ബുദ്ധിമാനും മതിമാനുമാക്കി മാറ്റുന്നു. അതിനു വേണ്ടിയാണ് അവനെ യാത്ര ചെയ്യിപ്പിക്കുന്നത്. യാത്രക്ക് വിഹംഗമ പ്രകൃതമുണ്ട്. അതുപോലെ പിന്നീടതിന് ഉഡ്ഡയന പ്രകൃതവും കൈവരും. എന്നാല്‍ അവര്‍ കൈവരിക്കുന്നതാകട്ടെ ദിവ്യത്വ പദവിയല്ലതാനും. അതിവിശുദ്ധമായ ദാസ്യപദവിയാണ്. അതുകൊണ്ടാണ് തന്റെ ദാസനെ എന്നത് പ്രത്യേകം എടുത്തുപറഞ്ഞത്. അതായത് നബിക്ക് ബ്രഹ്മപദമുണ്ടാകുമെന്ന് -ആര്‍ക്കെങ്കിലും അതുണ്ടാകുമെന്ന് -കാണേണ്ടതില്ല. നബിക്ക് ലഭ്യമാകുക ബ്രഹ്മപദവിയല്ല. ബ്രഹ്മജ്ഞാനമാണ്. അതുകൊ ണ്ട് തന്നെ അദ്ദേഹം അപരിമേയതയുള്ള ഈശ്വരനാവുകയില്ല. ആരാധിക്കപ്പെടേണ്ട ദൈവവുമാകയില്ല. ഈശ്വരീയതയെ പ്രകാശിപ്പിക്കുന്ന(റൂബിബിയ്യത്തിനെ തെളിയിച്ച് കാട്ടിക്കൊടുക്കുന്ന) വിശുദ്ധ ദാസ്യത്തിന്റെ (ഉബൂദിയ്യത്തിന്റെ) ആശയമേ ഉള്‍ക്കൊള്ളുകയുള്ളൂ. അതുമാത്രമേ പഠിക്കുകയും പഠിപ്പിക്കുകയുമുള്ളൂ. അവിടുന്ന് വിഗ്രഹവും ആവുകയില്ല. ഈശ്വരനാവുകയില്ല. അതിനാല്‍ വ്യാജ ഈശ്വരന്മാരോട്(അര്‍ബാബ്) അദ്ദേഹത്തിന് ഏറ്റുമുട്ടേണ്ടിവരും. അവരുടെ റുബൂബിയ്യതും ഉലൂഹിയ്യതും തകരുമെന്ന് കാണുമ്പോള്‍ അവര്‍ വെറുതെയിരിക്കുമോ? എതിര്‍പ്പുമായി അവര്‍ ഇങ്ങോട്ടു വരുമ്പോ ള്‍ അവിടുന്ന് പാറ പോലെ ഉറച്ചു നില്‍ക്കും. വ്യാജമായ കല്ലുകള്‍ ഈ മഹാ ശിലയില്‍ തട്ടി തകര്‍ന്നു തരിപ്പണമാകും. ഇക്കാര്യങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്നതാണ് ലിനുരിയഹൂ മിന്‍ ആയാതിനാ (നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് പലതും അദ്ദേഹത്തെ കാണിപ്പാനായി) എന്ന പ്രയോഗം.

ഖുര്‍ആനില്‍ എടുത്തു പറഞ്ഞ അസാധാരണത്വമുള്ള നിശായാത്ര ഇതാണ്. ഇതിനെയാ ണ് ഇസ്റാഅ് എന്ന് വിശേഷിപ്പിക്കുന്നത്. ഇസ്രാഇന് ഒരു ഭൌമ പശ്ചാതലമാണുള്ളത് പ്രത്യക്ഷത്തില്‍. (കാരണം മസ്ജിദുല്‍ ഹറാമും മസ്ജിദുല്‍ അഖ്സ്വായും ഭൂമിയിലാണ്) എന്നാല്‍ അനുഗ്രഹ പൂരിതമായ ഈ ഭൌമ പശ്ചാതലത്തില്‍ നിന്ന് ഭൌമാതീത വിതാനത്തിലേക്കുള്ള ഒരു ഉഡ്ഡയനം പിന്നീട് സംഭവിക്കുന്നുണ്ട്. അതേപ്പറ്റിയുള്ള വിവരണം (തെളിമയോടെ) പ്രവാചക വചനങ്ങളില്‍ നിന്നേ കിട്ടുന്നുള്ളൂ. അതായത് ഖുര്‍ആനില്‍ സംഭവത്തിന്റെ പ്രാരംഭം കുറിക്കുന്ന ആയത് മാത്രമേ പ്രത്യക്ഷത്തില്‍ കാണുന്നുള്ളൂ. ഉപരിതല വായന മാത്രം നടത്തുന്ന ഒരാള്‍ക്ക് പ്രത്യേകിച്ചും. പിന്നീടുണ്ടായ ഉഡ്ഡയനത്തിന്റെ അനുഭാവം മനുഷ്യനില്‍പ്പെടുന്ന ഒരു വ്യക്തിയെന്ന നിലയില്‍ അവിടുന്ന് മനുഷ്യ ലോകത്തോട് വിളംബരപ്പെടുത്തുകയാണ്. വചനവാഹിയായ പ്രവാചകന്റെ സീറാ  (ജീവിതം)യും ഖുര്‍ആന്‍ പോലെ ഒരു പ്രമാണം തന്നെയാണ്.

ഇസ്റാഉം മിഹ്രാജും

എന്നാല്‍ ഭൌമപശ്ചാതലമുള്‍ക്കൊള്ളുന്ന ഇസ്റാഅ് എന്നതിലും ദര്‍ശന പ്രധാന്യമുള്ള ഒട്ടുവളരെ പൊരുളുകള്‍ അന്തസ്ഥമായി കിടപ്പുണ്ട്. രാത്രിയിലായിരുന്നു ആ യാത്ര എന്നത് ചിന്തനീയമാണ്. പുലര്‍ച്ചക്ക് മുമ്പേ അവിടുന്ന് മനുഷ്യ ലോകത്തെത്തിച്ചേരുന്നുമുണ്ട്. പ്രവാചക നിയോഗത്തിന്റെയും ദിവ്യബോധനത്തിന്റെയും പ്രകൃതത്തെ സൂചിപ്പിക്കുന്ന ഒരു രൂപകം അതുള്‍ക്കൊള്ളുന്നുണ്ട്.

“നാം താങ്കളിലേക്ക് അവതരിപ്പിച്ച വേദം, താങ്കള്‍ ജനത്തെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിപ്പാനായ്ക്കൊണ്ട്.” എന്ന് ഖുര്‍ആനെക്കുറിച്ച് പറഞ്ഞതിന്റെ ആശയം ആയതുകള്‍ കാട്ടിക്കൊടുപ്പാനായി രാത്രിയില്‍ അവിടുത്തെ യാത്രചെയ്യിപ്പിച്ചു എന്നു പറഞ്ഞതില്‍ ഒരു ഉപദാനാലങ്കാരമായി ഒളിഞ്ഞിരിക്കുന്നുണ്ട്.

ഇരവിന്റെ കാളിമയില്‍ പ്രവാചകന്‍ പ്രകാശത്തിന്റെ സ്രോതസ്സിലേക്ക് ആരോരുമറിയാതെ വാഹനമേറ്റപ്പെടുന്നു. അപരിമേയമായ പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ നിന്ന് വൃഷ്ടി സംബന്ധിയും സമഷ്ടി സംബന്ധിയും ആയ മനുഷ്യ ലോകത്തിന് ആവശ്യമുള്ളതത്രയും അദ്ദേഹത്തിന് കാണിക്കപ്പെടുന്നു. അതുപോലെ പ്രജ്ഞാവാന്‍ എന്ന നിലയില്‍ (അല്ലാഹു ഇച്ഛിക്കുന്ന അളവില്‍) സ്മൃതിമാനും ബുദ്ധിമാനും മതിമാനുമായിത്തീരേണ്ടതിനുവേണുതൊക്കെയും ആ മനീഷിയില്‍ നിറക്കപ്പെടുന്നു. അനന്തരം അദ്ദേഹം ഭൂമിയിലേക്ക്- നാട്ടിലേക്ക്, വീട്ടിലേക്ക്, സമൂഹത്തിലേക്ക് തിരിച്ചയക്കപ്പെടുന്നു. തിരിച്ചുവരുന്നതാകട്ടെ സഹജീവികള്‍ക്കാകെയും ശാന്തി നല്‍കുന്ന വിശിഷ്ടമായ ഒരു ഉപഹാരവുമായിക്കൊണ്ടാണുതാനും. അതാകുന്നു നിസ്കാരം(സ്വലാത്) എന്ന ഉപാസന. ഈ നിസ്കാരം എന്നതില്‍ ഉള്‍പ്പെടുത്തപ്പെട്ടതാണ് മുമ്പ് വിവരിച്ച അത്തഹിയ്യാത്ത് എന്ന തിരുമുള്‍ ക്കാഴ്ചയുടെ കീര്‍ത്തനവും അതിനു പ്രതികരണമായി പടച്ച തമ്പുരാനില്‍ നിന്നുള്ള ആശീര്‍വാദവും അതേറ്റുവാങ്ങി സമഷ്ടിയ്ക്കാകെയും ശാന്തിയാക്കേണമേ എന്ന തിരുനബിയുടെ കേഴലും. പ്രവാചകന്റെ രാത്രി എന്നത് പ്രകാശ പൂരിതമായിരിക്കുമ്പോള്‍ മറ്റു മനുഷ്യര്‍ ഇരവിന്റെ പുതപ്പില്‍ സുഷുപ്തി അനുഭവിക്കുകയായിരുന്നല്ലോ. അതിനാല്‍ പുലരാറാകും മുമ്പേ, പൂങ്കോഴി കൂവും മുമ്പേ അദ്ദേഹത്തിന് തിരിച്ചെത്തേണ്ടതുണ്ട്. ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്തി പ്രഭാതത്തിന്റെ ആഗമനം അറിയിച്ചുകൊണ്ട് ഏറ്റുവാങ്ങി യിരിക്കുന്ന വിശിഷ്ട ഉപഹാരം അവര്‍ക്ക് മുമ്പില്‍ വെച്ചുകൊടുക്കേണ്ടതുണ്ട്.

ഇസ്റാഅ്, എന്നത് മിഹ്രാജ് എന്ന ഉഡ്ഡയനത്തിന്റെ ഭൌമതലത്തില്‍ നിന്നുള്ള പ്രാരംഭമാണ്. മിഹ്രാജ് എന്നതാകട്ടെ വാസ്തവത്തില്‍ ആദമി(അ)ന്റെ (അലൈഹിസ്സലാം) മണ്ണിന്റെ സാരാംശമെന്ന അവസ്ഥയില്‍ നിന്ന് വിണ്ണിലെ സ്വര്‍ഗീയത എന്നതില്‍ എത്തിപ്പെടലാണ്. അവിടെ ജന്മം കൊള്ളലാണ്. പുറത്തുവരലിന്റെ മാതൃപ്രകൃതം മാത്രമേ ഭൂമിക്കുള്ളൂ. എന്നാല്‍ ആദമി(അ)ന്റെ സത്തയുടെ ചൈതന്യം വരുന്നത് അപരിമേയതയുടേതായ ഒരു ഊത്തില്‍ നിന്നാണ്. ആ ഊത്തിലൂടെ മണ്ണിരയെ പോലെ ഇഴയേണ്ട യോഗമുള്ള പരകോടി ജൈവ രൂപങ്ങളില്‍ നിന്ന് വ്യത്യസ്തനായിക്കൊണ്ട് ആദം(അ) ഒരു സ്വര്‍ഗ കുമാരനായി ജനിച്ചു. അദ്ദേഹം ഭൂമിയിലെ മരം ചാടിയായ കുരങ്ങില്‍ നിന്നും ഗുഹാവാസിയായ ചിമ്പാന്‍സിയില്‍ നിന്നും വ്യത്യസ്തനായി. ജൈവ രൂപങ്ങളുടെ പിണ്ഡത്തില്‍ നിന്ന് വ്യത്യസ്തമാണ് ആദം(അ) സത്തയുടെ പിണ്ഡമായ അലഖ്. റബ്ബിന്റെ നാമത്തില്‍ വായിച്ചെടുക്കേണ്ട ഒരു ആയത്താണ് അത്. തൂലികയിലൂടെ വികസിച്ച് മനുഷ്യനായിത്തീര്‍ന്ന് വിശുദ്ധമായ ഊത്തിന്റെ വ്യഞ്ജനം പ്രസരിപ്പിക്കാനുള്ളതാണ് ആ അലഖ്.

ഏതായാലും സ്വര്‍ഗത്തില്‍ പിറന്ന ആദമി(അ)ന് തന്റെ ജനതയുടെ നിദാനമായ ഭൂമിയിലേക്ക് തിരിച്ചുവരേണ്ടതുണ്ടായിരുന്നു.(അതൊരു പതനമല്ല നിയോഗമാണ്. വിലക്കപ്പെട്ട കനിയുടെ ആഹരണം ഒരു നിമിത്തവും. അതുപോലെ കൃപാലുവും മാപ്പാക്കുന്നവനുമായ റബ്ബിന്റെ മഹത്വത്തെയും പൂര്‍ണതയെയും വിശാല  കാരുണ്യത്തെയും സൂചിപ്പിക്കുന്നതും മനുഷ്യന്റെ പരിമിതിയെയും പിഴയെയും പശ്ചാതാപത്തെയും അനിവാര്യമാക്കുന്നതുമായ ഒരു ദൃഷ്ടാന്തവും) അതുപോലെ മുഹമ്മദ് നബി(സ്വ)യും ഭൂമിയിലേക്ക് തന്നെ തിരിച്ചു വരേണ്ടതുണ്ട്. കാരണം ഇവിടെയാണ് ആ വിശുദ്ധ മനീഷിയുടെ കര്‍മ മേഖല.

ഇസ്റാഉം മിഹ്രാജും കഴിഞ്ഞ ശേഷമുള്ള പ്രവാചക ജീവിതമാണ് പിന്നീട് മനുഷ്യന്റെ ചരിത്രപരമായ പരിണാമത്തിന്റെ നിര്‍ണായക ഘടകമായി ഭവിച്ചത് എന്നത് കണ്ണില്‍പ്പെടാതെ പോകാന്‍ പറ്റാത്ത പ്രധാന കാര്യമാണ്. മിഹ്രാജിന് ശേഷമാണല്ലോ മനുഷ്യ ചരിത്രാനുഭവത്തിലൊരു പുതിയ പഞ്ചാംഗത്തിന് തുടക്കം കുറിക്കുന്നത്. അതിനു ശേഷം ഏറെ വൈകാതെ സംഭവിക്കുന്ന ഹിജ്റ എന്ന അതിമഹത്തായ സംഭവം മനുഷ്യാനുഭവ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വഴിത്തിരിവാണ്. ഈസ(അ)മിന്റെ തിരുപ്പിറവിയെ ആസ്പദമാക്കി ഗണിച്ചുപോരുന്ന സൂര്യപഞ്ചാംഗം (അതു പ്രകാരം നാലു വര്‍ഷം കഴിഞ്ഞാണ് തിരുപ്പിറവി എന്ന വിവരം തല്‍ക്കാലം അവഗണിക്കുക.) ലോകം അംഗീകരിക്കുന്ന പഞ്ചാംഗം തന്നെ. അതിന്റെ നിദാനമായി ഈസ(അ) വരുന്നു എന്നതിനുള്ള സൂചന ‘വഇന്നഹുല ഇല്‍മുന്‍ ലിസ്സാഅ (തീര്‍ച്ചയായും അവന്‍ കാലത്തിന്റെ അടയാളവുമത്രെ) ഖുര്‍ആനില്‍ നിന്നും കിട്ടുന്നുമുണ്ട്. എന്നാല്‍ ഹിജ്റ എന്ന പഞ്ചാംഗത്തിന്റെ തുടക്കത്തില്‍ പ്രവാചകപ്പിറവിയല്ല നിദാനം. മര്‍ദ്ദിതന്റെ പലായനമാണ്. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്ത വര്‍ഗം ജന്മദേശം വിട്ട് കൂട്ട പലായനം നടത്തിയത്. അവരുടെ തിരിച്ചുവരവോടെയാണ് പിന്നീട് ചരിത്രത്തിന്റെ ഗതി മാറിയതും, ‘സൌമ്യശീലന്മാര്‍ ഭൂമിയെ അനന്തരമാക്കിയതും’. ഈ ഒരു ആവശ്യത്തിന് വേണ്ടി തന്നെയാണ് പ്രകാശ മാധ്യമങ്ങളിലൂടെ ആരോഹണം ചെയ്തയാള്‍ വീണ്ടും മണ്ണെന്ന പ്രതലത്തിലേക്ക് അവഹോരണം ചെയ്തത്. ആരോഹണം ആദ്ധ്യാത്മവും വിശുദ്ധവുമായിരുന്നു. എന്നാല്‍ അതുപോലെ തന്നെയുള്ള പ്രാധാന്യം അവരോഹണത്തിനുമുണ്ട്. വിശുദ്ധിയോടെയുള്ള ആ തിരിച്ചു വരവില്‍ പ്രവാചകന്‍ കൊണ്ടുവന്നത് ശാന്തി, സലാം, ഇസ്ലാം എന്ന ധര്‍മ്മമാണ്. ചരിത്രത്തിന്. ജനതക്ക്. ആരോഹണത്തിലെ വ്യഞ്ജകം കര്‍ തൃനിഷ്ഠമായ ആദ്ധ്യാത്മ നിര്‍വൃതിയും സ്മൃതി, ബുദ്ധിമതികളെ സംബന്ധിക്കുന്ന പ്രജ്ഞയുമാണെങ്കില്‍ അവരോഹണത്തില്‍ അടങ്ങിയത് സാംസ്കാരിക മനുഷ്യാനുഭവചരിത്രം ആവശ്യപ്പെടുന്ന മാനവികതയാണ്. മിഹ്രാജിന് ശേഷം ഹിജ്റ എന്നതില്‍ അടങ്ങിയത്, പ്രജ്ഞയുടെ വ്യഞ്ജനത്തെയും ലൌകികതയുടെ ക്ഷണികമെങ്കിലും വാസ്തവികത യുള്‍ക്കൊള്ളുന്ന ഭദ്രതയെയും വിളക്കിച്ചേര്‍ക്കുന്ന ലോഹക്കൂട്ടാണ്.

വര്‍ത്തമാനത്തില്‍ നിന്ന് ഭൂതത്തിലേക്ക്

ഇസ്റാഇനെ സൂചിപ്പിക്കുന്ന ആയത്തിലെ രണ്ട് വിശുദ്ധ മന്ദിരങ്ങളുടെ പ്രതീകാത്മകതയും പരിഗണനീയമാണ്. മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സ്വയിലേക്ക് എത്തിപ്പെടുന്ന പ്രവാചകന്‍ വര്‍ത്തമാനത്തില്‍ നിന്ന് ഭൂതലത്തിലേക്ക് പ്രകാശവേഗത്തെ കടത്തിവെട്ടി കടന്നുവരികയാണ്.(ആധുനിക ഗണിത ശാസ്ത്ര സിദ്ധാന്തപ്രകാരവും ഇത്തരം ഒരു പ്രതിഭാസത്തിന്റെ സംഭവ്യത നിരാകരിക്കപ്പെടുന്നില്ല. അത്ലറ്റുകളുടെ ഓട്ടത്തെ കൌണ്ട് ഡൌണ്‍ ചെയ്ത് ഒന്ന് എന്നതില്‍ എത്തിച്ച് വീണ്ടും പുറകോട്ട് മൈനസ് വണ്ണിലേക്ക് തിരിക്കുമ്പോള്‍ മനുഷ്യന്റെ പ്രയാണം വര്‍ത്തമാനത്തില്‍ നിന്ന് ഭാവിയി ലേക്ക് എന്നതിനെക്കാള്‍ ഭൂതത്തിലേക്ക് എന്നായിത്തീരുമത്രെ. ഒരു സെക്കന്റില്‍ മൂന്ന് ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുന്നതാണ് പ്രകാശവേഗത. അതുകഴിഞ്ഞുള്ള വേഗമാണെങ്കില്‍ പൂജ്യത്തില്‍ നിന്നും പുറകോട്ട് പോകേണ്ടിവരും. ഇന്ന് നിലനില്‍ക്കുന്നവന് ഇന്നലെയിലേക്ക് ആ നിലക്ക് സഞ്ചരിക്കാമത്രെ) വര്‍ത്തമാനത്തില്‍ നിന്ന് ഭൂതത്തിലേക്കുള്ള പ്രവാചക സഞ്ചാരമാകട്ടെ ഭവിഷ്യത്തിന്(ഭാവിക്ക്) വേണ്ടി അതിനെ രൂപപ്പെടുത്തിയെടുക്കാന്‍ വേണ്ടിയുള്ളതുമാണ്. മനുഷ്യാനുഭവ ചരിത്രത്തിന്റെ പരിണാമ ഗുപ്തി എന്നതാണ് അതുള്‍ക്കൊള്ളുന്നത്.

മസ്ജിദുല്‍ ഹറാം എന്ന മക്കത്തെ പള്ളി ആരെയെല്ലാം എന്തിനെയെല്ലാം പ്രതീകവത്കരിക്കുന്നു സംബന്ധിക്കുന്നു എന്നതും ഇവിടെ ഒരു പ്രമേയമായി വരും. അതുപോലെ മസ്ജിദുല്‍ അഖ്സ്വാ അതുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തേണ്ട തും ആവശ്യമായിവരും. മില്ലതു ഇബ്റാഹിം എന്ന ഏകമായ ധര്‍മ ധാരയുടെ രണ്ടു ഘട്ടങ്ങളെയും രണ്ടു മാനങ്ങളെയും ഇസ്റാഅ് എന്ന നിശായാത്ര വ്യഞ്ജിപ്പിക്കുന്നുണ്ട്. കുലപതിയായ പ്രവാചകന്‍ ഇബ്റാഹിം(അ)ന് രണ്ടിലുമുള്ള സ്ഥാനം എങ്ങനെ ഏതുവിധത്തില്‍ എന്നൊക്കെയുള്ളതും അനുബന്ധമായി വരും. ഇസ്റാഇലൂടെ, മുഹമ്മദ് നബി (സ്വ) എന്ന അന്തിമ വചനവാഹകന്‍ ചരിത്രനിര്‍മാതാവായിത്തീരുക എന്നതിനുള്ള മുന്നുരയും കണ്ടെത്താം. തന്റെ മുന്‍ഗാമിയായി വന്ന ഈസ(അ)മിന്റെ അര്‍ഥവത്തായ ഒരു പ്രവചനം അപ്പോള്‍ ഇതോടു കൂട്ടി വായിക്കേണ്ടിവരും.

മുഹമ്മദ് നബി(സ്വ) എന്തിന് മക്കയില്‍ നിന്ന് ജറുശലമിലെ വിശുദ്ധ ഗേഹത്തിലേക്ക് യാത്രയാക്കപ്പെട്ടു എന്ന് ഈസ(അ) പറഞ്ഞുതരുന്നുണ്ട്. ഉപമയായി ഇസ്രാഈല്യര്‍ക്ക് ഈസ(അ) പറഞ്ഞു കൊടുത്ത ഒരു കഥയിലൂടെ സഞ്ചരിച്ചാല്‍ നമുക്കത് കണ്ടെത്താം. ബനീ ഇസ്രാഈലിലേക്കുള്ള അന്തിമവചനവാഹകനും ഇബ്റാഹീമി സമൂഹത്തിലേക്കുള്ള ഒരേ ഒരു മസീഹുമായ(ഖുര്‍ആന്‍ പ്രകാരം മസീഹായി ഈസാനബി(അ)മിനെ മാത്രമേ കാണാനാവുകയുള്ളൂ) ഈസാ(അ)യെ സ്വന്തം സമുദായം നിരാകരിച്ചപ്പോള്‍ അവിടുന്ന് ഒരു മുന്തിരിത്തോപ്പ് കാവല്‍ക്കാരന്റെ കഥ ഉപമയായി പറഞ്ഞു കൊടുത്തത് പുതിയ നിയമത്തില്‍ വായിക്കാം. കഥാന്ത്യത്തില്‍ അര്‍ഥവത്തായ ഒരു പ്രവചനവും മസീഹ് നടത്തുകയുണ്ടായി. “കെട്ടിടം പണിക്കാര്‍ ഉപേക്ഷിച്ച കല്ല് മൂലക്കലെ തലക്കല്ലായി ഭവിക്കാന്‍ പോകുന്നു. ദൈവരാജ്യം നിങ്ങളില്‍ നിന്ന് (ബനീ ഇസ്റാഈലില്‍ നിന്ന്) എടുത്തുമാറ്റി ഫലം കായ്പിക്കുന്ന ജനതക്ക് നല്‍കപ്പെടാന്‍ പോകുന്നു(മത്തായി 21/42,43).

പ്രവാചക സംഗമം

ഈ പ്രവചനത്തിന്റെ പുലര്‍ച്ചയാണ് മുഹമ്മദീയ നിയോഗം. ഈസ(അ)മിന്റെയും മുഹമ്മദ് തിരുമേനി(സ്വ)യുടെയും ഇടക്കുവരുന്ന പ്രവാചക സാന്നിധ്യമില്ലാത്ത കാലയളവിനെ നമുക്ക് ഒരൊറ്റ രാത്രിയോട് ഉപമിക്കാം. ആ ഒരു രാത്രിയാണ് മക്കയില്‍ നിന്ന് ജറുശലമിലേക്കുള്ള യാത്രയുടെ ഇടവേള. ആ രാത്രിയില്‍ ഈസാ നബി(അ)യുടെ പിന്‍ഗാമിക്ക് തന്റെ മുന്‍ഗാമികളൊക്കെയും കാണേണ്ടതുണ്ട്. അവരൊക്കെയും ആദം(അ) മുതല്‍ ഈസാ (അ)വരെയുള്ള എല്ലാ നബിമാരെയും അഖ്സ്വാ പള്ളിയില്‍ വെച്ച് അന്ത്യപ്രവാചകര്‍ തിരുമേനി(സ്വ) കണ്ടുമുട്ടുന്നു. ഉമര്‍ഖാസി(റ)യുടെ വരികള്‍ തന്നെ ഉദ്ധരിക്കാം:

നമ്മുടെ പ്രവാചകന്‍(സ്വ) മറ്റു പ്രവാചകരുമായി സന്ധിച്ചപ്പോള്‍, അവിടുത്തെ നിശായാത്രയില്‍ ബഹുമാന്യരായ ദൂതന്മാരെ കണ്ടുമുട്ടിയപ്പോള്‍, അവരെല്ലാം നബി(സ്വ) യെ ആശീര്‍വദിച്ചു. പുഞ്ചിരിച്ചും സന്തോഷാതിരേകത്താല്‍ ചിരിച്ചും അവര്‍ അവിടുത്തേക്ക് സ്വാഗതമോതി. നിങ്ങളും അവിടുത്തെ മേല്‍ സ്വലാത്ത് ചൊല്ലുക. ശാന്തിക്കുവേണ്ടി പ്രാര്‍ഥിക്കുക.

അത്ഭുതം. പ്രവാചകര്‍(സ്വ)  നോക്കിയപ്പോള്‍ അതാ അവിടെ പിതാവ്(ആദം-അ-) വലത്തോട്ട് നോക്കുമ്പോള്‍ ചിരിച്ചുകൊണ്ട് ഇടത്തോട്ട് നോക്കുമ്പോള്‍ കരഞ്ഞുംകൊണ്ട്.

പിന്നെ യഹ്യാ(അ)യെയും മസീഹി(അ)നെയും സന്നിഹിതരായ പലരെയും. ഖലീലിനെ(ഇബ്റാഹിം നബി-അ-)യും നബി(സ്വ) അവിടെ കണ്ടു. യൂസുഫി(അ)നെയും അതേപോലെ കലീമി നെ(മൂസാ-അ-)യും. നിങ്ങള്‍ അവിടുത്തേക്ക് സ്വലാത്ത് ചൊല്ലുക ശാന്തിക്കായ് പ്രാര്‍ഥിക്കുക (സ്വല്ലല്‍ ഇലാഹ് ബൈത്ത്, ഉമര്‍ഖാളി).

ഏതായാലും ഈ ഒരു ഒത്തുചേരല്‍ ശ്രദ്ധിക്കപ്പെടുന്നത് എന്തിലും കൂടുതലായി ഈസാ(അ) ഒരു മുന്നറിയിപ്പെന്നോണം ബനീഇസ്റാഈലിന് അറിയിച്ച പ്രവചനത്തെ അത് അന്വര്‍ഥമാക്കുന്നു എന്നതിനാലാണ്. ബനീഇസ്റാഈലിന്റെ കൈവശം സൂക്ഷിപ്പു മുതലായി ഇതുവരെയും നിലനിന്നിരുന്ന ദൈവ രാജ്യം ഇപ്പോള്‍ ഇവിടെ വെച്ച് ബനീ ഇസ്രാഈലി ലെ സകല പ്രവാചകരുടെയും സാന്നിധ്യത്തില്‍ ജനതക്കുവേണ്ടിയുള്ള പ്രവാചകനിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയാണ്. ഫലം കായ്പ്പിക്കുന്ന ജനത എന്നു പറഞ്ഞത് അവരുടെ ഉമ്മത്തിനെക്കുറിച്ചുമാണ്. പണിക്കാര്‍ ഉപേക്ഷിച്ച കല്ല് എന്നത് നമ്മുടെ നബി   (സ്വ)യാകുന്നു. പണിക്കാര്‍ ഉപേക്ഷിച്ച കല്ലിനോടുള്ള ഉപമ ഈസാനബി(അ)യുടെവാക്കുളിലുള്ള അതേ പ്രയോഗം തിരുനബിയുട ഹദീസിലും നമുക്കു കാണാം. ഈ നിലക്കാണ് ഈ നിശായാത്ര, വര്‍ത്തമാന ചരിത്ര മുഹൂര്‍ത്തത്തില്‍ നിന്ന് ഭവിഷ്യത്തിനെയും മനുഷ്യ ചരിത്രാനുഭവത്തിന്റെ ഭാഗധേയത്തെയും രൂപപ്പെടുത്താനായിക്കൊണ്ട് ഭൂതലത്തിലേക്കുള്ള പ്രയാണമായി ഭവിക്കുന്നത്. എല്ലാ പ്രവാചകന്മാരും അവിടെ വെച്ച് തിരുമേനി(സ്വ)യെ അത്യധികം ആമോദത്തോടെ വരവേല്‍ക്കുന്നു. മൂസാ(അ)യും ഈസാ(അ)യും അവിടുത്തേക്ക് തങ്ങളുടെ ദൌത്യനിര്‍വഹണത്തിന്റെ പൂര്‍ത്തീകരണം എന്ന ചുമതല ഏല്‍പ്പിച്ചുകൊടുക്കുന്നു. ഇരു വിഭാഗങ്ങള്‍ക്കും (ബനീ ഇസ്റാഈലിനും ബനീ ഇസ്മാഈലിനും) എന്നല്ല ജനതക്കാകെയും പിതാവായ (മാനവികമായ അര്‍ഥത്തില്‍) ഇബ്റാഹിം(അ) എന്ന ദൈവമിത്രം അതിന് സാക്ഷിയായിത്തീരുന്നു.

ദാവൂദി(അ)ന്റെ മകന്‍ സുലൈമാന്‍(അ) ഭൌമിക തലത്തില്‍ ദൈവരാജ്യത്തിന്റെ ആസ്ഥാനം എന്ന നിലയില്‍ പണിത വിശുദ്ധ മന്ദിരത്തില്‍ നടക്കുന്ന ഈ പ്രവാചക സംഗമത്തില്‍ മനുഷ്യജാതിയുടെ വലിയ  പിതാമഹന്റെ സാന്നിധ്യവും ആശിര്‍വാദവും കൂടിയുണ്ട്. ആദം(അ) തന്റെ അതിശ്രേഷ്ഠനായ പുത്രനെയാണ് അവിടെവെച്ച് കണ്ടുമുട്ടുന്നത്. തന്റെ ജന്മഗൃഹമായ സ്വര്‍ഗ ലോകത്തിലേക്കുള്ള വിശുദ്ധമായ വ്യോമയാനത്തിന് പുത്രനെ യാത്രയയക്കാനാണ് ആദിപിതാവ് എത്തിയിരിക്കുന്നത്. മസ്ജിദുല്‍ അഖ്സ്വായുടെ പ്രാന്തങ്ങളെ അല്ലാഹു അനുഗ്രഹ പൂരിതമാക്കിവെച്ചിരിക്കുന്നുവെന്ന ഖുര്‍ആന്‍ പരാമര്‍ ശത്തിന് ഇവിടെ പ്രത്യേകമായൊരു പ്രാധാന്യമുണ്ട്. അനുഗ്രഹപൂരിത പ്രാന്തപ്രദേശത്ത് പ്രതലത്തില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന പാറ വിശുദ്ധമായ പാദമുദ്രകളെ കാത്തുകഴിയുകയായിരുന്നു. ആ പാറയില്‍ നിന്നാണ് ഉത്തുംഗതയിലേക്കുള്ള ഉഡ്ഡയനം.

ഇസ്റാഅ് വിശുദ്ധ ഖുര്‍ആനിലെ സൂറാ ബനീഇസ്റാഈലിലെ പ്രഥമ ആയത്താണ്. ആ യത്ത് എന്നത് അടയാളം എന്ന നിലക്ക് സൂചകം മാത്രമാണല്ലോ. സൂചകം മണ്ണില്‍ (ഭൂമിയില്‍) നിലനില്‍ക്കുന്നതെങ്കില്‍ സൂചിതം വിണ്ണിലായിരിക്കണം. ആ നിലക്ക് ചിന്തിക്കുമ്പോള്‍ ഇസ്റാഅ് എന്നതില്‍ തന്നെ മിഹ്രാജ് എന്നതിലേക്ക് നീളുന്ന അര്‍ഥസൂചനയുണ്ട്. മസ്ജിദുല്‍ ഹറാം ഭൂമിയിലെ ഏറ്റവും പവിത്രമായ പള്ളിയാണ്. അവിടെ നിന്ന് ജിബ്രീല്‍(അ) നബി(സ്വ)യെ ആനയിച്ചു കൊണ്ടുപോകുന്നത് മസ്ജിദുല്‍ അഖ്സ്വാ എന്ന ഏറ്റവും അകലത്തുള്ള പവിത്ര സ്ഥാനത്തേക്കാണല്ലോ. മസ്ജിദുല്‍ ഹറാമും മസ്ജിദുല്‍ അഖ്സ്വയും തമ്മിലുള്ള പാരസ്പര്യത്തിന് മനുഷ്യന്റെ ഭൌമാസ്തിത്വ ഘട്ടത്തില്‍ ചരിത്രത്തിന്റെ പ്രജാപതി എന്നു വിശേഷിപ്പിക്കാവുന്ന ഇബ്റാഹിമു(അ)മായി ബന്ധമുണ്ട്. സമഷ്ടി – ഉമ്മത്ത്- എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ആ പ്രവാചക കുലപതിയുടെ വിശുദ്ധ വ്യക്തിത്വത്തിലെ രണ്ടുമാനങ്ങളെ – അവിടുത്തെ കര്‍തൃനിഷ്ഠമായ ആദ്ധ്യാത്മികതയുടേതായ വിശുദ്ധ സ്വകാര്യതയെയും മാനവികതക്കുവേണ്ടിയുള്ള ലഭ്യത എന്ന ചരിത്രപരതയെയും അത് പ്രതീകവത്കരിക്കുന്നുണ്ട്. യഥാക്രമം മസ്ജിദുല്‍ അഖ്സ്വായും മസ്ജിദുല്‍ ഹറാമും ഇബ്റാഹീമിന്റെ(അ) രണ്ട് സന്തതികളിലൂടെയുള്ള വംശാവലികളെ ബനീ ഇസ്റാഈല്‍, ബനീ ഇസ്മാഈല്‍ കൈവഴികളെയും പ്രതീകവത്കരിക്കുന്നു. ചരിത്രപരമായ വാസ്തവികതയില്‍ ഈ സൂചകങ്ങള്‍ക്ക് അവരുടേതായ സ്ഥാനമുണ്ട്. ആ നിലക്കാണ് ഇസ്ലാമില്‍ രണ്ട് ഖിബ്ലകള്‍ ഉണ്ടായത്. ആദ്യ ഖിബ്ലയായ ജറുശലമിലെ മസ്ജിദുല്‍ അഖ്സ്വാ പൂര്‍വ മുഹമ്മദീയവും ഈസാ(അ) വരെയെത്തുന്ന പ്രവാചക ശൃംഖലയുമായി ബന്ധിപ്പിക്കപ്പെടുന്നതുമായ ഇസ്ലാമാണെങ്കില്‍, മസ്ജിദുല്‍ ഹറാം ഉത്തര മുഹമ്മദീയ ഇസ്ലാമിന്റെ ആസ്ഥാനവും ജനതക്കുവേണ്ടിയുള്ള പ്രഥമ ഭവനം എന്ന് ഖുര്‍ആന്‍ വിളിച്ച ഇബ്രാഹീമിയ സ്ഥാപനം (കഅബ) ഉള്‍ക്കൊള്ളുന്നതുമാണ്.

എന്നാല്‍ മസ്ജിദുല്‍ അഖ്സ്വാ എന്നതിന് ഏറ്റവും അങ്ങേയറ്റത്തെ പള്ളി എന്ന അക്ഷരാര്‍ഥത്തിലുള്ള മൊഴിമാറ്റത്തെ പരിഗണിക്കുമ്പോള്‍ അതിന്റെ വ്യാപ്തി മണ്ണില്‍ നിന്നും വിണ്ണിലേക്ക് നീളുന്നുണ്ട്. അപ്പോള്‍ അതിന്റെ സ്ഥാനം ഭൌമാതീതമായ ഉത്തുംഗതയിലാണ് ദര്‍ശിക്കാന്‍ സാധിക്കുക. ആദ്യം പറഞ്ഞ അര്‍ഥത്തെ നിരാകരിക്കാതെയും അതിന്റെ ചരിത്രപരമായ വാസ്തവികതയെ അവഗണിക്കാതെയും രണ്ടാമത്തെ അര്‍ഥത്തിലേക്കും കടന്നുവരാവുന്നതാണ്. ഉജ്ജ്വലമായ ഒരു രൂപകം ഇവിടെ ഉണ്ടായിത്തീരുന്നു. അലങ്കാരശാസ്ത്രത്തില്‍ ഉപധാനാലങ്കാരം എന്നുപറയുന്നത് ഇവിടെ പ്രസക്തമായി ഭവിക്കുന്നു. അലങ്കാര ശാസ്ത്രപ്രകാരം അഭിധ, ലക്ഷണ എന്നീ വ്യാപാരങ്ങളെയും കടന്ന് (ആ വ്യാപാരങ്ങള്‍ അവയുടെ ധര്‍മ്മം പൂര്‍ത്തീകരിച്ച ശേഷം) വരുന്ന വ്യഞ്ജന വ്യാപാരത്തിന് മസ്ജിദുല്‍ അഖ്സ്വാ എന്ന പ്രയോഗത്തില്‍ പ്രസക്തിയുണ്ട്. ചുരുക്കത്തില്‍ ഒരേ അവസരത്തില്‍ വാസ്തവികതയെയും ആലങ്കാരികതയെയും വായിച്ചെടുക്കാവുന്ന ഒരു കിനായത്ത് ആണ് ആ പ്രയോഗം. ആ നിലക്ക് ഇസ്റാഅ് എന്നതില്‍ മിഅ്റാജും ഉള്‍ക്കൊള്ളിക്കപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാം.

അപ്പോള്‍ മസ്ജിദുല്‍ അഖ്സ്വാ എന്നത് പരമമായ സത്യത്തിന്റെയും അപരിമേയമായ കരുണയുടെയും നീതിയുടെയും നിയമത്തിന്റെയും ആസ്ഥാനമായ മഹിതമായ സിം ഹാസനത്തെക്കുറിച്ചുള്ള സൂചനയുള്‍ക്കൊള്ളുന്നു. ഏതായാലും അനേക വ്യാഖ്യാതാക്കളില്‍ ഒരാളെങ്കിലും അതും മലയാളക്കരയില്‍ നിന്നുമുള്ള ഒരു അറബി കവി കാര്യം അങ്ങനെ കണ്ടിരുന്നു എന്നത് വാസ്തവമാണ്. വെളിയംകോട് ഉമര്‍ഖാളി(റ) എന്ന മിസ്റ്റിക് തന്നെയത്. അദ്ദേഹം ഇങ്ങനെ പാടുകയുണ്ടായി:

“മലകൂതിന്റെ ലോകത്തെ അതിശയങ്ങളെ അവിടുന്ന് ദര്‍ശിച്ചു. നാസൂതിന്റെയും ജബറൂതിന്റെയും നിഗൂഢതകളെയും കണ്ടു. ലാഹൂതിന്റെ പള്ളിയിലെ മുദരിസിനെ കണ്ണാല്‍ കണ്ടു. അങ്ങനെയെത്രമാത്രം പരമാര്‍ഥപ്പൊരുളുകളെയാണ് അവിടുന്ന് ശേഖരിച്ചത്. അതിനാല്‍ നിങ്ങളാകെയും അവിടുത്തേക്ക് സ്വലാത്ത് ചൊല്ലുക. സമ്പൂര്‍ണമായ ശാന്തി നേരുക” (സ്വല്ലല്‍ ഇലാഹ് ബൈത്ത്, ഉമര്‍ഖാളി).

ലാഹൂതിന്റെ പള്ളി എന്നതിലെ ധ്വനി ദിവ്യത്വത്തിന്റെ ആസ്ഥാനം എന്നതാണെന്ന് വ്യ ക്തം. ഏറ്റവും അങ്ങേയറ്റത്തെ മസ്ജിദ് അതല്ലാതെ വേറെ ഏതാണ്? അവിടെയുള്ള മുദരിസ് ഗുരു ആരാണ്. പടച്ചതമ്പുരാനല്ലാതെ. (ഇത് ആലങ്കാരികപ്രയോഗമാണെന്നറിയുക അല്ലാഹുവിന് ഒരു ആസ്ഥാനമന്ദിരവുമില്ല അവന്‍ സ്ഥലകാലാതീതനാണ്)

മിഅ്റാജ് അതിന്റെ മുന്നുരയായ ഇസ്റാഇനോട് കൂട്ടിവായിക്കുമ്പോള്‍ മനുഷ്യന്‍ എന്ന പ്രാതിഭാസികമായ ജൈവാസ്തിത്വത്തിന്റെ ഏറ്റവും ഉദാത്തമായ അവസ്ഥയിലേക്കാണത് വിരല്‍ച്ചൂണ്ടുന്നത്. മനുഷ്യന്‍ പ്രജ്ഞാവാനായി ഭവിക്കുന്നതിലേക്ക്. ആകാശത്തിലേക്ക് പ്രകാശ സ്വരൂപിയായ മലകിന്റെ അകമ്പടിയോടെ ഉയര്‍ന്നുപോയ മനീഷി തന്റെ പ്രയാണമദ്ധ്യേ പ്രകാശത്തിന്റേതായ ഒരു പാരാവാരത്തിന്റെ കരക്കെത്തിപ്പെടുന്നതിന്റെ ചിത്രവും ഉമര്‍ഖാളി(റ) നല്‍കുന്നു. അതുവരെയും തനിക്ക് കൂട്ടായിരുന്ന ജിബ്രീല്‍(അ) എന്ന മലകിന് ഇനിയുമങ്ങോട്ട് പോകാനുള്ള അനുമതിയില്ല. പ്രകാശ സൃഷ്ടി തന്റെ അവശത അറിയിച്ചുകൊണ്ട് പ്രവാചകന് അവിടെ നിന്ന് യാത്രാമംഗളം നേര്‍ന്ന് വിടപറയുകയാണ്.

ഉമര്‍ഖാളി(റ) ഇങ്ങനെ പാടുകയുണ്ടായി:

അങ്ങനെ പ്രകാശ സാഗരത്തിന്റെ സമീപത്ത് ജിബ്രീല്‍(അ) വന്നു നിന്നു. അതിന്റെ

കരയില്‍ സംഭീതിയോടെ നില്‍പ്പായി. അനന്തരം വിട പറഞ്ഞുകൊണ്ട് ജിബ്രീല്‍(അ) വചിച്ചു. പ്രിയനേ വിട. ഭയപ്പെടാതെ ഉദ്ഗമിച്ചാലും. തങ്ങളുടെ മഹാ പ്രതാപിയായ ഈശ്വരനോട് നേരിട്ട് സംവദിച്ചാലും. (പ്രപഞ്ചമേ) നിങ്ങളാകെയും അവിടുത്തേക്ക് സ്വലാത്ത് ചൊല്ലുക. ശാന്തിക്കായി പ്രാര്‍ഥിക്കുക (സ്വല്ലല്‍ ഇലാഹ് ബൈത്ത്).

അടിമയും ഉടമയും തമ്മിലുള്ള മറയില്ലാത്ത സംവാദവും മനുഷ്യഭാഷ തോറ്റുപോകുന്ന വിധത്തില്‍ ഗംഭീരമായ വിശുദ്ധ ദര്‍ശനത്തിന്റെതായ പരമാനന്ദത്തിന്റെ പീയൂഷവും നുകര്‍ന്ന് അവിടുന്ന് സാംസ്കാരികതയിലേക്ക് തിരിച്ചുവരവായി. അഹ്മദ് എന്ന വിശുദ്ധനായ അഭിധാനത്തെ അവര്‍ ഭൂമിയിലെ നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്ന വര്‍ഗത്തിനുവേണ്ടി മുഹമ്മദ്(സ്വ) എന്ന അഭിധേയമാക്കിയെടുത്തു. ചരിത്രത്തിനുവേണ്ടി. മനുഷ്യനുവേണ്ടി. സര്‍വലോകത്തിനുമുള്ള ശാന്തിയുടെ സന്ദേശം എന്ന ബൃഹദ് ധര്‍മത്തിലൂടെ. അവിടുത്തെ മേല്‍ ശാന്തി. ശാന്തി ശാന്തി. സ്വല്ലൂ അലൈഹി വ സല്ലിമൂ തസ്ലീമന്‍.

അല്ലാഹു എന്ന വിശുദ്ധ സംജ്ഞക്ക് മൊഴിമാറ്റമില്ല. വിശേഷണങ്ങളെക്കുറിക്കാനുള്ള നാമമല്ല അത്. മഹത്തായ ഇസ്മുദ്ദാത് ആണത്. എന്നാല്‍ അവന്റെ വിശേഷണങ്ങളായ റബ്ബ് എന്നതിന് ഈശ്വരന്‍ എന്ന സംസ്കൃത ശബ്ദവും അതിന്റെ ക്രിയാ നാമമായ റുബൂബിയ്യത് എന്നതിന് ഈശ്വരീയത എന്നുമുള്ള മൊഴിമാറ്റം സ്വീകരിച്ചിരിക്കുന്നു സ്വാത്മസ്വത്വത്തെ സമര്‍പ്പിച്ച് കീഴ്പ്പെട്ടു വണങ്ങേണ്ട അസ്തിത്വം ആരാധനയര്‍ഹിക്കുന്നവന്‍ എന്ന അര്‍ഥമുള്ള ഇലാഹിന് ദൈവം എന്നും ഉലൂഹിയ്യതിന് ദിവ്യത്വം എന്നും ഭാഷാന്തരം നല്‍കിയിരിക്കുന്നു. മിഅ്റാജ് എന്നതിന് ഉഡ്ഡയനം എന്ന സംസ്കൃത ശബ്ദമാണ് സ്വീകരിച്ചത്.

Courtesy: Muslimpath.com

About Admin

Check Also

ഇൻശാ അള്ളാ…………

മനുഷ്യരും,ജിന്നുകളും ഉൾപ്പെടുന്ന സർവ്വചരാചരങ്ങളുടെയും,ഭൂമിയിൽ സ്വച്ചന്ദം വിഹരിക്കുന്ന പക്ഷിമൃഗാധികളുടെയും അസ്തിത്വത്തിനു നിദാനം അഖിലലോക രക്ഷിതാവായ അല്ലാഹുവാണ്.പ്രപഞ്ചരഹസ്യ ങ്ങളും,സൃഷ്ടിപ്പ്ൻെറ രഹസ്യവും അറിയുന്നവനും അവൻ …

Leave a Reply

Your email address will not be published. Required fields are marked *