“ | ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടും,നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ. അതു കൊണ്ട് നിങ്ങളിൽ ആര് ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്.) നിങ്ങൾക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് ഞെരുക്കം ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ ആ എണ്ണം പൂർത്തിയാക്കുവാനും, നിങ്ങൾക്ക് നേർവഴി കാണിച്ചുതന്നിന്റെപേരിൽ അല്ലാഹുവിന്റെ മഹത്ത്വം നിങ്ങൾ പ്രകീർത്തിക്കുവാനും നിങ്ങൾ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കൽപിച്ചിട്ടുള്ളത്. ) | ” |
—ഖുർആൻ 2:185 |
“ | -തീർച്ചയായും നാം ഈ ഖുർആനിനെ വിധി നിർണായക രാവിൽ അവതരിപ്പിച്ചു. വിധി നിർണായക രാവ് എന്തെന്ന് നിനക്കെന്തറിയാം? വിധി നിർണായക രാവ് ആയിരം മാസത്തെക്കാൾ മഹത്തരമാണ്. ആ രാവിൽ മലക്കുകളും ജിബ്രീലും 2 ഇറങ്ങി വരുന്നു. സമസ്ത കാര്യങ്ങളെയും സംബന്ധിച്ച തങ്ങളുടെ നാഥന്റെ ഉത്തരവുമായി.പുലരൊളി വിരിയും വരെ അത് പ്രശാന്തമായിരിക്കും.—ഖുർആൻ , 97:1-5 | ” |
വിശുദ്ധ ഖുര്‍ആന്‍ ഏഴാം ആകാശത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്ന ‘ലൌഹുല്‍ മഹ്ഫൂളി’ല്‍ (സൂക്ഷിപ്പുപലക) രേഖപ്പെടുത്തിയിരുന്നു. അവിടെ നിന്നും ഖുര്‍ആന്‍ ഒന്നിച്ചു ഒന്നാം ആകാശത്തിലെ ‘ബൈത്തുല്‍ ഇസ്സ’യിലേക്ക് ഒന്നാമതായി ഇറക്കപ്പെട്ടു. വിശുദ്ധ റമളാനിലെ ഖദ്റിന്റെ രാത്രിയിലാണ് അതുണ്ടായത്. പിന്നീട് അവസരോചിതമായി ഇരുപത്തിമൂന്ന് സംവത്സരക്കാലത്തിനുള്ളിലായി ഖുര്‍ആന്‍ ബൈത്തുല്‍ ഇസ്സയില്‍ നിന്ന് ജിബ്രീല്‍ (അ) മുഖേന നബി (സ്വ) ക്ക് അല്ലാഹു ഇറക്കിക്കൊടുത്തു. അപ്പോള്‍ ഖുര്‍ആനിനു രണ്ട് അവതരണം ഉണ്ടായിട്ടുണ്ട്. ഒന്നാം അവതരണം ആകാശവാസികളില്‍ ഖുര്‍ആനിന്റെ മഹത്വം വിളംബരം ചെയ്യുന്നതിനു വേണ്ടിയായിരുന്നു. അവസരോചിതമായുള്ള രണ്ടാമത്തെ അവതരണത്തില്‍ പല രഹസ്യങ്ങളും ഉണ്ട്.
ജിബ്രീലി (അ) ല്‍ നിന്ന് തിരുമേനിക്കും നബി (സ്വ) യില്‍ നിന്ന് സ്വഹാബത്തിനും ഖുര്‍ആന്‍ ഹൃദിസ്ഥമാക്കല്‍ കൂടുതല്‍ എളുപ്പമാക്കുക.
വഹ്യുമായി ജിബ്രീല്‍ (അ) ഇടക്കിടെ വരുന്നതുകൊണ്ട് നബി (സ്വ) ക്ക് മനഃസമാധാനവും സന്തോഷവും വര്‍ദ്ധിക്കുക.
ഇസ്ലാമിക നിയമങ്ങള്‍ പടിപടിയായി നടപ്പില്‍ വരുത്തുക.
അപ്പപ്പോഴുണ്ടാകുന്ന സംഭവങ്ങള്‍ക്കനുസരിച്ചു വിധികള്‍ അവതരിപ്പിക്കുക.
ഖുര്‍ആനിന്റെ ക്രമം
വിശുദ്ധ ഖുര്‍ആനിനു രണ്ടു ക്രമമുണ്ട്.
ഒന്ന്: തര്‍ത്തീബുത്തിലാവഃ (പാരായണ ക്രമം). ഇന്നു മുസ്വ്ഹഫുകളില്‍ കാണുന്നതും മുസ്ലിം ലോകം നാളിതുവരെ അംഗീകരിച്ചു വരുന്നതുമായ ക്രമമാണിത്. ഈ ക്രമത്തിലാണ് ഖുര്‍ആന്‍ ലൌഹുല്‍ മഹ്ഫൂളില്‍ രേഖപ്പെടുത്തിയിട്ടുള്ളതും. .
രണ്ട്: തര്‍ത്തീബുല്‍ നുസൂല്‍ (അവതരണ ക്രമം). സംഭവങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും അനുസരിച്ചാണ് ജിബ്രീല്‍ (അ) മുഖേന ഖുര്‍ആന്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇതിനാണ് തര്‍ത്തീബുല്‍ നുസൂല്‍ എന്നു പറയുന്നത്. ഇത് തര്‍ത്തീബുത്തിലാവഃയില്‍ നിന്നും വ്യത്യസ്തമാണ്. എങ്കിലും ഓരോ ആയത്തും അവതരിക്കുമ്പോള്‍ ഏത് സൂറത്തില്‍ എവിടെ ചേര്‍ക്കണമെന്ന് ജിബ്രീല്‍ (അ) നബി (സ്വ) യെ പഠിപ്പിക്കുകയും നബി (സ്വ) അപ്രകാരം സ്വഹാബത്തിനെ പഠിപ്പിക്കുകയും ചെയ്തു. സൂറത്തുകളുടെ ക്രമവും ഇപ്രകാരം തന്നെയാണ്. ഖുര്‍ആനില്‍ ആദ്യം ഇറങ്ങിയത് ‘ഇഖ്റഅ് ബിസ്മി’യും അവസാനം ഇറങ്ങിയത് സൂറത്തുല്‍ ബഖറയിലെ 281-ാം സൂക്തവുമാണ്. ഇരുപത്തിമൂന്ന് വര്‍ഷക്കാലം കൊണ്ടാണ് ഖുര്‍ആനിന്റെ അവതരണം പൂര്‍ത്തിയായത്. ഖുര്‍ആനില്‍ നിന്ന് ഹിജ്റക്കു മുമ്പ് ഇറങ്ങിയതിന് ‘മക്കിയ്യ്’ എന്നും ഹിജ്റക്കു ശേഷം ഇറങ്ങിയതിന് ‘മദനിയ്യ്’ എന്നും പറയുന്നു. ഉദാഹരണമായി സൂറത്തുല്‍ ഫാത്വിഹ മക്കിയ്യും സൂറത്തുല്‍ ബഖറ മദനിയ്യുമാണ്.