അനാഥത്വം…..ദയനീയമായ ഒരു അവസ്ഥയാണത്.പ്രത്യേകിച്ചും കുഞ്ഞിളം പ്രായത്തിൽ മാതാവോ,പിതാവോ മരണപ്പെട്ട ഒരു കുഞ്ഞിന്റെ അവസ്ഥ.ഭക്ഷണം നൽകാനൊ,വസ്ത്രം വാങ്ങിക്കൊടുക്കാനൊ മാതാപിതാക്കളില്ലാത്ത,ഉമ്മയുടെ മടിത്തട്ടിൽ ഉറങ്ങാനുള്ള ഭാഗ്യം ലഭിക്കാത്ത കുഞ്ഞുങ്ങൾ…..ഉമ്മയുടെയൊ,ഉപ്പയുടെയോ അസാനിദ്ധ്യം കുരുന്നു മനസ്സുകളിൽ ഉണ്ടാക്കുന്ന മുറിവ് വളരെ വലുതാണ്.
1400 വർഷങ്ങൾക്ക് മുൻപ് മക്കയിലും ഒരു കുഞ്ഞു പിറന്നു.ലോകം കാണുന്നതിനുമുൻപ് പിതാവിനെ നഷ്ടപ്പെട്ട ആ കുഞ്ഞിനു ആറാം വയസ്സിൽ തന്റെ മാതാവിനെയും നഷ്‌ടമായി.അനാഥമായി വളർന്ന് ലൊകത്തിന്റെ നായകനായി തീർന്ന നമ്മുടെ തിരുദൂതർ,മദീനയിലെ രാജകുമാരൻ,മുത്തു നബി(സ്വ).മരുഭൂമിയിൽ ഉമ്മയുടെ മയ്യത് നോക്കി കരഞ്ഞ ആറുവയസ്സുകാരന്റെ അതേ മനസ്സോടെ അറുപതാം വയസ്സിലും പാതിരാത്രികളിൽ ആരും കാണാതെ ഉമ്മയുടെ ഖബറിനരികിൽ ചെന്ന് ഏങ്ങിക്കരയുമായിരുന്നു നബി(സ്വ).അനാഥത്വത്തിന്റെ കയ്പുനീർ ബാല്യത്തിലെ നുകർന്ന നബി(സ്വ) അശരണരെയും യതീം മക്കളെയും വളരെയധികം സ്നേഹിച്ചിരുന്നു,അവരുടെ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. മറ്റെല്ലാ കാര്യത്തിലുമെന്നപൊലെ അനാധസംരക്ഷണത്തിന്റെ കാര്യത്തിലും നബി(സ്വ) നമുക്ക് മാതൃകയാണ്.
ഈ ലോകത്ത് അനുഗ്രഹീതമായ വീട് അനാഥർക് ആദരവ് നൽകുന്ന വീടാണെന്ന് പറഞ്ഞ നേതാവ്….,അനാഥർക്ക് സംരക്ഷണം കൊടുക്കുന്നവർ എന്നോടൊപ്പം സ്വർഗ്ഗത്തിലാണെന്നു പറഞ്ഞ നേതാവ്….,യതീം മക്കളുടെ മുന്നിൽ വെച്ച സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കരുതെന്ന് പറഞ്ഞ നേതാവ്….,അനാഥ ശിശുക്കളുടെ തലയിൽ വാത്സല്യത്തോടെ തടകുമ്പോൾ കൈ സ്പർശിക്കുന്ന മുടിയിഴകളുടെ എണ്ണമനുസരിച് പുണ്യം ലഭിക്കുമെന്ന് പഠിപ്പിച്ച നേതാവ്….,മുത്തുനബിയോളം യതീം മക്കളെ സ്നേഹിച്ച മറ്റൊരു നേതാവും ലോകത്തുണ്ടായിട്ടില്ല.ആ നേതാവിനെ സ്നേഹിക്കുന്ന ഒരു അനുയായിക്കും യത്തീമിനോട് അനാദരവ് കാണിക്കാൻ കഴിയുകയുമില്ല.
ഒരുപെരുന്നാൾ ദിവസം നബി നിസ്ക്കാരത്തിനായി പള്ളിയിലേക്ക് പോകുമ്പൊൾ വഴിയിൽ ഒരു കുട്ടി നിന്നു കരയുന്നത് കണ്ടു.കീറിയ വസ്ത്രങ്ങളായിരുന്നു ആ കുട്ടി ധരിചിരുന്നത്.റസൂൽ (സ) ആ കുട്ടിയുടെ അരികിൽ ചെന്നു,കരയുന്നതിന്റെ കാരണം തിരക്കി.ആ ബാലൻ അനാഥനാണെന്ന് അറിഞ്ഞപ്പോൾ നബി തങ്ങളുടെ മനസ്സ് വേദനിച്ചു.ആ കുഞ്ഞിനെ എടുത്ത് ഉമ്മ കൊടുക്കുകയും തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോവുകയും ചെയ്തു.ആയിഷ(റ) ആ കുഞ്ഞിനെ കുളിപ്പിച്ച് പുതു വസ്ത്രങ്ങൾ അണിയിച്ചു.പുതു വസ്ത്രങ്ങളിഞ് സുന്ദരനായ ആ കുട്ടിയോടൊപ്പമാണ് നബി(സ്വാ) പെരുന്നാൾ നിസ്‌കാരത്തിന് പോയതും പള്ളിയിൽനിന്നും തിരിച്ച വന്നു ഭക്ഷണം കഴിച്ചതും.യതീം കുട്ടികളോട് നബി(സ്വ) പെരുമാറുന്ന രീതിയാണിത്.ഈ രീതിയാണ് നമ്മൾ പിന്തുടരേണ്ടതും
അറിയൂ സഹോദരങ്ങളെ,ഞാനും നീയും യത്തീമാകാതിരുന്നത് നമ്മളുടെ മിടുക്കു കൊണ്ടല്ല .അല്ലാഹുവിന്റെ കാരുണ്യം ഒന്നുകൊണ്ട് മാത്രമാണ്യ.യതീം,അനാഥൻ…..നാളെ നമ്മുടെ മക്കളുടെ വിളിപ്പേരും ഒരുപക്ഷെ അങ്ങിനെയാകാം.അതുകൊണ്ട് തന്നെ നമ്മുക്ക് ചുറ്റുമുള്ള യതീം മക്കളുടെ വേദന നാം കണ്ടില്ലെന്ന് നടിക്കരുത്.കനിവിനായി നമ്മുടെ നേർക്ക് നീളുന്ന അവരുടെ നോട്ടത്തെ പുച്ഛിച്ചു തള്ളരുത്.അവർക്ക് അർഹതപെട്ടത് കൊടുക്കാനുള്ള മനസ്സ് നമുക്ക് ഉണ്ടാകണം.ഭക്ഷണത്തിനും വസ്ത്രത്തിനും അപ്പുറം പരിഗണയായിരിക്കും അവർക്ക് ആവിശ്യം.കാരുണ്യത്തോടെയുള്ള ഒരു നോട്ടത്തിനായിരിക്കും അവരുടെ മനസ്സ് ആഗ്രഹിക്കുന്നത്.അനാഥരെ സ്നേഹിക്കുന്നവനും ഞാനും നാളെ നാഥന്റെ സവിധത്തിൽ ഇതുപോലെ സമീപസ്ഥരാണെന്ന് രണ്ടു വിരലുകൾ ചേർത്തു വെച്ച് പറഞ്ഞ നമ്മുടെ മുത്തുഹബീബിനൊപ്പം നാളെ സ്വർഗത്തിൽ ഒത്തുകൂടാനുള്ള ഭാഗ്യമാണ് ആ യതീംമക്കളെ സ്നേഹിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്.അള്ളാഹു അതിനുള്ള തൗഫീഖ് നമുക്ക് നൽകട്ടെ….ആമീൻ
അനീസ ഇർഷാദ്