മക്കള്‍ സ്നേഹം ചോദിക്കുന്നുണ്ട്

ഒരു ഗമണ്മെന്റ് പ്രാഥമികസ്കൂളിലെ നാലാം ക്ലാസ്മുറിയാണു രംഗം. വാര്‍ഷികപ്പരീക്ഷകഴിഞ്ഞ് അവധിക്കാലപ്പൂട്ടിന്റെ ദിവസമായതിനാല്‍ ക്ലാസധ്യാപിക കുട്ടികള്‍ക്ക് ഒരു ഉല്ലാസം നല്‍കാന്‍ തീരുമാനിച്ചു. എല്ലാവരും ഓരോ പേപ്പറും പേനയുമെടുത്തു. അധ്യാപികയുടെ കല്പന – പേപ്പറിന്റെ ഒരു പുറത്ത് ഭാവിയില്‍ നിങ്ങള്‍ക്കെന്താവണമെന്ന് വ്ര്ത്തിയിലെഴുതുക. മറുപുറത്ത് അതിന്റെ കാരണവും വ്യക്തമായി എഴുതണം. താഴെ പേരും ക്ലാസിലെ നന്‍ബറും എഴുതി പേപ്പര്‍ മടക്കി വെക്കണം. കുട്ടികള്‍ ആവേശത്തോടെ എഴുത്തു തുടങ്ങി. കേട്ടെഴുത്തും പരീക്ഷയും മാത്രമെഴുതി പരിചയമുള്ള കൊച്ചുമക്കള്‍ക്ക് ഈ എഴുത്ത് ശരിക്കും ഉല്ലാസമായിരുന്നു, ചിരിച്ചും കളിച്ചും രസിച്ചും എല്ലാവരും എഴുത്ത് പൂര്‍ത്തിയാക്കി അധ്യാപികക്ക് കൈമാറി.

അവസാന ദിവസം പ്രത്യേകിച്ചൊന്നും ചെയ്യാനില്ലത്തതിനാല്‍ അധ്യാപികക്കും ഇതൊരു നേരംബോക്കായിരുന്നു. അവര്‍ ഓരോ പേപ്പറും വായിക്കാന്‍ തുടങ്ങി. ‘എനിക്ക് ഡോക്ടറാവണം, എനിക്ക് പൈലറ്റാവണം, എനിക്ക് ടീച്ചറാവണം…’ കള്ളമില്ലാത്ത പിള്ള മനസ്സുകള്‍ വായിച്ചു തുടങ്ങിയപ്പോള്‍ അധ്യാപികയുടെ മുഖത്ത് പുഞ്ജിരി വിടര്‍ന്നു. പെട്ടെന്നാണു അവരുടെ മുഖം വിവര്‍ണ്ണമായത്. ഒരു പേപ്പര്‍ രണ്ടുപുറവും വായിച്ചു തീര്‍ന്നപ്പോഴെക്കും അവര്‍ കരയാന്‍ തുടങ്ങി. കുഞ്ഞുമക്കളുടെ ശ്രദ്ധയില്‍ പെടാതെ അവര്‍ കണ്ണീര്‍ തുടച്ചു. ആ ഒരു പേപ്പര്‍ പ്രത്യേകം മാറ്റിവച്ച് അവര്‍ അന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.

അധ്യാപിക വീട്ടിലെത്തുംബോള്‍ ഭര്‍ത്താവ് പതിവു പോലെ ടി.വി.യുടെ മുന്നിലാണു. ബാഗില്‍ നിന്നും പേപ്പര്‍ ഭര്‍ത്താവിനു നല്‍കി അവര്‍ പറഞ്ഞു “ഇതാ ഒരു കുട്ടി എഴുതിയതൊന്ന് വായിച്ചു നോക്കൂ”. “വല്ല കുട്ടിയും എന്തെങ്കിലുമെഴുതിയത് ഞാനെന്തിനു വായിക്കണം?” ഭര്‍ത്താവ് തിരിച്ചടിച്ചു. “വല്ല കുട്ടിയുമല്ല, നിങ്ങളുടെ മോന്‍ റസില്‍ എഴുതിയതാണു.ശരിക്കുമൊന്ന് വായിക്ക്” ടീച്ചര്‍ അല്പം വിങ്ങിയാണു പറഞ്ഞു തീര്‍ത്തത്. അയാള്‍ സാവധാനം വായന തുടങ്ങി

“എനിക്കൊരു ടി.വി. ആവണം…

കാരണം,
ഞാന്‍ എന്റെ ഉപ്പയേയും ഉമ്മയേയും ഒരുപാട് സ്നേഹിക്കുന്നു. പക്ഷെ, അവര്‍ക്ക് എന്നോട് ഇഷ്ടമില്ല. വൈകുന്നേരമായാല്‍ അവര്‍ ടി.വി.യുടെ മുന്നിലാണു. ഞാനൊരു ടി.വി. ആയിരുന്നെങ്കില്‍ അവര്‍ എന്റെ മുന്നില്‍ തന്നെ ഇരിക്കുമല്ലൊ. ഞാന്‍ ചിരിക്കുംബോള്‍ അവര്‍ ചിരിക്കും. ഞാന്‍ കരയുംബോള്‍ അവര്‍ കരയും. അവര്‍ ഉറങ്ങുന്നതുവരെയും എനിക്ക് അവരുടെ കൂടെ തന്നെ ഇരിക്കാം. “

ഒരു പക്ഷെ, സാമൂഹ്യ മാധ്യമങ്ങളിലോ മറ്റെവിടെയോ നിങ്ങള്‍ കേള്‍ക്കുകയോ അറിയുകയോ ചെയ്ത ഒരു കൊച്ചു കഥയാണിത്. കഥ തുടരുന്നതിനു പകരം നമുക്ക് കാര്യത്തിലേക്ക് വരാം. കേവലം ഒരു കൊച്ചു മനസ്സിന്റെ സങ്കല്പമായിരുന്നില്ല ആ എഴുത്ത്. പഠനത്തിലും പഠനേതര വിഷയത്തിലും മിടുക്കനായിരുന്ന റസില്‍ മാതാപിതാക്കളെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ, അവര്‍ക്ക് സ്നേഹമില്ലഞ്ഞിട്ടല്ല, അവനു വേണ്ടി കുറച്ച് സമയം മാറ്റി വെക്കാന്‍ അവര്‍ക്ക് മതിയായ സമയമില്ലായിരുന്നു. സീരിയലുകളും റിയാലിറ്റീ ഷോകളും ജീ‍വിതത്തെ കയ്യടക്കിയപ്പോള്‍ അവര്‍ക്ക് മറ്റൊന്നിനും സമയമില്ലാതായി.

നമ്മുടെ മക്കള്‍ നല്ലവരാണ്. മാതാപിതാക്കളുടെ സ്നേഹവും പരിഗണനയുമാണു അവര്‍ എപ്പോഴുമാഗ്രഹിക്കുന്നത്. മക്കള്‍ക്ക് ഒരു പനി വരുംബോള്‍ വിഷമിക്കലും അവര്‍ക്ക് അപകടം പറ്റിയാല്‍ കരയലുമല്ല സ്നേഹം എന്നത്. അവരെ പരിഗണിക്കലും അവര്‍ക്കു വേണ്ടി സമയം കണ്ടെത്തലുമാണു. ദിവസത്തില്‍ നിശ്ചിത സമയം മക്കളുമൊത്ത് ചെലവഴിക്കാനും അവരോട് സംസാരിച്ചിരിക്കാനും തയാറാവുന്നവരാണു സ്നേഹമുള്ള മാതാപിതാക്കള്‍. പിഞ്ജുകുഞ്ഞുങ്ങളുടെ കൂടെ വീടുണ്ടാക്കിക്കളുച്ചും പന്തുകളിച്ചും അവരിലൊരാളായി ഓടിക്കളിച്ചും ചെലവഴിക്കുന്ന സമയം കുഞ്ഞുങ്ങളുടെ സ്വഭാവരൂപീകരണത്തില്‍ കാര്യമായ പങ്കു വഹിക്കും. നിസ്സാരകാര്യത്തിനു കുട്ടികളോട് തര്‍ക്കിക്കുന്നതും ദേശ്യപ്പെടുന്നതും കുഞ്ഞു മനസ്സുകളില്‍ ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കും. അരുതാത്തത് ചെയ്യുംബോള്‍ സ്നേഹത്തോടെ ഗുണദോഷിക്കണം. കുട്ടികളുടെ മനശാസ്ത്രം അറിയണം. അതനുസരിച്ച് പെരുമാറണം. നാലുവയസ് വരെയുള്ള പ്രായം കുഞ്ഞുമനസ്സുകളില്‍ എല്ലാം നന്നായി പതിയുന്ന പ്രായമാണു. അവര്‍ക്ക് മനസ്സിലായാലും ഇല്ലെങ്കിലും ആ പ്രായത്തില്‍ കുറെ നല്ലകാര്യങ്ങള്‍ അവരോട് പറഞ്ഞുകൊണ്ടിരിക്കണം. കളവ് പറയരുതെന്നല്ല, സത്യമേ പറയാവൂ എന്നാണു കുഞ്ഞുങ്ങളെ ഉപദേശിക്കേണ്ടത്. അവര്‍ കേള്‍ക്കുന്ന ഓരോ വാക്കും അവരുടെ ഭാവി ജീവിതത്തില്‍ സ്വാധീനമുണ്ടാക്കും. കുഞ്ഞുങ്ങളുടെ മുന്നില്‍ ഭയവും ഭീതിയും കാണിക്കരുത്. പല്ലിയെ കാണുംബോള്‍ നിലവിളിച്ചോടുന്ന ഉമ്മമാരുണ്ട്. കൊച്ചുമക്കളുടെ മുന്നില്‍ ‘അയ്യോ പല്ലി’ എന്നു നിലവിളിച്ചാല്‍ മരണം വരെയും ആ മക്കള്‍ ‘അയ്യോ പല്ലി’ പറഞ്ഞുകൊണ്ടിരിക്കും.

വഴക്കുപറഞ്ഞും ശകാരിച്ചും മക്കളെ അനുസരിപ്പിക്കലല്ല ബുദ്ധി, സ്നേഹത്തിലൂടെ അനുസരിപ്പിക്കലാണു. മാതാപിതാക്കളോടുള്ള സ്നേഹം അവര്‍ പറയുന്നതിനു വിരുദ്ധം പ്രവര്‍ത്തിക്കാതിരിക്കാന്‍ കുട്ടികള്‍ക്ക് പ്രേരണയാവും. ചോദിച്ചതൊന്നും നല്‍കാതിരിക്കുന്നതു പോലെ തന്നെ മോശമാണു ചോദിച്ചതെന്തും കുട്ടികള്‍ക്ക് നല്‍കുന്നതും. അധികാരവും നിയന്ത്രണവും ആവശ്യമുള്ളിടങ്ങളില്‍ കുട്ടികളെ ദൂരം പാലിക്കണം. കേവലം ഒരു ടിവി റിമോട്ട് കണ്ട്രോള്‍ സ്ഥിരമായി കുട്ടിക്ക് നല്‍കുന്ന മാതാപിതാക്കളുടെ എന്നത്തേക്കുമുള്ള കണ്ട്രോള്‍ ആ കുട്ടിയുടെ കയ്യിലായെന്നു വരാം. നല്‍കേണ്ട കാര്യങ്ങള്‍ സ്നേഹത്തോടെ നല്‍കിയും നല്‍കാന്‍ പാടില്ലാത്തവ സ്നേഹത്തോടെ നിരസിച്ചും കുട്ടികളെ പരിഗണിക്കുംബോള്‍ അവര്‍ നല്ല മക്കളായി വളരും. അവര്‍ എപ്പോഴും ആഗ്രഹിക്കുന്നത് പരിഗണനയാണു. റിമോട്ട് കാറ് വാങ്ങിത്തരാന്‍ കരഞ്ഞു പറയുന്ന മക്കള്‍ പിറ്റേ ദിവസം അതൊഴിവാക്കി തോക്ക് വാങ്ങിത്തരാന്‍ പറഞ്ഞേക്കും. വാങ്ങിയതെല്ലാം കളയുന്നുവെന്നും കാണുന്നതെല്ലാം വാങ്ങുന്നുവെന്നും പറഞ്ഞ് കുട്ടികളെ ശകാരിക്കരുത്. വാങ്ങിക്കൊടുക്കുന്നുവെന്ന പരിഗണനയാണു കുട്ടികളുടെ അനുഭൂതി. അവരുടെ താല്‍ പര്യം അതു മാത്രമാണു. കളിക്കോപ്പുകളാണു അവര്‍ ചോദിക്കുന്നതെന്ന്കിലും യഥാര്‍ത്ഥത്തില്‍ അവര്‍ ചോദിക്കുന്നത് മാതാപിതാക്കളുടെ സ്നേഹമാണു.

 

About Naseera Ummu Hadi

Check Also

ലോസ് ഏൻഞ്ചലസ്

ലോസ് ഏൻഞ്ചലസ് വീണ്ടുമൊരു ബസ്സ് യാത്ര…. സാൻഫ്രാൻസിസ്കോയിലെ ഹോട്ടലിൽനിന്നും അതിരാവിലെ ബ്രേക്ക്ഫാസ്റ്റ് തരപ്പെടുത്തി ഗ്രെ ഹൗണ്ട് ബസ് സ്റ്റേഷനിലേക്ക്…. അടുത്തതായി …

Leave a Reply

Your email address will not be published. Required fields are marked *