നഫീസതുൽ മിസ്രിയ്യ (റ )
മുസ്ലിം വനിതകൾക്കൊരു ആത്മീയ വഴികാട്ടി
മിസ്രിന്റെ ഭൂമിയില്‍ , നൈല്‍ നദിയുടെ മനോഹര തീരത്ത് അന്ത്യ വിശ്രമം കൊള്ളുന്ന ഒരു മഹത് വ്യക്തിത്വമുണ്ട് … ഇസ്ലാമിക ചരിത്രത്തിലെ ആത്മീയ വഴികളിൽ അത്ഭുത പ്രഭാവം തീർത്ത അസാമാന്യ വനിതയായിരുന്ന ഹസ്രത്ത് നഫീസതുൽ മിസ്രിയ്യ(റ) … ഒരു കാലത്ത് മുസ്ലിം കുടുംബങ്ങളിൽ വിശിഷ്യാ സ്ത്രീ ഹൃദയങ്ങളിൽ നിറഞ്ഞു നിന്നിരുന്നു നഫീസത്ത് മാലയിലെ ഈരടികള്‍… ഇന്നാ അധരങ്ങൾ അന്യം നിന്നു പോയോ എന്നു സംശയിക്കുന്നുണ്ടെങ്ങിലും, ഇസ്ലാമിക ചരിത്രത്താളുകളിൽ ഇടം പിടിച്ച ബീവിയുടെ സ്മരണകൾ ലോക മുസ്ലിം വനിതകള്‍ക്ക് അദൃശ്യമായ ആത്മബലം നൽകിക്കൊണ്ടിരിക്കുന്നുവെന്നുള്ളത് യാഥാര്‍ത്ഥ്യമാണ് …. നഫീസത്തുല്‍ മിസ്രിയ്യ (റ ) എന്ന മഹതിയുടെ ചരിത്രത്തിലൂടെ ഒന്നു കണ്ണോടിക്കാം …
ഹിജ്റ 145 ൽ മക്കയിൽ ആയിരുന്നു നഫീസത്ത് ബീവി(റ) യുടെ ജനനം . ഹസ്സൻ (റ)വിന്റെ പേരക്കുട്ടിയായ സയ്യിദ് ഹസ്സനുൽ അൻവർ(റ) ആണ് പിതാവ്. മുത്തു നബിക്ക് ജന്മം നല്കിയ ദേശമല്ലേ പരിശുദ്ധ മക്ക… അവിടെ ജനിക്കുകയും ജീവിതത്തിന്റെ ആദ്യ 4 ദശകങ്ങൾ മദീനയില്‍ രസൂലിന്റെ റവ്ളയുടെ ചാരെ ചിലവഴിക്കുകയും ചെയ്തു എന്നത് തന്നെ പ്രവാചകനുമായുള്ള മഹതിയുടെ ആത്മ ബന്ധത്തിനു മാറ്റു കൂട്ടുന്നു .പിതാവിന്റെ കൂടെ ഇടയ്ക്കിടെ റവ്ള സന്ദർശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാറുണ്ടായിരുന്നു ബീവി. മാത്രമല്ല ചെറുപ്പത്തിലേ തന്നെ മതവിജ്ഞാനം സ്വായത്തമാക്കി എന്നത് മഹതിയെ അക്കാലത്തെ മറ്റു സ്ത്രീകളിൽ നിന്നും വ്യത്യസ്തമാക്കി .
മഹതിയുടെ വിജ്ഞാന ദാഹം ആദ്യം തിരിച്ചറിഞ്ഞത് പിതാവ് ഹസ്സനുൽ അൻവർ (റ) ആണ്. അദ്ധേഹത്തിൽ നിന്നു തന്നെയാണ് കർമ്മശാസ്ത്രവും വിശ്വാസശാസ്ത്രവും ആധ്യാത്മികതയുമൊക്കെ ബീവി കരസ്ഥമാക്കിയത് .ഖുർആനും ഹദീസുമൊക്കെ ഹൃദ്യസ്തമാക്കിയ മഹതി അറിവന്വേഷനതിന്റെ അനന്തമായ ലോകമാണ് തുറന്ന് വെച്ചത് . പിതാവിന്റെ പിന്തുണയും മഹാന്മാരായ പണ്ഡിതന്മരുമായുള്ള ബന്ധവും ജ്ഞാന ശേഖരണത്തിന് മഹതിക്ക് സഹായകമായി എന്നു മാത്രമല്ല , നേടിയെടുത്ത വിജ്ഞാനം മറ്റു സ്ത്രീകൾക്ക് പകര്‍ന്നു കൊടുക്കാനും സാധിച്ചു .അതിലൂടെ പരിധിക്കുള്ളിൽ നിന്നു കൊണ്ടുള്ള സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനും ബീവിക്ക് കഴിഞ്ഞു. അറിവിന്റെ ലോകത്തിലേക്കുള്ള മഹതിയുടെ കഠിന പ്രയത്നം തന്നെയാണല്ലോ അവരെ ആത്മീയ ലോകത്തിന്റെ അമരത്തേക്കെത്തിച്ചത് .
ബീവിയുടെ ദാമ്പത്യജീവിതം പുതുതലമുറകള്‍ക്കും മാതൃകയക്കാവുന്ന സന്ദേശങ്ങളാണ് പകര്‍ന്നു നല്‍കുന്നത് .സൂഫിയും പണ്ഡിത കുടുംബാംഗവുമായ ഇസ്ഹാക്കുൽ മുഅതമിൻ (റ) ആയിരുന്നു മഹതിയുടെ ജീവിത പങ്കാളി .അല്ലാഹുവിനെ മാത്രം ഭയന്നു കൊണ്ടുള്ള അവരുടെ ദാമ്പത്യ ജീവിതം പരസ്പര ധാരണയുടെയും കുടുംബ ജീവിതത്തിന്റെയും മികച്ച മാതൃക രേഖകളാണ് .കലഹങ്ങള്‍ക്കോ സംശയങ്ങള്‍ക്കോ അവിടെ സ്ഥാനമുണ്ടായിരുന്നില്ല .ഭക്ഷണം കഴിക്കുന്നത് പോലും ഒരു പാത്രത്തില്‍ നിന്നു തന്നെ .വളരെ ലളിതമായ അവരുടെ ദാമ്പത്യജീവിതം എന്നും മാധുര്യം നിറഞ്ഞതായിരുന്നു .ഖാസിമും ഉമ്മുകുല്‍സുവുമാണ് ബീവി ജന്മം നല്കിയ പൊന്നോമനകൾ .
നാല്പത് വയസ്സിനു ശേഷമാണ് ഭർത്താവിനോടൊപ്പം മഹതി തന്റെ ജീവിതം മിസ്രിന്റെ മണ്ണിലേക്ക് പറിച്ചു നടുന്നത് . നഫീസത്ത് ബീവി (റ ) തങ്ങളുടെ നാട്ടിലേക്ക് വരുന്നുണ്ടെന്നറിഞ്ഞ ഈജിപ്ഷ്യന്‍ ജനത മഹതിക്ക് ഗംഭീരമായ സ്വീകരണമാണ് കാഴ്ച വെച്ചത് .അനാഥര്‍ക്കും അശരണർക്കും താങ്ങും തണലുമായി ആശ്വാസം പകര്‍ന്നു കൊണ്ട് മിസ്രിന്റെ ചരിത്രത്തിലും മഹനീയമായ സ്ഥാനം അലങ്കാരിക്കാന്‍ ബീവിക്ക് കഴിഞ്ഞു . ചികിത്സക്കും മറ്റുമായി ലോകത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവ൪ ബീവിയുടെ അടുത്തേക്ക് വന്നിരുന്നതായി ചരിത്രം പറയുന്നു .ഇമാം ഷാഫീഇ (റ ) യുമായി വളരെയടുത്ത ആത്മീയ ബന്ധമായിരുന്നു മഹതിക്ക് ഉണ്ടായിരുന്നത് . മിസ്രിൽ താമസിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഒരുപാട് അസുഖങ്ങൾ ബീവി മൂലം മാറിയിട്ടുണ്ട് .പലപ്പോഴും മഹതിയിൽ നിന്ന് അദ്ദേഹം ഹദീസും കരസ്ഥമാക്കിയിട്ടുണ്ട് .
ആരാധനാ മേഖലകളില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ ബീവിക്ക് കഴിഞ്ഞു . അറുപത് വയസ്സ് കഴിഞ്ഞതിനു ശേഷം വീടിനുള്ളിൽ തന്നെ സ്വയം ഒരു ഖബർ കുഴിക്കുകയും രാത്രിയിലെ ആരാധനയും നിസ്കാരവുമെല്ലാം അതിലേക് മാറ്റുകയും ചെയ്തു.പകല്‍ മുഴുവന്‍ നോമ്പും രാത്രി മുഴുവന്‍ ആരാധനയുമായിരുന്നു ബീവിയുടെ ശൈലി .ഹിജ്റ 208 ൽ തന്റെ 63 മത്തെ വയസ്സിൽ ശാരീരിക അവശതകൾ മൂലം മഹതി കിടപ്പിലായി .അപ്പോഴും തന്റെ പതിവ് ആരധനകൾക്കൊന്നും ഒരു വീഴ്ചയും വരുത്തിയിരുന്നില്ല .റജബിൽ തുടങ്ങിയ രോഗം റംസാൻ പകുതിയായിട്ടും മാറ്റമുണ്ടായില്ല.വൈദ്യന്മാർ നോമ്പ് മുറിക്കാൻ ശ്രമിച്ചെങ്കിലും ബീവിയുടെ ആത്മ വീര്യത്തിനു മുന്നിൽ പരാജയപ്പെടുകയായിരുന്നു. ആരാധനാ കര്‍മ്മങ്ങളിൽ അത്ര മാത്രം കണിശത പുലര്‍ത്തിയിരുന്ന ചുരുക്കം ചില വ്യക്തികളിലെ മഹിളാ സനിധ്യമാവാന്‍ ബീവിക്ക് സാധിച്ചുവെന്നത് ഈ സംഭവം സാക്ഷ്യപ്പെടുത്തുന്നുണ്ട് ..
പരിശുദ്ധ റംസാനിലെ അവസാനത്തെ വെള്ളിയാഴ്ച.. മിസ്രിനെ ശോകമൂകമാക്കി നഫീസത്ത് ബീവി(റ )ഈ ലോകത്തോട് വിട പറഞ്ഞു .. മഹതിയുടെ വിയോഗം ആ ദേശത്തിന്റെ നാഡീ ഞരമ്പുകളെപ്പോലും മരവിപ്പിച്ചു പോയി.. അവിടുത്തെ ഭ൱തിക ശരീരം മദീനയിൽ കൊണ്ടുപോയി മറവു ചെയ്യനാഗ്രഹിച്ച ഇസ്ഹാക്ക്(റ)വിനെ ഈജിപ്ത്കാര് അതനുവദിച്ചില്ല . ബീവിയെ ജീവനു തുല്യം സ്നേഹിച്ച അവ൪ ഈജിപ്ത്തിൽ തന്നെ മറവു ചെയ്യാന്‍ അപേക്ഷിക്കുകയായിരുന്നു .
ഒടുവിൽ ഇസ്ഹാഖ് (റ) വിനുണ്ടായ റസൂലിന്റെ സ്വപ്ന നിര്‍ദേശ പ്രകാരം മഹതിയെ സ്വയം നിർമിച്ച ഖബറിൽ തന്നെ മറവു ചെയ്തു … പ്രിയതമയുടെ വിയോഗം ഉള്ളിലൊതുക്കി നിറഞ്ഞ കണ്ണുകളുമായി ഇസ്ഹാക് (റ)വും മക്കളും മദീനയിലേക്ക് മടങ്ങി .. .
******* ****** ******
ബീവിയുടെ ഓർമ്മകൾ നിറഞ്ഞ ഓളങ്ങളുമായി നൈൽ നദി ഇന്നും ഒഴുകിക്കൊണ്ടിരിക്കുന്നു..
അവിടുത്തെ ചരിത്രകാവ്യങ്ങൾ ഒരു കാലഘട്ടത്തിന്റെ സ്മരണകളിലേക്ക് നമ്മെ നയിക്കുന്നു ..
ഇസ്ലാം സ്രീകള്‍ക്ക് സ്ഥാനം കല്‍പ്പിക്കുന്നില്ല എന്ന അബദ്ധ ധാരണയെ പൊളിച്ചെഴുതാൻ ബീവിയെപ്പോലുള്ള ആദ്യാത്മിക ലോകം കീഴടക്കിയ മഹതികളുടെ ചരിത്രം നമ്മളെ പഠിപ്പിക്കുന്നുണ്ട് …
മിസ്രിലെ കാറ്റിനും കടലിനും അവിടത്തെ മണ്തരികള്ക്ക് പോലും ഇനിയും ഒരുപാട് പറയാനുണ്ടാകും ബീവിയുടെ ചരിത്ര കഥകള്‍ ….
ബിൻസിയ അഫ്സൽ.