മനുഷ്യന്റെ സ്വഭാവ ഗുണങ്ങളില്‍ ഏറ്റം ശേഷ്ടമാണ് വിനയം. അത് പ്രവാചകന്മാരുടെ സ്വഭാവ ഗുണങ്ങളില്‍ വളരെ പ്രകടമായി കാണപ്പെട്ടതാണ്. വിശുദ്ധ ഖുര്‍-ആനിലൂടെ അല്ലാഹു പറയുന്നത് കാണാം “കാരുണ്യവാനായ അല്ലാഹുവിന്റെ അടിമകള്‍ ഭൂമിയിലൂടെ അച്ചടക്കത്തോടെ നടക്കുന്നവരാണ്”. സത്യവിശ്വാസികളുടെ ഒരു പ്രധാന ഗുണമായി അല്ലാഹു എടുത്ത് പറഞ്ഞത് വിനയത്തിന്റെ കൂടപ്പിറപ്പുകളായ ഒതുക്കം എന്നതിനെയാണ്. സത്യവിശ്വാസി ബഹളമുണ്ടാക്കുന്നവനല്ല, കയര്‍ത്തു സംസാരിക്കേണ്ടവനല്ല, ചെറിയവരോടും വലിയവരോടും ഒരുപോലെ വിനയം കാണിക്കേണ്ടവനാണ്. അടുക്കളയിലും അങ്ങാടിയിലും വിനയത്തോടെ പെരുമാറാന്‍ കഴിയുംബൊഴാണ് സത്യവിശ്വാസം സംബൂര്‍ണ്ണമാവുന്നത്.
വിനയം പലരൂപങ്ങളിലാണ് പ്രകടിപ്പിക്കേണ്ടത്. ഒരു സഹോദരി ആദ്യമായി വിനയാന്വിതയാവേണ്ടത് അല്ലാഹുവിന്റെ മുന്നിലാണ്. തഖ്-വയോടെ ജീവിക്കുകയെന്നതാണ് അല്ലാഹുവിനോട് കാണിക്കേണ്ട വിനയം. അല്ലാഹു നിഷ്കര്‍ഷിച്ച കാര്യങ്ങളില്‍ മന:പൂര്‍വ്വം വീഴ്ചവരുത്തുന്നത്, അല്ലാഹു അരുതെന്ന് പറഞ്ഞ കാര്യങ്ങള്‍ സങ്കോചമില്ലാതെ ചെയ്യുന്നത് അല്ലാഹുവിനോടുള്ള ധിക്കാരമാകും. അവിടെ അല്ലാഹുവിനോടുള്ള വിനയം നഷ്ടപ്പെടുകയാണ്. രണ്ടാമത് സഹോദരി അല്ലാഹുവിന്റെ റസൂലിനോട് വിനയാന്വിതയാവണം. നബി(സ)യെ പൂര്‍ണ്ണമായും അനുധാവനം ചെയ്യുകയെന്നതാണ് അവിടത്തോടുള്ള സംബൂര്‍ണ്ണ വിനയമെന്നത്. തിരുനബി(സ)യുടെ ചര്യയെ ജീവിതചര്യയാക്കാനുള്ള ത്വര എപ്പോഴുമുണ്ടാവണം. പ്രവാചകരെ ജീവിതത്തില്‍ അടയാളപ്പെടുത്തുന്നതോടൊപ്പം അവിടത്തോടുള്ള സ്വലാത്തിലും അവിടത്തെ വിളിച്ച് സലാം പറയുംബൊഴും വിനയാന്വിതയാവണമെന്ന് അല്ലാഹു തന്നെ കല്പിച്ചിട്ടുണ്ട്. “പ്രവാചകരെ വിളിക്കുന്നത് നിങ്ങള്‍ പരസ്പരം വിളിക്കുന്നത് പോലെയാക്കരുത്” എന്ന ഖുര്‍-ആനിന്റെ കല്പന ലോകാവസാനം വരെയുള്ള വിശ്വാസികളോടാണ്. നബി(സ)യെ അഭിസംബോധന ചെയ്യുംബോള്‍ വിനയത്തോടെയാവണമെന്നതാണ് ഈ ആയത് പറഞ്ഞു തരുന്നത്. “അസ്സലാമു അലൈക് അയ്യുഹന്നബിയ്യു…”എന്ന് ദിവസവും നിസ്കാരത്തില്‍ നിര്‍ബന്ധമായി നബിയെ വിളിക്കുന്ന വിശ്വാസി ഒരിക്കലും അവിടുത്തെ പേരു വിളിച്ചോ അല്ലാതെയോ ധിക്കാരം പ്രവര്‍ത്തിക്കരുത്. മുത്ത് നബി(സ)യുടെ മുന്നില്‍ ശബ്ധമുയര്‍ത്തി സംസാരിക്കരുതെന്ന ഖുര്‍-ആനിന്റെ മറ്റൊരുത്ബോധനവും നമുക്ക് കാണാന്‍ കഴിയും.
അല്ലാഹുവും റസൂലും കഴിഞ്ഞാല്‍ സഹോദരി വിനയാന്വിതയാവേണ്ടത് മാതാപിതാക്കളോടാണ്. എത്ര കൈപ്പേറിയാലും മാതാപിതാക്കളോട് ഛെ എന്നൊരു വാക്ക് ഉരുവിട്ട് പോകരുതെന്ന് വിശുദ്ധ മതം നമ്മെ നിഷ്കര്‍ഷിച്ചിട്ടുണ്ട്. പ്രായമേറിയ മാതാപിതാക്കളോ അവരില്‍ ഒരാളെങ്കിലുമോ കൂടെയുണ്ടായാല്‍ അവരോട് വളരെ സൌമ്യമായും വിനയത്തിലും മാത്രമേ ഇടപഴകാവൂ എന്ന ഖുര്‍-ആനിന്റെ ആജ്ഞ ചിന്തവ്യമാണ്. അവരോട് ഒരിക്കല്‍ പോലും മുഖം കറുപ്പിക്കരുത്. “മാതാവിന്റെ കാലടിയിലാണ് സ്വര്‍ഗ്ഗം” എന്ന നബി വചനം കേവലം ആലങ്കാരികമല്ല. മാതാവിന്റെ മുന്നില്‍ സംബൂര്‍ണ്ണ വിനയം നടപ്പിലായെങ്കില്‍ മാത്രമേ സ്വര്‍ഗ്ഗത്തിലേക്കുള്ള പ്രവേശനം സാധ്യമാകൂ എന്നൊരത്ഥം കൂടി ആ വചനത്തിലുണ്ട്. ഭര്‍ത്താവിനോടുള്ള വിനയം ഏറെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും പല സഹോദരിമാരുടെയും പരാചയം ഭര്‍ത്താക്കന്മാരോടുള്ള സമീപനത്തിലാണെന്ന് കാണാം. “ഭര്‍ത്താവിന്റെ സംബൂര്‍ണ്ണ ത്ര്പ്തിയോടെ ഒരു സ്ത്രീ മരണപ്പെട്ടാല്‍ അവള്‍ സ്വര്‍ഗ്ഗത്തിലാണ്” എന്ന നബി വചനം വളരെ അര്‍ത്ഥവത്താണ്. ഒപ്പം, മക്കളെ നല്ലരീതിയില്‍ വളര്‍ത്താനും അവര്‍ക്ക് വിനയം പഠിപ്പിക്കാനും സഹോദരിമാര്‍ക്ക് കഴിയണം. കൂട്ടുകുടുംബത്തിലും അയല്പക്കത്തും നാട്ടിലും ജോലിയിടങ്ങളിലും ആശുപത്രികളിലും യാത്രകളിലും ഇടത്താവളങ്ങളിലും തുടങ്ങി ജീവിതത്തിലെ ഓരോ മേഘലകളിലും ഇടപെടുന്നവരോട് വിനയം കാണിക്കാന്‍ കഴിയുകയെന്നത് വിശിഷ്ടമാണ്. നിറയെ പഴവര്‍ഗ്ഗങ്ങളുള്ള മാവിന്റെ ശിഖിരങ്ങള്‍ വിനയത്തോടെ താഴ്ന്നു നില്‍ക്കുന്നത് പോലെ അറിവും അനുഭവും ഏറെയുള്ളവര്‍ എപ്പോഴും വിനയാന്വിതരായിരിക്കും. അതെ, ജീവിതത്തില്‍ വിജയിച്ചുവെന്ന് സ്വയം ബോധ്യപ്പെടണമെങ്കില്‍, സഹോദരി വിനയാന്വിതയാവണം.