പ്രകീ‍ര്‍ത്തനമയമാണ് ലോകം

പ്രവാചകപ്രകീര്‍ത്തനങ്ങളില്‍ പ്രകാശപൂരിതമാണ് ലോകം. ഹബീബിന്റെ പിറന്നാള്‍ വിശ്വാസികള്‍ക്ക് സന്തോഷപ്പെരുന്നാളാണ്. എങ്ങിനെ സന്തോഷിക്കാതിരിക്കാന്‍ കഴിയും? “അല്ലാഹുവിന്റെ ഫള്-ല്‍ കൊണ്ടും റഹ്മത് കൊണ്ടും നിങ്ങള്‍ സന്തോഷിക്കുക” എന്നത് ഖുര്‍-ആനിന്റെ ഉത്ബോധനമല്ലെ. അല്ലാഹു ഇറക്കിയ ഏറ്റവും വലിയ റഹ്മത് മുത്ത്നബിയാണെന്നതില്‍ ആര്‍ക്കാണ് സംശയം! ആ റഹ്മതിന്റെ വരവില്‍ സന്തോഷിക്കാത്തവന്‍ ഖുര്‍-ആനിനു പുറം തിരിഞ്ഞവനാണ്.

മദീനയിലെ രാജകുമാരന്റെ പ്രകീര്‍ത്തനങ്ങളാണെവിടെയും. ലോകത്തിന്റെ എല്ലാ അറ്റങ്ങളും മൌലിദിന്റെ ഈരടികളില്‍ കൂടിച്ചേര്‍ന്നിരിക്കുന്നു. ലക്ഷക്കണക്കിന് വിശ്വാസികള്‍ ഒരുമിച്ചുകൂടിയാണ് ആഫ്രിക്കയില്‍ മൌലിദ് സദസ്സ് നടത്തിയത്. ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യ അടക്കമുള്ള സൌത്ത് ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലുമടക്കം ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും പ്രവാചക പ്രകീര്‍ത്തനങ്ങളുടെ ഇശലുകള്‍ അലയടിക്കുകയാണ്. മൌലിദ് സദസ്സുകള്‍, ബുര്‍ദ്ദാലാപന വേദികള്‍, ഹുബ്ബുറസൂല്‍ പ്രഭാഷണങ്ങള്‍, നബിദിന റാലികള്‍, അന്നദാനങ്ങള്‍ – പ്രവചകസ്നേഹ പ്രകടനത്തിന് ഒരൊറ്റ രീതിയോ സ്വഭാവമോ അല്ല. ഹബീബിന്റെ റൌളക്ക് മുന്നില്‍ അനുഭവപ്പെടുന്ന അഭൂതപൂര്‍വ്വമായ തെരക്ക് ഇശ്ഖിന്റെ ആവേശത്തിരയില്‍ നിന്നുത്ഭവിക്കുന്നതാണ്.

എത്ര വ്യക്തമായാലും മൌലിദും നബികീര്‍ത്തനങ്ങളുമൊക്കെ ശിര്‍ക്കും ഖുറാഫതുമാണ് ചിലര്‍ക്ക്. നബിയും സ്വഹാബതും ഉത്തമ നൂറ്റാണ്ടിലുള്ളവരും നബിദിനമാഘോഷിച്ചിട്ടില്ലത്രെ. നബി(സ) ജനിച്ചതും വഫാത്തായതും ഒരൊറ്റ ദിവസമായതിനാല്‍ വഫാത്തിന്റെ ദിവസത്തില്‍ സന്തോഷിക്കരുതെന്നും അവര്‍ പറയുന്നു. നബി(സ) കാണിച്ചു തരാത്ത ഈ കര്‍മ്മങ്ങള്‍ പുത്തന്‍ വാദങ്ങളാണെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. പക്ഷെ, കാലം പഴകും തോറും അവരുടെ വാദങ്ങള്‍ക്ക് ശക്തി കുറയുകയാണ്. നിസ്കാരം, നോംബ് പോലെ രീതി നിശ്ചയിക്കപ്പെട്ട ആരാധനയല്ല പ്രവാചക സ്നേഹം. അത് മുത്വ-ലഖായ ഒരു ആരാധനയാണ്. അനുവദിക്കപ്പെട്ട ഏത് രീതിയിലും നബിസ്നേഹം പ്രകടിപ്പിക്കാം. ഇല്‍മ്- പഠിക്കലും പഠിപ്പിക്കലും ആരാധനകളാണ്. പക്ഷെ, ഇന്നത്തെ പോലുള്ള മദ്രസാ സംവിധാനങ്ങള്‍ സ്വഹാബത്തിന്റെ കാലത്തോ ഉത്തമനൂറ്റാണ്ടിലോ ഉണ്ടായിരുന്നില്ലല്ലൊ. അതിന് പ്രായോഗികമായ രൂപങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് നബിസ്നേഹം പ്രകടിപ്പിക്കുന്നതിന്റെ രീതിയെ എങ്ങിനെ ചോദ്യം ചെയ്യാന്‍ കഴിയും? നബി(സ)തങ്ങളുടെ വഫാത്ത് ദിവസം സന്തോഷിക്കാമോ എന്ന ചോദ്യവും അപ്രസക്തമാണ്. ഇസ്ലാമില്‍ ദുഖാചരണം അനുവദനീയമല്ല. അതേ സമയം സന്തോഷപ്രകടനം പ്രോത്സാഹിപ്പിക്കപ്പെട്ടതുമാണ്. അല്ലാഹുവിന്റെ റഹ്മത് കൊണ്ട് നിങ്ങള്‍ സന്തോഷം പ്രകടിപ്പിക്കണമെന്ന് ഖുര്‍-ആന്‍ തന്നെയല്ലെ പറഞ്ഞത്. ദുഖവും സന്തോഷവും ഒരു ദിവസം വന്നാല്‍, ദുഖം പ്രകടിപ്പിക്കാതെ സന്തോഷം പ്രകടിപ്പിക്കുക തന്നെയാണ് വേണ്ടതെന്ന് ആര്‍ക്കും മനസ്സിലാക്കാം. നബിദിനവിരോധികള്‍ക്ക് ഇത്തരം ബാലിശമായ വാദങ്ങളല്ലാതെ ഒരു പമാണത്തിന്റെയും പിന്‍ബലമില്ല. കേരളത്തില്‍ മൌലിദാഘോഷത്തെ തള്ളിപ്പറയുന്ന മുജാഹിദുകളെ പറ്റി പറയുകയാണെങ്കില്‍, മുജാഹിദ് പ്രസ്ഥാനം സ്ഥാപിച്ച ആദ്യ കാലങ്ങളില്‍ നബിദ്നാഘോഷം അവര്‍ക്ക് പുണ്യമായിരുന്നു. കെ.എം.മൌലവിയെ പോലുള്ള മുജാഹിദ് നേതാക്കള്‍ അതാഘോഷിക്കുകയും മൌലിദ് പാരായണം ചെയ്യുകയും ചെയ്തിട്ടുണ്ടായിരുന്നു. പിന്നെയെപ്പഴാണ് പുണ്യം ശിര്‍ക്കിലേക്ക് വഴിമാറിയതെന്നും എവിടെയാണ് അ വഹ്-യിറങ്ങിയതെന്നും അവര്‍ തന്നെയാണ് വിശദീകരിക്കേണ്ടത്.

മുന്‍-കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജമാ‍ാത് ഇസ്ലാമിയെ പോലുള്ള അവാന്തരവിഭാഗങ്ങളും ഇപ്പോള്‍ നബിസ്നേഹ പ്രഭാഷണങ്ങളും സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. റബിഉല്‍ അവ്വല്‍ മാസം തന്നെ അവര്‍ തെരഞ്ഞെടുക്കുന്നത് മൌലിദാഘോഷത്തിലേക്കുള്ള ദൂരം അവര്‍ കുറക്കുന്നതിന്റെ സൂചനയാണ്. എന്തായിരുന്നാലും സത്യവിശ്വാസിക്ക് നബിദിനാഘോഷത്തില്‍ രണ്ടുവട്ടം ആലോചിക്കേണ്ടതില്ല. അവന്റെ എല്ലാമെല്ലാമാണ് മുത്ത് നബി. അവിടത്ത് മദ്-ഹ് പറയലും പാടലും ജീവിത ചര്യയാക്കിയവര്‍ മുത്ത്നബി ജനിച്ച മാസത്തില്‍ അത് കൂടുതല്‍ ആവേശത്തോടെ ചെയ്യും. എല്ലാ തിങ്കളാഴ്ചയും നോംബെടുക്കല്‍ സുന്നതാണെന്നും കാരണം അന്ന് ഞാന്‍ ജനിച്ച ദിവസമാണെന്നുമുള്ള നബിവചത്തിനപ്പുറം നബിദിനത്തിന്റെ ശ്രേഷ്ടത അളക്കാന്‍ മറ്റൊരു തെളിവ് അവര്‍ക്കാവശ്യമില്ല. അതുകൊണ്ട് തന്നെയാണ് ലോകം മുഴുവന്‍ ഈ നാളുകളില്‍ പ്രവാചകപ്രകീത്തനമയമാകുന്നത്.

“യാ നബീ സലാം അലൈകും
യാ റസൂല്‍ സലാം അലൈകും
യാ ഹബീബ് സലാം അലൈകും
സ്വലവാതുല്ലാ അലൈകും”

എല്ലാവര്‍ക്കും സ്വാലിഹാത് ടീമിന്റെ നബിദിനാശംസകള്‍!

About Naseera Ummu Hadi

Check Also

സഹോദരി വിനയാന്വിതയാവണം

മനുഷ്യന്റെ സ്വഭാവ ഗുണങ്ങളില്‍ ഏറ്റം ശേഷ്ടമാണ് വിനയം. അത് പ്രവാചകന്മാരുടെ സ്വഭാവ ഗുണങ്ങളില്‍ വളരെ പ്രകടമായി കാണപ്പെട്ടതാണ്. വിശുദ്ധ ഖുര്‍-ആനിലൂടെ ...

Leave a Reply

Your email address will not be published. Required fields are marked *